Skip to main content

പട്ടയമേള ഫെബ്രു 22 ന് ' പുതുതായി  1144 പട്ടയങ്ങള്‍ വിതരണം ചെയ്യും ; ജില്ലാ കളക്ടര്‍

ഫെബ്രുവരി 22ന് കാസര്‍കോട് മുന്‍സിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന പട്ടയമേള 2024ല്‍ പുതുതായി  1144 പട്ടയങ്ങള്‍ വിതരണം ചെയ്യുമെന്ന് ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖര്‍ പറഞ്ഞു. കളക്ടറുടെ ചേമ്പറില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 868 ലാന്‍ഡ് ട്രിബ്യൂണല്‍ പട്ടയങ്ങള്‍, 66 ലാന്‍ഡ് ട്രിബ്യൂണല്‍ ദേവസ്വം പട്ടയങ്ങള്‍, 1964 റൂള്‍ പ്രകാരം 148 എല്‍.എ പട്ടയങ്ങള്‍, 1995 റൂള്‍ പ്രകാരം ഒന്‍പത് പട്ടയങ്ങള്‍, 31 വനഭൂമി പട്ടയങ്ങള്‍, മൂന്ന് ലാന്‍ഡ് ബാങ്ക് പട്ടയങ്ങള്‍, 19 മിച്ചഭൂമി പട്ടയങ്ങള്‍ എന്നിങ്ങനെ 1144 പട്ടയങ്ങളാണ് വിതരണം ചെയ്യുന്നത്.

2022 ഫെബ്രുവരി രണ്ടിന് നടന്ന പട്ടയമേളയില്‍ 1052 പട്ടയങ്ങളും 2023 ജൂണ്‍ 30ന് നടന്ന പട്ടയ മേളയില്‍ 1619 പട്ടയങ്ങളും വിതരണം ചെയ്തിരുന്നു. 1144 പട്ടയങ്ങള്‍ കൂടി വിതരണം ചെയ്യുന്നതോടെ  3815 പട്ടയങ്ങളുടെ വിതരണം പൂര്‍ത്തിയാകും.

43 അതിദരിദ്രര്‍ക്ക് പട്ടയം ലഭിക്കും

ജില്ലയില്‍ ആകെ അതിദരിദ്രരുടെ ലിസ്റ്റില്‍ പട്ടയം ലഭിക്കാത്ത 252 പേരാണ് ഉള്‍പ്പെട്ടിട്ടുള്ളതെന്നും അതില്‍ 117 പേര്‍ ഭൂരഹിതരാണെന്നും അവരില്‍ 77 പേര്‍ക്ക് ഭൂമി കണ്ടെത്തിയിട്ടുണ്ട്. ഇത്തരത്തിലുള്ള 43 പട്ടയങ്ങള്‍ അനുവദിക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയായി.

ജില്ലയിലെ നാല് താലൂക്കുകളിലായി 11,953 ഭൂമി പതിവിനുള്ള അപേക്ഷകള്‍ ലഭിച്ചിട്ടുണ്ടെന്നും അതില്‍ 6018 അപേക്ഷകള്‍ തീര്‍പ്പാക്കിയിട്ടുണ്ടെന്നും കളക്ടര്‍ പറഞ്ഞു. 5935 അപേക്ഷകളില്‍ നടപടികള്‍ പുരോഗമിക്കുകയാണ്. എല്ലാ മാസവും വില്ലേജ് ഓഫീസര്‍മാരുടേയും താഹ്‌സില്‍ദാര്‍മാരുടേയും യോഗം വിളിച്ച് നടപടി പുരോഗതികള്‍ വിലയിരുത്തി വരികയാണെന്നും കളക്ടര്‍ പറഞ്ഞു. ഹോസ്ദുര്‍ഗ്ഗ് താലൂക്കിലെ പുല്ലൂര്‍, മടിക്കൈ, ബാര, പനയാല്‍, പെരിയ, പേരോല്‍ തുടങ്ങിയ വില്ലേജുകളിലായി 2164 അപേക്ഷകളും കാസര്‍കോട് താലൂക്കിലെ ബദിയടുക്ക,ബേള,അഡൂര്‍,മുളിയാര്‍, ചെങ്കള, തെക്കില്‍, ബേഡഡുക്ക, പാടി വില്ലേജുകളിലായി 1889 അപേക്ഷകളുമായി ആകെ 4053 അപേക്ഷകള്‍ റീസര്‍വ്വേ നടപടികള്‍ പൂര്‍ത്തിയാകാത്തതിനാല്‍ ബാക്കിയാണ്. ഈ വില്ലേജുകളില്‍ ഡിജിറ്റല്‍ റീസര്‍വ്വേയില്‍ ഉള്‍പ്പെടുത്താനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്.

പട്ടിക വര്‍ഗ്ഗത്തില്‍പ്പെട്ട 206 ഭൂരഹിതരെ കണ്ടെത്തിയിട്ടുള്ളതും അതില്‍ 67 പേര്‍ക്ക് പുനരധിവാസ പദ്ധതി പ്രകാരം പട്ടയം നല്‍കിയിട്ടുണ്ടെന്നും ശേഷിക്കുന്നവര്‍ക്ക് പട്ടയം നല്‍കുന്നതിനായി ലാന്‍ഡ് ബാങ്ക് പദ്ധതി പ്രകാരം 21 ഏക്കര്‍ സ്ഥലം വിലക്ക് വാങ്ങിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു വരികയാണെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.

 

date