കൊതുക് ഉറവിട നിർമ്മാർജന യജ്ഞം:അവധിദിന പ്രവർത്തനങ്ങളിൽ പ്രചോദനമേകാൻ കളക്ടർ എത്തി
കൊച്ചി: പ്രളയാനന്തരം പകർച്ചവ്യാധികളെ പ്രതിരോധിക്കുവാൻ ആരോഗ്യ വകുപ്പ് നടത്തുന്ന പ്രവർത്തനങ്ങൾക്ക് പ്രചോദനമേകാൻ അവധി ദിനത്തിൽ ജില്ലാ കലക്ടർ എത്തി. പ്രളയത്തിന് ശേഷം ഡെങ്കിപ്പനി പോലുള്ള കൊതുക് ജന്യ രോഗങ്ങളുടെ നിയന്ത്രണത്തിനായി നടപ്പിലാക്കുന്ന ത്രിദിന ഊർജിത ഉറവിട നിർമാർജന പരിപാടിയുടെ ഭാഗമായി ജില്ലയിൽ വീടുകളും പൊതുസ്ഥലങ്ങളും കേന്ദ്രീകരിച്ചുള്ള ഉറവിട നിർമാർജന പ്രവർത്തങ്ങളാണ് നടന്നത് . വരാപ്പുഴ ബ്ലോക്ക് ആരോഗ്യകേന്ദ്രത്തിന്റെ പരിധിയിൽ നടന്ന ഉറവിട നിർമാർജന പ്രവർത്തനങ്ങളിൽ പങ്കെടുത്ത ആരോഗ്യ പ്രവർത്തകർക്കും സന്നദ്ധ പ്രവർത്തകർക്കും പ്രചോദനമേകാനാണ് കളക്ടർ സ്ഥലം സന്ദർശിച്ചത്. പ്രളയാനന്തരം പകർച്ചവ്യാധികൾ നിയന്ത്രിക്കുന്നതിൽ ആരോഗ്യ പ്രവർത്തകർ നടത്തിയ പ്രവർത്തനങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. പകർച്ചവ്യാധികൾ ആരംഭത്തിലെ കണ്ടെത്തി പ്രതിരോധ നടപടികൾ സ്വീകരിക്കാനായി അതാത് പ്രദേശത്തെ സന്നദ്ധപ്രവർത്തകരെ ഉൾപ്പെടുത്തി ആരോഗ്യവകുപ്പ് തയ്യാറാക്കിയ ഭവന സന്ദർശന പരിപാടിയായ ശ്രദ്ധയുടെ പ്രവർത്തനങ്ങൾ ജില്ലയിൽ തുടരുകയാണ്. കൂടാതെ ഹയർ സെക്കന്ററി നാഷണൽ സർവീസ് സ്കീമിന്റെ സഹകരണത്തോടെ ജില്ലയിലെ പ്രധാന ബസ് സ്റ്റാൻറ്റുകളും ബോട്ട് ജെട്ടികളും കേന്ദ്രീകരിച്ച് 'പനിക്കെതിരെ പടവാളുമായി ' എന്ന ബോധവൽക്കരണ ക്യാമ്പയിനും ജില്ലയിൽ ആരംഭിച്ചിട്ടുണ്ട്. ഈ പരിപാടിയുടെ ജില്ലാതല ഉദ്‌ഘാടനം ഇന്നലെ എറണാകുളം കെ. എസ്.ആർ. ടി. സി സ്റ്റാൻഡിൽ കൊച്ചി കോർപ്പറേഷൻ ടാക്സ് അപ്പീൽ കാര്യ സ്ഥിരം സമിതി അധ്യക്ഷൻ കെ.വി.പി കൃഷ്ണകുമാർ നിർവഹിച്ചു
- Log in to post comments