Skip to main content

ജില്ലയിൽ ചൂട് കൂടുന്നു: നിർദേശങ്ങളുമായി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി

എറണാകുളം ജില്ലയിൽ ചൂട് കൂടി വരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്ക് നിർദേശങ്ങളുമായി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി.

ഫെബ്രുവരി ആദ്യ വാരത്തിൽ ജില്ലയിലെ വിവിധ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങളിൽ രേഖപ്പെടുത്തിയിട്ടുള്ള ശരാശരി ഉയർന്ന താപനില 37° C ക്ക് അടുത്താണ്. ചില ദിവസങ്ങളിൽ ചില സ്റ്റേഷനുകളിൽ ഇതിലധികവും ചൂട് രേഖപ്പെടുത്തിയിട്ടുണ്ട്. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഔദ്യോഗിക രേഖ പ്രകാരം നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ 36.1°C ചൂട് രേഖപ്പെടുത്തി. കാലാവസ്ഥ വകുപ്പിന്റെ തന്നെ ജില്ലയിലെ വിവിധ ഓട്ടോമാറ്റിക് വെതർ സ്റ്റേഷനുകളിൽ 37°C - 40°C ന് ഇടയിൽ കഴിഞ്ഞ ദിവസങ്ങളിൽ രേഖപെടുത്തി. ഇനി വരുന്ന ദിവസങ്ങളിലും ചൂട് കൂടാൻ തന്നെയാണ് സാധ്യത. 

ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യതാപം, നിർജ്ജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കും. ഉയർന്ന ഊഷ്മാവുള്ള വരണ്ട അന്തരീക്ഷാവസ്ഥയിൽ കാട് പിടിച്ചുകിടക്കുന്ന സ്ഥലങ്ങൾ, മാലിന്യ കൂമ്പാരങ്ങൾ എന്നിവയ്ക്ക് തീപിടിച്ചുണ്ടാകുന്ന പ്രാദേശികമായ അഗ്നിബാധകൾക്ക് സാധ്യത കൂടുതലാണ്. സംസ്ഥാനത്ത് കാട്ടുതീ സാധ്യത കൂടുതലുള്ളതും ജനുവരി അവസാനം മുതൽ മെയ് ആദ്യം വരെയുള്ള കാലയളവിലാണ്. അതോടൊപ്പം, വരുന്ന വേനൽക്കാലത്ത് ജലദൗർലഭ്യം മൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകൾ ലഘൂകരിക്കുന്നതിന് ഗാർഹികവും വൈയക്തികവുമായ ജലവിനിയോഗത്തിൽ നിയന്ത്രണം ഏർപ്പെടുത്തേണ്ടതും അത്യാവശ്യമാണ്. ഇവ രണ്ടും സംബന്ധിച്ച് പൊതുജനങ്ങൾക്കായുള്ള നിർദേശങ്ങളാണ് ദുരന്ത നിവാരണ അതോറിറ്റി പങ്കുവെക്കുന്നത്.

പൊതുജനങ്ങൾക്കുള്ള നിർദേശങ്ങൾ

പകൽ 11 മുതൽ ഉച്ചയ്ക്ക് 3 വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക.

പരമാവധി ശുദ്ധജലം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക.

നിർജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി ചായ, കാർബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകൾ തുടങ്ങിയ പാനീയങ്ങൾ പകൽ സമയത്ത് ഒഴിവാക്കുക.

അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക.

പുറത്തിറങ്ങുമ്പോൾ പാദരക്ഷകൾ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് നല്ലതായിരിക്കും.

പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക. ഒ.ആർ.എസ് ലായനി, സംഭാരം തുടങ്ങിയവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക

കിടപ്പ് രോഗികൾ, പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ, ഭിന്നശേഷിക്കാർ, മറ്റ് രോഗങ്ങൾ മൂലം അവശത അനുഭവിക്കുന്നവർ തുടങ്ങിയ വിഭാഗങ്ങൾ പകൽ 11 മുതൽ 3 വരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കാതെയിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇത്തരം വിഭാഗങ്ങൾക്ക് എളുപ്പത്തിൽ സൂര്യാഘാതം ഏൽക്കാനുള്ള സാധ്യതയുള്ളതിനാൽ ഇവരുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ പുലർത്തേണ്ടതാണ്.

ഇരുചക്ര വാഹനങ്ങളിൽ ഓൺലൈൻ ഭക്ഷണ വിതരണം നടത്തുന്നവർ ഉച്ച സമയത്തു (11 മുതൽ 3 വരെ ) സുരക്ഷിതരാണെന്ന് അതാത് സ്ഥാപനങ്ങൾ ഉറപ്പുവരുത്തേണ്ടതാണ്. അവർക്കു ചൂട് ഏൽക്കാതിരിക്കാൻ ഉതകുന്ന രീതിയിലുള്ള വസ്ത്രധാരണം നടത്താൻ നിർദേശം നൽകുകയും, അതുപോലെ, ആവശ്യമെങ്കിൽ യാത്രക്കിടയിൽ അല്പസമയം വിശ്രമിക്കാനുള്ള അനുവാദം നൽകുകയും ചെയ്യേണ്ടതാണ്.

മാധ്യമപ്രവർത്തകരും, പോലീസ് ഉദ്യോഗസ്ഥരും ഈ സമയത്തു കുടകൾ ഉപയോഗിക്കുകയും നേരിട്ട് വെയിൽ ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കുകയും ചെയ്യുക. ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥർക്കു കുടിവെള്ളം നൽകി നിർജലീകരണം തടയുവാൻ സഹായിക്കുക.

യാത്രയിലേർപ്പെടുന്നവർ ആവശ്യമായ വിശ്രമത്തോടെ യാത്ര തുടരുന്നതാകും നല്ലത്. വെള്ളം കയ്യിൽ കരുതുക.

ഉച്ചവെയിലിൽ കന്നുകാലികളെ മേയാൻ വിടുന്നതും മറ്റു വളർത്തുമൃഗങ്ങളെ വെയിലത്ത് കെട്ടിയിടുന്നതും ഒഴിവാക്കണം. മൃഗങ്ങൾക്കും പക്ഷികൾക്കും ജല ലഭ്യത ഉറപ്പാക്കുക.

കുട്ടികളെയോ വളർത്തുമൃഗങ്ങളെയോ പാർക്ക് ചെയ്ത വാഹനങ്ങളിൽ ഇരുത്തി പോകാൻ പാടില്ല.

ജലം പാഴാക്കാതെ ഉപയോഗിക്കാനും മഴ ലഭിക്കുമ്പോൾ പരമാവധി ജലം സംഭരിക്കാനുമുള്ള നടപടികൾ സ്വീകരിക്കണം. നിർജലീകരണം തടയാൻ കുടിവെള്ളം എപ്പോഴും ഒരു കുപ്പിയിൽ കയ്യിൽ കരുതുക.

അസ്വസ്ഥതകൾ അനുഭവപ്പെട്ടാൽ ഉടനെ വിശ്രമിക്കുകയും വൈദ്യസഹായം തേടുകയും ചെയ്യുക.

കാലാവസ്ഥ വകുപ്പിൻ്റെയും ദുരന്ത നിവാരണ അതോറിറ്റിയുടെയും ഔദ്യോഗിക മുന്നറിയിപ്പുകൾ ശ്രദ്ധിക്കുകയും അനുസരിക്കുകയും ചെയ്യുക.

അഗ്നിബാധ തടയുന്നതിനുള്ള നിർദ്ദേശങ്ങൾ

വീടുകളിൽ ചപ്പുചവറുകൾ കൂട്ടിയിട്ട് കത്തിക്കുമ്പോൾ പ്രത്യേക ശ്രദ്ധ പുലർത്തുക.

ശക്തമായ കാറ്റുള്ള സമയത്ത് തീ ഇടുവാൻ പാടില്ല.

തീ പൂർണമായും അണഞ്ഞു എന്നുറപ്പുവരുത്തിയതിനുശേഷം മാത്രമേ സ്ഥലത്തുനിന്നും മാറാൻ പാടുള്ളൂ. ആവശ്യമെങ്കിൽ വെള്ളം നനച്ച് കനൽ കെടുത്തുക.

തീ പടരാൻ സാധ്യതയുള്ളവയുടെ സമീപം വച്ച് ചപ്പുചവറുകൾ കത്തിക്കാതിരിക്കുക.

രാത്രിയിൽ തീയിടാതിരിക്കുക.

വഴിയോരങ്ങളിൽ മാലിന്യം കൂട്ടിയിട്ട് കത്തിക്കാതിരിക്കുക.

പറമ്പുകളിലെ ഉണങ്ങിയ പുല്ലുകൾ, കുറ്റിച്ചെടികൾ എന്നിവ വേനൽ കടുക്കുന്നതിന് മുൻപ് വെട്ടി വൃത്തിയാക്കുക.

ഉണങ്ങിയ പുല്ലുകളോ കരിയില നിറഞ്ഞ ഭാഗമോ വീടിനോട് ചേർന്ന് വരുന്നില്ല എന്ന് ഉറപ്പുവരുത്തുക.

സിഗരറ്റുകുറ്റികൾ അലക്ഷ്യമായി വലിച്ചെറിയാതിരിക്കുക.

തീ പടരുന്നത് ശ്രദ്ധയിൽ പെട്ടാൽ സുരക്ഷിത സ്ഥാനത്തേക്ക് മാറുക.

ശാരീരിക ക്ഷമതയും പ്രാപ്തിയുമുള്ളവർ സമീപത്തുണ്ടെങ്കിൽ മരച്ചില്ലകൾ കൊണ്ട് അടിച്ചും, വെള്ളമൊഴിച്ചും തീ കെടുത്താൻ ശ്രമിക്കുക.

മാർക്കറ്റുകൾ, കെട്ടിടങ്ങൾ, മാലിന്യശേഖരണ-നിക്ഷേപ കേന്ദ്രങ്ങൾ (ഡംപിങ് യാർഡ്) തുടങ്ങിയ ഇടങ്ങളിൽ തീപിടുത്തങ്ങൾ വർധിക്കാനും വ്യാപിക്കാനുമുള്ള സാധ്യത കൂടുതലാണ്. ഇവയോട് ചേർന്ന് താമസിക്കുന്നവരും സ്ഥാപനങ്ങൾ നടത്തുന്നവരും പ്രത്യേകം ജാഗ്രത പാലിക്കുക.

ചൂട് അധികരിക്കുന്ന സാഹചര്യത്തിൽ കാട്ടുതീ വ്യാപിക്കാനുള്ള സാധ്യതയുണ്ട്. വനമേഖലയോട് ചേർന്ന് താമസിക്കുന്നവരും വിനോദ സഞ്ചാരികളും പ്രത്യേകം ജാഗ്രത പാലിക്കണം. കാട്ടുതീ ഉണ്ടാകാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കണം. വനം വകുപ്പിൻ്റെ നിർദേശങ്ങൾ കർശനമായി പാലിക്കണം.

സഹായം ആവശ്യമെങ്കിൽ എത്രയും പെട്ടെന്ന് അഗ്നിരക്ഷാ സേനയെ വിവരം അറിയിക്കുക.

ഫയർ സ്റ്റേഷനിൽ വിളിക്കുമ്പോൾ തീപിടിച്ച സ്ഥലത്തേക്ക് എത്തിച്ചേരേണ്ട വഴിയും വിളിച്ചാൽ കിട്ടുന്ന മൊബൈൽ നമ്പറുകളും കൃത്യമായി കൈമാറുക.

ഫയർ ഓഡിറ്റ് നടത്തേണ്ടതും കൃത്യമായ സുരക്ഷാ മുൻകരുതൽ സ്വീകരിക്കുകയും ചെയ്യേണ്ടതാണ്.

മുതിർന്ന കുട്ടികൾ ഉൾപ്പെടെ വീട്ടിൽ ഉള്ളവർക്കെല്ലാം എമർജൻസി നമ്പറുകളായ 101 (ഫയർ ഫോഴ്സ്), 112 (പോലീസ്) എന്നിവ പറഞ്ഞുകൊടുക്കുക.

വനമേഖലയോട് ചേർന്ന് താമസിക്കുന്നവരും വനത്തിലേക്ക് പോകുന്ന വിനോദസഞ്ചാരികളും പ്രത്യേക ശ്രദ്ധ ഈ കാര്യങ്ങളിൽ നൽകേണ്ടതുണ്ട്.

ക്യാമ്പ് ഫയർ പോലുള്ള പരിപാടികൾ നടത്തുന്നവർ തീ പടരാനുള്ള സാഹചര്യം കർശനമായും ഒഴിവാക്കേണ്ടതാണ്.

ബോധപൂർവം തീപ്പിടുത്തത്തിന് ഇടവരുത്തുന്നവർക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.

സ്കൂൾ അധികൃതർക്കുള്ള നിർദേശങ്ങൾ

വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർഥികൾക്ക് ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കേണ്ടതും, ക്ലാസ്സ് മുറികളിൽ വായു സഞ്ചാരം ഉറപ്പാക്കേണ്ടതുമാണ്. പരീക്ഷാക്കാലമായാൽ പരീക്ഷാഹാളുകളിലും ജലലഭ്യത ഉറപ്പാക്കണം.

കുട്ടികൾക്ക് കൂടുതൽ വെയിലേൽക്കുന്ന അസംബ്ലികളും മറ്റ് പരിപാടികളും ഒഴിവാക്കുകയോ സമയക്രമീകരണം നടത്തുകയോ ചെയ്യേണ്ടതാണ്.

കുട്ടികളെ വിനോദ സഞ്ചാരത്തിന് കൊണ്ടുപോകുന്ന സ്കൂളുകൾ 11 മുതൽ 3  വരെ കുട്ടികൾക്ക് നേരിട്ട് ചൂട് ഏൽക്കുന്നില്ല എന്ന് ഉറപ്പ് വരുത്തുക. വിദ്യാർഥികളുടെ കാര്യത്തിൽ സ്കൂൾ അധികൃതരും രക്ഷിതാക്കളും പ്രത്യേക ശ്രദ്ധ പുലർത്തേണ്ടതാണ്.

അംഗനവാടി കുട്ടികൾക്ക് ചൂട് ഏൽക്കാത്ത തരത്തിലുള്ള സംവിധാനം നടപ്പാക്കാൻ അതാത് പഞ്ചായത്ത് അധികൃതരും അംഗനവാടി ജീവനക്കാരും പ്രത്യേകം ശ്രദ്ധിക്കണം.

പകൽസമയം പുറംജോലികളിൽ ഏർപ്പെടുന്നവർക്കുള്ള നിർദ്ദേശങ്ങൾ

ചൂട് കൂടുതൽ അനുഭവപ്പെടുന്ന പകൽ 11 മുതൽ ഉച്ചയ്ക്ക് 3 വരെയുള്ള സമയം പരമാവധി പുറംജോലികൾ ഒഴിവാക്കുക. തൊഴിൽ വകുപ്പ് ജോലിസമയം പുനഃക്രമീകരിക്കുന്നത് തൊഴിലാളികളും തൊഴിലുടമകളും കർശനമായി പാലിക്കുക.

പുറംജോലികളിൽ ഏർപ്പെടുന്നവർ നിർജലീകരണം ഒഴിവാക്കുന്നതിനായി ധാരാളം വെള്ളം കുടിക്കുകയും ഇടക്ക് വിശ്രമിക്കുകയും ചെയ്യുക. ജോലി സ്ഥലത്ത് കുടിവെള്ള ലഭ്യത തൊഴിലുടമകൾ ഉറപ്പുവരുത്തേണ്ടതാണ്.

കട്ടികുറഞ്ഞതും അയഞ്ഞതും ഇളം നിറത്തിലുമുള്ള കോട്ടൺ വസ്ത്രങ്ങൾ ധരിക്കുന്നതാണ് ചൂട് കാലത്ത് അഭികാമ്യം. കൈ ഉൾപ്പെടെ പൂർണ്ണമായും മൂടുന്ന തരത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുക.

സൂര്യപ്രകാശവുമായി നേരിട്ടുള്ള സമ്പർക്കം ഒഴിവാക്കുന്നതിനായി കുട, തൊപ്പി എന്നിവ ഉപയോഗിക്കുക. സൺ ഗ്ലാസ്/ കൂളിംഗ് ഗ്ലാസ് ധരിക്കുന്നത് കണ്ണുകൾക്ക് ചൂടിൽ നിന്നും സംരക്ഷണം നൽകും.

ചായ, കോഫി, സോഫ്റ്റ് ഡ്രിങ്കുകൾ, മദ്യം എന്നിവ ഉപയോഗിക്കുന്നത് നിർജലീകരണത്തിന് കാരണമാകും. അതിനാൽ ഇവ ഒഴിവാക്കുക.

കെട്ടിട, റോഡ് നിർമ്മാണങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന തൊഴിലാളികൾ, കർഷക തൊഴിലാളികൾ, തൊഴിലുറപ്പ് തൊഴിലാളികൾ, ട്രാഫിക് പോലീസുകാർ, പോസ്റ്റുമാൻമാർ, ലൈൻമാൻമാർ, ഓൺലൈൻ ഭക്ഷണ വിതരണക്കാർ, ഇ കോമേഴ്സ് പാർസൽ വിതരണക്കാർ, കളക്ഷൻ ഏജൻ്റുമാർ, സെയിൽസ്/ മാർക്കറ്റിങ് എക്സിക്യൂട്ടീവുമാർ, മാധ്യമ പ്രവർത്തകർ തുടങ്ങി പുറംജോലികളിൽ ഏർപ്പെടുന്ന എല്ലാവരും ഈ കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതാണ്.

ഇതര സംസ്ഥാനക്കാരായ അതിഥി തൊഴിലാളികളിലേക്ക് കൂടി ഈ നിർദ്ദേശങ്ങൾ പങ്കുവെക്കുക.

ജലസംരക്ഷണം ഉറപ്പുവരുത്തുന്നതിനുള്ള നിർദ്ദേശങ്ങൾ

വീടുകളിലെ വാഷ്ബേസിനുകൾ, ടോയ്ലെറ്റുകൾ, മറ്റ് പൈപ്പുകൾ എന്നിവയിൽ ചോർച്ച ഇല്ല എന്ന് ഉറപ്പുവരുത്തുക.

കുളിമുറികളിൽ ഷവർ ഒഴിവാക്കി ബക്കറ്റും കപ്പും ഉപയോഗിക്കുക. കുളിക്കുവാൻ പരിമിതമായ അളവിൽ മാത്രം വെള്ളം ഉപയോഗിക്കുക

പല്ലു തേയ്ക്കുമ്പോഴും താടി 
വടിക്കുമ്പോഴും മുഖം കഴുകുമ്പോഴുമെല്ലാം പൈപ്പ് തുറന്നിടാതെ കപ്പിൽ വെള്ളമെടുത്ത് ഉപയോഗിക്കുക

ഫ്ലഷ് ടാങ്കുകൾ ഉപയോഗിക്കുമ്പോൾ നിയന്ത്രിതമായ അളവിൽ ആവശ്യത്തിന് മാത്രം വെള്ളം ഫ്ലഷ് ചെയ്യുക

സോപ്പ്, ഷാംപൂ എന്നിവ ഉപയോഗിക്കുമ്പോൾ അനാവശ്യമായി വെള്ളം തുറന്നുവിടാതിരിക്കുക
തുണി അലക്കുമ്പോഴും അടുക്കളയിൽ പാത്രങ്ങൾ കഴുകമ്പോഴും പൈപ്പുകൾ തുറന്നിടാതിരിക്കുക

വാഷിംഗ് മെഷിൻ ഉപയോഗിക്കുമ്പോൾ അനുവദനീയമായ പരമാവധി അളവിൽ വസ്ത്രങ്ങൾ നിറച്ച് മാത്രം ഉപയോഗിക്കുക

പഴങ്ങളും പച്ചക്കറികളും കഴുകുമ്പോൾ പൈപ്പ് തുറന്നിട്ട് കഴുകുന്നതിന് പകരം ഒരു പാത്രത്തിൽ വെള്ളമെടുത്ത് കഴുകുക. ഈ വെള്ളം ചെടികളും അടുക്കളത്തോട്ടവും നനക്കുവാൻ ഉപയോഗിക്കുക.

ചെടികൾ നനക്കുന്നത് രാവിലെയോ സന്ധ്യാ സമയത്തോ മാത്രമാക്കുക. കടുത്ത വെയിലിൽ ചെടികൾ നനക്കുന്നത് നനച്ച വെള്ളത്തിന്റെ ഭൂരിഭാഗവും ആവിയായി പോകാൻ കാരണമാകും

വാഹനങ്ങൾ കഴുകുന്നത് അത്യാവശ്യത്തിന് മാത്രം ആക്കുക. കഴുകു മ്പോൾ ഹോസ് ഉപയോഗിക്കാതെ ബക്കറ്റിൽ വെള്ളം നിറച്ച് കഴുകുക.

തുള്ളിനന, ചകിരി ട്രഞ്ച്, മള്ച്ചിങ് രീതി, സ്പ്രിംഗ്ളർ, തിരിനന തുടങ്ങി ജലഉപയോഗം കുറയ്ക്കുന്ന ശാസ്ത്രീയമായ ജലസേചനരീതികളിലൂടെ കൃഷിയ്ക്ക് ആവശ്യമായ വെള്ളം കാര്യക്ഷമമായി ഉപയോഗിക്കുക.

പൊതുജനങ്ങൾക്ക് അടിയന്തര സഹായത്തിനായി 1077 എന്ന ടോൾഫ്രീ നമ്പറിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകളിലും ബന്ധപ്പെടാവുന്നതാണ്.

ജില്ലാ കൺട്രോൾ റൂം

ലാൻഡ് ലൈൻ: 0484 2423513
മൊബൈൽ ( വാട്ട്സ്ആപ്) :9400021077
ടോൾ ഫ്രീ നമ്പർ : 1077, 0484-1077

താലൂക്ക് കൺട്രോൾ റൂം

ആലുവ: 0484-2624052
കണയന്നൂർ: 0484 2360704
കൊച്ചി : 0484 2215559
കുന്നത്തുനാട്: 0484-2522224
കോതമംഗലം : 0485-2860468
മൂവാറ്റുപുഴ: 0485 2813773
പറവൂർ : 0484 2972817

date