Skip to main content

മുഖം മാറി കരുമാല്ലൂരിലെ മാമ്പ്ര നാല് സെൻ്റ് കോളനി; സമഗ്ര നവീകരണ പദ്ധതി പൂർത്തിയായി; ഉദ്ഘാടനം ഞായറാഴ്ച പി.രാജീവ് ആവിഷ്കരിച്ച നൻമ ഗ്രാമം പദ്ധതിയിൽ നടപ്പാക്കിയത് ഒരു കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ

കേരളത്തിന് വഴികാട്ടുന്ന മാതൃകാ പദ്ധതികളിലൊന്ന് കരുമാല്ലൂർ പഞ്ചായത്തിലെ മാമ്പ്രനാല് സെൻ്റ് കോളനിയിൽ പൂർത്തിയായി. തെരഞ്ഞെടുക്കപ്പെട്ട ഹൗസിംഗ് കോളനികളെ ആധുനികീകരിക്കുന്ന 'നന്മഗ്രാമം' പദ്ധതി വ്യവസായ മന്ത്രി പി.രാജീവാണ് ആവിഷ്കരിച്ച് നടപ്പാക്കിയത്. കരുമാല്ലൂർ പഞ്ചായത്തിലെ പിന്നോക്ക പ്രദേശങ്ങളിലൊന്നായിരുന്ന മാമ്പ്ര കോളനിയിൽ ഒരു കോടി രൂപയുടെ പദ്ധതികളാണ് രണ്ട് വർഷത്തിനുള്ളിൽ നടപ്പാക്കിയത്.

കോളനിയിൽ ആകെയുള്ള 42 കുടുംബങ്ങൾക്കും പ്രയോജനം ലഭിക്കും വിധമാണ് പദ്ധതി നടപ്പാക്കിയത്. ശുചിത്വ പരിപാലനം, കക്കൂസുകളുടെ നവീകരണം, റോഡ് കോൺക്രീറ്റിംഗ്, തോട് ആഴം കൂട്ടി വൃത്തിയാക്കൽ, വീടുകൾക്ക് കമ്പിവേലി സ്ഥാപിച്ച് മനോഹരമാക്കൽ, സ്മാർട്ട് അംഗനവാടിയായി വികസിപ്പിക്കൽ, വിജ്ഞാന കേന്ദ്രം നവീകരണം, പ്രളയ പ്രതിരോധ സൗകര്യങ്ങൾ ഏർപ്പെടുത്തൽ എന്നിവയാണ് മാമ്പ്രയിൽ നടപ്പാക്കിയത്. പൊതുസ്ഥാപനങ്ങൾ ആധുനീകരിച്ചും വ്യക്തികളുടെ ജീവിത ഗുണമേൻമ വർധിപ്പിച്ചും മാമ്പ്ര കോളനിയുടെ മുഖം മാറ്റിയ പദ്ധതി സംസ്ഥാന തലത്തിൽ തന്നെ പുതിയ മാതൃക സൃഷ്ടിക്കുന്നതാണെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു.

മാമ്പ്ര കോളനിയിൽ ആകെയുള്ള 42 കുടുംബങ്ങളിൽ 2 പേരാണ് ഭവനരഹിതരായി ഉണ്ടായിരുന്നത്. ഇവർക്ക് പുതിയ വീടുകൾ നിർമ്മിച്ച് നൽകി. 29 വീടുകളിൽ പുതിയ സെപ്റ്റിക് ടാങ്കുകൾ സ്ഥാപിച്ചു. 4 വീടുകളിൽ പുതിയ ശുചിമുറി സ്ഥാപിച്ചു. 24 വീടുകളുടെ ശുചിമുറികൾ നവീകരിച്ചു. 39 വീടുകൾക്ക് പ്ളംബിംഗ്, ഫിൽറ്റർ സൗകര്യങ്ങൾ ഏർപ്പെടുത്തി, 29 വീടുകളിൽ ഇഷ്ടിക വിരിക്കലും പ്ളാസ്റ്ററിംഗും നടത്തി. റോഡുകൾ കോൺക്രീറ്റ് ചെയ്തു. വീടുകളുടെ കാലപ്പഴക്കം ചെന്ന വേലികൾ മാറ്റി ചെയിൻ ലിങ്ക് വേലികൾ സ്ഥാപിച്ചു. കുടുംബങ്ങൾക്ക് വ്യക്തിഗത പ്രയോജനം ലഭിക്കുന്ന ഈ പ്രവർത്തനങ്ങൾക്കൊപ്പമാണ് പൊതു സ്ഥാപനങ്ങളുടെ നവീകരണവും ഏറ്റെടുത്തത്.

മാമ്പ്ര തോട് 27 ലക്ഷം രൂപ ചെലവഴിച്ച് നവീകരിക്കുകയും ആഴം കൂട്ടി വൃത്തിയാക്കുകയും ചെയ്തു. പ്രളയ സാധ്യത ഇതോടെ ഒഴിവാക്കാനാകും. കോളനിയിലെ അംഗനവാടി സ്മാർട്ടായി. വിജ്ഞാന കേന്ദ്രം നവീകരിച്ചു. കൊച്ചി ഷിപ്പ്യാർഡ്, സിയാൽ, പ്രവാസി സംഘടനയായ അല എന്നിവരുടേയും തദ്ദേശ സ്ഥാപനങ്ങളുടേയും സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കിയതെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു. കൊച്ചിയിലെ സെൻ്റർ ഫോർ സോഷ്യോ ഇക്കണോമിക് സ്റ്റഡീസ്, സി.ഡി.ഡി എന്നിവരും നിർവ്വഹണത്തിൽ പങ്കാളികളായി.

നൻമ ഗ്രാമം പദ്ധതിയുടെ പൂർത്തീകരണ പ്രഖ്യാപനം മന്ത്രി പി.രാജീവ് ഫെബ്രു: 25 ഞായറാഴ്ച രാവിലെ 10 ന് നിർവ്വഹിക്കും. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുക്കും.

date