Skip to main content
.

കുട്ടികളെ ചരിത്രബോധവും ശാസ്ത്രചിന്തയും ഉള്ളവരാക്കി വളര്‍ത്തലാണ് സര്‍ക്കാര്‍ ലക്ഷ്യം: മുഖ്യമന്ത്രി പിണറായി വിജയന്‍

*ജില്ലയിലെ അഞ്ച് സര്‍ക്കാര്‍ സ്‌കൂളുകളിലെ പുതിയ കെട്ടിടങ്ങള്‍ ഉദ്ഘാടനം ചെയ്തു

കുട്ടികളെ ചരിത്രബോധവും ശാസ്ത്രചിന്തയും ഉള്ളവരാക്കി വളര്‍ത്തിയെടുക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും അതിനുതകും വിധം പാഠഭാഗങ്ങളടക്കം പരിഷ്‌കരിക്കുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
നവകേരളം കര്‍മ്മപദ്ധതി-വിദ്യാകിരണം മിഷന്റെ ഭാഗമായി ഇടുക്കി ജില്ലയിലെ അഞ്ച് സ്‌കൂളുകളിലടക്കം സംസ്ഥാനത്ത് നിര്‍മിച്ച 68 സ്‌കൂള്‍ കെട്ടിടങ്ങളുടെ ഉദ്ഘാടനവും 33 സ്‌കൂള്‍ കെട്ടിടങ്ങളുടെ തറക്കല്ലിടലും ഓണ്‍ലൈനായി നിര്‍വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍.
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കേവലം പശ്ചാത്തലസൗകര്യ വികസനം മാത്രമല്ല സംസ്ഥാനത്ത് നടന്നത്. അതോടൊപ്പം അക്കാദമിക മികവും വര്‍ധിക്കുകയുണ്ടായി. അതുകൊണ്ടാണ് കേരളത്തിലെ പൊതുവിദ്യാഭ്യാസമേഖലയെത്തേടി രാജ്യത്തിന്റെയും ലോകത്തിന്റെയും അഭിനന്ദനങ്ങള്‍ വരുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. 10 ലക്ഷത്തോളം കുട്ടികളാണ് കഴിഞ്ഞ ഏഴരവര്‍ഷം കൊണ്ട് പൊതുവിദ്യാലയങ്ങളിലെത്തിച്ചേര്‍ന്നത്. 45000 ക്ലാസ് മുറികള്‍ ഹൈടെക്കായി മാറി. സ്‌കൂളുകളില്‍ റോബോട്ടിക് കിറ്റ് അടക്കം ലഭ്യമാക്കി കുട്ടികളെ നൂതനസാങ്കേതിക വിദ്യകളില്‍ നൈപുണ്യമുള്ളവരാക്കുകയാണ്. കിഫ്ബി ഫണ്ട് ഉപയോഗിച്ച് സംസ്ഥാനത്താകെ 973 സ്‌കൂള്‍ കെട്ടിടങ്ങള്‍ നിര്‍മിക്കാന്‍ നടപടികള്‍ സ്വീകരിച്ചുവരുകയാണ്.
വിദ്യാഭ്യാസമേഖയുടെ ഉന്നമെനമെന്നാല്‍ വിദ്യാര്‍ത്ഥികളുടെ അക്കാദമിക മികവ് വര്‍ധിക്കുക തന്നെയാണ്. ആധുനികകാലത്തിന് ചേര്‍ന്ന രീതിയില്‍ വിദ്യാഭ്യാസ രീതികള്‍ പരിഷ്‌കരിക്കാന്‍ സംസ്ഥാന വിദ്യാഭ്യാസവകുപ്പ് തയ്യാറായിട്ടുണ്ട്. കാലാനുസൃതമായി പുതിയ കാര്യങ്ങള്‍ പഠിക്കാനും പുതിയ അറിവുകള്‍ നേടാനും അധ്യാപകരും ശ്രമിക്കണം.  
ഡിജിറ്റല്‍ വിദ്യാഭ്യാസ രംഗത്ത് കേരളം സമാനതകളില്ലാത്ത നേട്ടം കൈവരിച്ചു. ഡിജിറ്റല്‍ മേഖലയില്‍ വിടവ് നിലനില്‍ക്കുന്ന ഘട്ടത്തിലാണ് ഡിജിറ്റല്‍ വിദ്യാഭ്യാസം കാര്യക്ഷമമാക്കുന്നതിന് വിദ്യാകിരണം മിഷന്‍ മുഖേനയുള്ള ഇടപെടല്‍ ആരംഭിച്ചത്. ഇന്റര്‍നെറ്റ് കണ്ക്ടിവിറ്റി ലഭ്യമാക്കാനും കുട്ടികളില്‍ ഡിജിറ്റല്‍ സാക്ഷരത വളര്‍ത്താനുള്ള ഇടപെടലും ഇതിന്റെ ഭാഗമായി നടക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി ചടങ്ങില്‍ അധ്യക്ഷനായി. ജില്ലയിലെ ഗവ. എച്ച്.എസ്.എസ് തോപ്രാംകുടി, കല്ലാര്‍ വട്ടിയാര്‍ സ്‌കൂള്‍, അമരാവതി ഗവ. എച്ച്.എസ്.എസ്, പഴയരിക്കണ്ടം ഗവ. എച്ച്.എസ്, വണ്ടിപ്പെരിയാര്‍ പഞ്ചായത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നിവിടങ്ങളിലാണ് പുതിയ കെട്ടിടങ്ങള്‍ ഉദ്ഘാടനം ചെയ്തത്. ജില്ലയിലെ കുട്ടികള്‍ക്ക് ഏറ്റവും മികച്ച പഠന സൗകര്യം ഉറപ്പാക്കുന്നതിന് കിഫ്ബി, പ്ലാന്‍ ഫണ്ടുകള്‍ ഉപയോഗിച്ചാണ് കെട്ടിടങ്ങള്‍ നിര്‍മ്മിച്ചത്. ഇതോടെ ജില്ലയിലെ 37 സര്‍ക്കാര്‍ സ്‌കൂളുകള്‍ക്കാണ് പുതിയ മന്ദിരങ്ങള്‍ യാഥാര്‍ഥ്യമായത്.
പഴയരികണ്ടം ഗവ. എച്ച് എസ് എസില്‍ സംഘടിപ്പിച്ച പ്രാദേശിക ഉദ്ഘാടന ചടങ്ങില്‍ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ ശിലാഫലകം അനാച്ഛാദനം ചെയ്തു. ജില്ലയിലെ കുട്ടികള്‍ക്ക് നല്ലരീതിയില്‍ പഠനം നടത്തുന്നതിനുള്ള അടിസ്ഥാന സൗകര്യങ്ങളോടു കൂടിയ കെട്ടിടങ്ങള്‍ നിര്‍മിക്കാന്‍ നമുക്ക് സാധിച്ചതായും അക്കാദമിക നിലവാരത്തിലുണ്ടായ മാറ്റം ശ്രദ്ധേയമാണെന്നും മന്ത്രി പറഞ്ഞു. രാജ്യത്തെ പൊതുവിദ്യാഭ്യാസ രംഗത്ത് മികവിന്റെ സൂചികയില്‍ ഒന്നാമതാകാന്‍ കേരളത്തിന് കഴിഞ്ഞു. എല്ലാവര്‍ക്കും സാമൂഹികനീതിയിലധിഷ്ഠിതമായ സൗകര്യങ്ങള്‍ ഒരുക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ എടുത്ത തീരുമാനം കേരളത്തിന്റെ വിദ്യാഭ്യാസ പുരോഗതിയില്‍ വലിയപങ്കാണ് വഹിക്കുന്നകെന്നും മന്ത്രി പറഞ്ഞു.
ചടങ്ങില്‍ സ്‌കൂള്‍ കെട്ടിടം നിര്‍മ്മിച്ച കോണ്‍ട്രാക്ടര്‍ ജോബിന്‍ ജോര്‍ജിനെയും വിരമിക്കുന്ന അധ്യാപിക ഉഷാ കുമാരിയെയും ആദരിച്ചു. ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജി ചന്ദ്രന്‍, കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് ജോസഫ്, ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വി. എന്‍ മോഹനന്‍, ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ അംഗം ഷൈനി റെജി, തദ്ദേശസ്ഥാപന പ്രതിനിധികള്‍, സ്‌കൂള്‍ അധ്യാപകര്‍, സ്‌കൂള്‍ പി. റ്റി. എ അംഗങ്ങള്‍, വിദ്യാര്‍ഥികള്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.

തോപ്രാംകുടി ഗവ. എച്ച് എസ് എസില്‍ സംഘടിപ്പിച്ച പ്രാദേശിക ചടങ്ങില്‍ ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിനും കല്ലാര്‍ വട്ടിയാര്‍ സര്‍ക്കാര്‍ ഹൈസ്‌കൂളില്‍ നടന്ന പ്രാദേശിക പരിപാടിയില്‍ അഡ്വ. എ.രാജ എം.എല്‍.എയും വണ്ടിപ്പെരിയാര്‍ പഞ്ചായത്ത് എച്ച് എസ് എസില്‍ നടന്ന പ്രാദേശിക പരിപാടിയില്‍ വാഴൂര്‍ സോമന്‍ എംഎല്‍എയും ശിലാഫലകം അനാച്ഛാദനം ചെയ്തു. പ്രാദേശിക ഉദ്ഘാടന ചടങ്ങുകളില്‍ തദ്ദേശസ്വയംഭരണ സ്ഥാപന മേധാവികളും ഉദ്യോഗസ്ഥരും ജനപ്രതിനിധികളും രാഷ്ട്രീയ സാമൂഹ്യ രംഗത്തെ പ്രമുഖരും പങ്കെടുത്തു.

ചിത്രം:
1. വിദ്യാകിരണം മിഷന്റെ ഭാഗമായി പഴയരിക്കണ്ടം സര്‍ക്കാര്‍ ഹൈസ്‌കൂളില്‍ നിര്‍മിച്ച പുതിയകെട്ടിടം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യുന്നു

2. വിദ്യാകിരണം മിഷന്റെ ഭാഗമായി പഴയരിക്കണ്ടം സര്‍ക്കാര്‍ ഹൈസ്‌കൂളില്‍ നിര്‍മിച്ച പുതിയകെട്ടിടത്തിന്റെ ശിലാഫലകം  ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ അനാച്ഛാദനം ചെയ്യുന്നു

 

 

 

date