Skip to main content

വോട്ടർ പട്ടിക നീരിക്ഷക 27ന് എത്തും 

 

ആലപ്പുഴ: വോട്ടർ പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട് വോട്ടർ പട്ടിക നീരിക്ഷക സുമന എൻ. മേനോൻ ജില്ലയിലെത്തും. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ  നവംബർ 27ന് രാവിലെ 11ന് നടക്കുന്ന അവലോകനയോഗത്തിൽ പങ്കെടുക്കും. 0471-2321572, 0471-2518308, 8281457160  എന്നീ ഫോൺ നമ്പരുകളിലും secy.gad.suk@kerala.gov.in ഇ-മെയിലിലും നിരീക്ഷകയുമായി ബന്ധപ്പെടാം.

(പി.എൻ.എ.2854/17)

 

വോട്ടർ പട്ടിക പുതുക്കൽ: 

അക്ഷയകേന്ദ്രങ്ങളും ബൂത്തുകളും വില്ലേജാഫീസകളും ഇന്നു പ്രവർത്തിക്കും

 

ആലപ്പുഴ: കരട് വോട്ടർ പട്ടിക പരിശോധിക്കുന്നതിനുള്ള സൗകര്യാർഥം  ഇന്ന് (നവംബർ 26) ജില്ലയിലെ എല്ലാ പോളിങ് ബൂത്തുകളും വില്ലേജാഫീസുകളും അക്ഷയകേന്ദ്രങ്ങളും  തുറന്നുപ്രവർത്തിക്കും. ബൂത്ത് ലെവൽ ഓഫീസർമാരും ബൂത്ത് ലെവൽ എജന്റുമാരും അവരവരുടെ പോളിങ് ബൂത്തിൽ കരട് വോട്ടർ പട്ടിക സഹിതം ഉണ്ടായിരിക്കും. വോട്ടർ പട്ടികയിൽ പേര് ഉണ്ടെന്ന് വോട്ടർമാർ ഉറപ്പു വരുത്തണമെന്നും ഇല്ലാത്തപക്ഷം വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നും  ജില്ലാ കളക്ടർ അറിയിച്ചു. 

 

(പി.എൻ.എ.2855/17)

 

സേവ്: സന്ദേശ വാചകം ക്ഷണിച്ചു

 

ആലപ്പുഴ: ഒ.ടി.പി. തട്ടിപ്പിനെതിരേ ജില്ലാ ഭരണകൂടം സംഘടിപ്പിക്കുന്ന സേവ് ബോധവൽക്കരണ പദ്ധതിയിൽ പ്രചരണത്തിനുപയോഗിക്കുന്നതിന് അർത്ഥവത്തായ ചുരുങ്ങിയ വാക്കുകളിലുള്ള സന്ദേശ വാചകം തയ്യാറാക്കി നൽകാൻ മത്സരം സംഘടിപ്പിക്കുന്നു. 18 വയസ്സിൽ താഴെയുള്ളവർ, പൊതുജനങ്ങൾ എന്നീ വിഭാഗങ്ങളിലാണ് മത്സരം. ഏറ്റവും മികച്ച രണ്ട് സന്ദേശങ്ങൾക്ക് കാഷ് അവാർഡും സർട്ടിഫിക്കറ്റും നൽകും. തപാലിൽ അയയ്ക്കുന്നവർ കവറിനു പുറത്ത് സേവ് സന്ദേശവാചക മത്സരം എന്നെഴുതണം. സന്ദേശവാചകത്തിനൊപ്പം മത്സരാർഥിയുടെ പേരും വിലാസവും ഫോൺ നമ്പരും ഇതോടൊപ്പം ഉൾക്കൊള്ളിക്കണം.  സന്ദേശങ്ങൾ ഡിസംബർ രണ്ടിനകം ജില്ലാ ഇൻഫർമേഷൻ ഓഫീസർ, ജില്ലാ ഇൻഫർമേഷൻ ഓഫീസ്, സിവിൽ സ്റ്റേഷൻ പി.ഒ ആലപ്പുഴ, പിൻ-688001 എന്ന വിലാസത്തിൽ തപാലിലും prdalppy2@gmail.com എന്ന ഇ-മെയിൽ വിലാസത്തിലും സന്ദേശ വാചകം നൽകാം.

 

(പി.എൻ.എ.2856/17)

 

മോക്ക് ഡ്രിൽ 28ന്:

ഒരുക്കം വിലയിരുത്തി

 

ആലപ്പുഴ: രാസവസ്തുക്കൾ മൂലമുള്ള ദുരന്തങ്ങൾ നേരിടുന്നതിനുള്ള ജില്ലയുടെ ശേഷി പരിശോധിക്കുന്നതിന് നവംബർ 28ന് നടത്തുന്ന മോക്ക് ഡ്രില്ലുമായി ബന്ധപ്പെട്ട് വയലാറിൽ ദേശീയപാതയ്ക്കു സമീപം പ്രാദേശിക യോഗം സംഘടിപ്പിച്ചു. മോക്ക് ഡ്രില്ലിനുള്ള  പ്രാദേശിക ഒരുക്കങ്ങൾ സംബന്ധിച്ച് യോഗം ചർച്ച ചെയ്തു. എ.ഐ.റ്റി.യു.സി യൂണിയൻ ഹാളിൽ ചേർന്ന യോഗത്തിൽ പട്ടണക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഷെരീഫ് അദ്ധ്യക്ഷത വഹിച്ചു.

 

കടക്കരപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പത്മിനി പങ്കജാക്ഷൻ,വൈസ് പ്രസിഡന്റ്  ഗീത വിശ്വംഭരൻ, പട്ടണക്കാട് ഗ്രാമ പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ പത്മ സതീഷ്,കടക്കരപ്പള്ളി ഗ്രാമ പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജഗദീഷ്, പഞ്ചായത്തംഗം അനീഷ് കുരീക്കാട്, ഡെപ്യൂട്ടി കളക്ടർ പി.വി. സ്വർണ്ണമ്മ, ചേർത്തല ഡിവൈ.എസ്.പി എ.ജി. ലാൽ, ഫാക്ടറീസ് ആന്റ് ബോയിലേഴ്‌സ് ഇൻസ്‌പെക്ടർ പി. ജിജു, ചേർത്തല തഹസിൽദാർ മുഹമ്മദ് ഷെരീഫ്  തുടങ്ങിയവർ സംബന്ധിച്ചു. 

 

മോക്ക് ഡ്രിൽ നടത്തുന്ന തങ്കി കവലയ്ക്കും വയലാർ കവലയ്ക്കുമിടയ്ക്കുള്ള പ്രദേശത്ത് ഇന്ന് ജനപ്രതിനിധികളുടെ നേതൃത്വത്തിൽ ബോധവൽക്കരണം നടത്തും. 28ന് നടക്കുന്ന മോക്ക് ഡ്രില്ലിന്റെ അവസാനഘട്ട ഒരുക്കം വിലയിരുത്തുന്നതിന്  ക്രൈസിസ് മാനേജ്‌മെന്റ് ഗ്രൂപ്പംഗങ്ങളുടെയും ജനപ്രതിനിധികളുടെയും യോഗം നാളെ (നവംബർ 27) ഉച്ചയ്ക്ക് രണ്ടിന് ബിഷപ്പ്മൂർ സ്‌കൂളിന് എതിർവശത്തുള്ള എ.ഐ.റ്റി.യു.സി. യൂണിയൻ ഹാളിൽ നടക്കും.

 

(പി.എൻ.എ.2857/17)

date