Skip to main content

ഫിഷ്‌ലാൻഡിംഗ് സെന്റർ സ്ഥലമേറ്റെടുപ്പ്: വിജ്ഞാപന പ്രഖ്യാപനം തിങ്കളാഴ്ച  മന്ത്രി സജി ചെറിയാൻ നിർവ്വഹിക്കും 

ഗോശ്രീ ജംഗ്‌ഷനിലെ വൈപ്പിൻ ഫിഷ്‌ലാൻഡിംഗ് സെന്റർ വികസനത്തിന് സ്ഥലം ഏറ്റെടുക്കുന്നതിന്റെ വിജ്ഞാപന പ്രഖ്യാപനം തിങ്കളാഴ്ച (മാർച്ച് 4) രാവിലെ പത്തിന് ഫിഷറീസ്, സാംസ്‌കാരിക, യുവജനകാര്യമന്ത്രി സജി ചെറിയാൻ നിർവ്വഹിക്കും. ഫിഷ്‌ലാൻഡിംഗ് സെന്റർ പരിസരത്തു നടക്കുന്ന പരിപാടിയിൽ കെ.എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎ അധ്യക്ഷത വഹിക്കും. ഹൈബി ഈഡൻ എംപി മുഖ്യാതിഥിയാകും.  

സെന്ററിന്റെ അപ്രോച്ച് റോഡിനും പാർക്കിംഗ് ഏരിയയ്ക്കുമായി 12.552 സെന്റ് സ്ഥലമാണ് നെഗോഷ്യബിൾ പർച്ചേസ് പ്രകാരം ഏറ്റെടുക്കുന്നതിന് 2.38 കോടി രൂപ അനുവദിച്ച് സർക്കാർ ഉത്തരവായത്. ഭരണാനുമതിയായ 2.51 കോടി രൂപയിൽ 12,55,200 രൂപ പ്രാരംഭ പ്രവർത്തന ഫണ്ടായി റവന്യൂ വകുപ്പിന് നേരത്തെ കൈമാറിയിരുന്നു. ഭൂമി ഏറ്റെടുത്ത ശേഷമേ ഫിഷ്‌ലാൻഡിംഗ് സെന്ററിന്റെ തുടർ വികസനം സാധ്യമാകൂ എന്നതിനാൽ മൂലധന ചെലവ് വിഭാഗത്തിൽ ഉൾപ്പെടുത്തിയാണ് തുക അടിയന്തരമായി അനുവദിച്ചത്. 

പ്രകൃതിദത്ത ആനുകൂല്യങ്ങളും മത്സ്യലഭ്യതയും കൊണ്ട് സമ്പന്നമായ വൈപ്പിൻ ഫിഷ്‌ലാൻഡിംഗ് സെന്ററിന്റെ വികസനം ദശാബ്‌ദങ്ങളായി മത്സ്യത്തൊഴിലാളികളുടെ ആവശ്യമാണ്. വൈപ്പിൻ തീര മേഖലയുടെ സമഗ്രവികസനത്തിൽ പദ്ധതി നാഴികക്കല്ലാകും.

വിജ്ഞാപന പ്രഖ്യാപന സമ്മേളനത്തിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൽസി ജോർജ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ തുളസി സോമൻ,സരിത സനൽ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാർ, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ, ഹാർബർ എഞ്ചിനീയറിംഗ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും. ഞാറക്കൽ - നായരമ്പലം മത്സ്യത്തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘം പ്രസിഡന്റ് പി.ജി ജയകുമാർ,  പരമ്പരാഗത മത്സ്യത്തൊഴിലാളി സമിതി ജില്ല സെക്രട്ടറി പി.വി ജയൻ, മത്സ്യത്തൊഴിലാളി യൂണിയൻ ഏരിയ സെക്രട്ടറി എ.കെ ശശി, തരകൻസ് അസോസിയേഷൻ പ്രസിഡന്റ് എ.ആർ ചന്ദ്രബോസ്, ഫിഷ് മർച്ചന്റ്‌സ് യൂണിയൻ പ്രസിഡന്റെ റഫീഖ്, കയറ്റിറക്ക് തൊഴിലാളി യൂണിയൻ പ്രസിഡന്റ് ബോസ് എന്നിവരും  മത്സ്യത്തൊഴിലാളി കോൺഗ്രസ് ഉൾപ്പെടെ വിവിധ സംഘടനാ പ്രതിനിധികളും പങ്കെടുക്കും.

date