Skip to main content

ശാസ്ത്ര സാങ്കേതിക സർവകലാശാലയെ ലോക നിലവാരത്തിലേക്കുയർത്തും: മുഖ്യമന്ത്രി

പുതിയ കാലഘട്ടത്തിലെ തൊഴിൽ മേഖലകൾക്കാവശ്യമായ വിഭവശേഷി നൽകാൻ കഴിയുന്ന രീതിയിൽ എ പി ജെ അബ്ദുൾ കലാം ശാസ്ത്ര സാങ്കേതിക സർവകലാശാലയെ ലോകനിലവാരത്തിലേക്കുയർത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.എപിജെ അബ്ദുൾ കലാം സാങ്കേതികശാസ്ത്ര സർവകലാശാല അഡ്മിനിസ്‌ട്രേറ്റീവ് സമുച്ചയത്തിന്റെ നിർമ്മാണോദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. 50 ഏക്കറിലാണ് സർവകലാശാലയുടെ അഡ്മിനിസ്‌ട്രേഷൻ ബ്ലോക്ക് നിലവിൽ വരുന്നത്. ഇതോടെ സ്വന്തമായി ആസ്ഥാനമെന്ന സർവകലാശാലയുടെ സ്വപ്നം യാഥാർഥ്യമാകുകയാണ്. 2017 ലാണ്  ആസ്ഥാന മന്ദിരം നിർമ്മിക്കുന്നതിനായി സംസ്ഥാന സർക്കാർ തീരുമാനം എടുത്തത്. സർവ്വേ ജോലികൾ വേഗത്തിൽ കൃത്യമായി പൂർത്തിയാക്കി ഭൂമി ഏറ്റെടുത്തുകൊണ്ടുള്ള അന്തിമ വിജ്ഞാപനം 2021 ലാണ് പുറപ്പെടുവിക്കുന്നത്. 1135 ഉടമകൾക്കായി ഭൂമി ഏറ്റെടുക്കുന്നതിന് 185 കോടി രൂപയാണ് ചെലവഴിച്ചത്. പ്രദേശത്തെ ജനങ്ങൾ നല്ലരീതിയിൽ ഇതിനോട് സഹകരിച്ചതിലുള്ള പ്രത്യേകമായ നന്ദി രേഖപ്പെടുത്തുന്നതായും മുഖ്യമന്ത്രി പറഞ്ഞു. ഈ വർഷത്തെ ബജറ്റിൽ കെട്ടിട നിർമാണത്തിനായി 71 കോടി രൂപ നീക്കിവെച്ചിട്ടുണ്ട്. ഒരു ലക്ഷം ചതുരശ്ര അടി വിസ്തീർണത്തിൽ എഴുനിലകളോട് കൂടിയുള്ള ഒരു ബ്ലോക്കാണ് ഇവിടെ നിർമിക്കുന്നത്. അതിൽ എല്ലാ അത്യാധുനിക സൗകര്യങ്ങളും ഒരുക്കുന്നതോടൊപ്പം  പരിസ്ഥിതിസൗഹൃദ മാതൃകകളും പിൻതുടരും. നമ്മുടെ സംസ്ഥാനത്തുള്ള 142 ഓളം എൻജിനീയറിംഗ് കോളേജുകൾ ഈ സർവകലാശാലയുടെ പരിധിയിലാണ്. അതുകൊണ്ടുതന്നെ  വിശാലമായ ആസ്ഥാനം ഇതിനു വേണ്ടി വരും. ആയിരം കോടിയിലധികം രൂപ ചെലവഴിച്ച് വിവിധ ഘട്ടങ്ങളിലായി ആസ്ഥാനമന്ദിരം ഉൾപ്പെടുന്ന സമ്പൂർണ്ണ ക്യാമ്പസ് യാഥാർത്ഥ്യമാകും. ഇതിന്റെ ഗ്യണഫലങ്ങൾ വിദ്യാർഥികൾഅധ്യാപകർഗവേഷകർ ഉൾപ്പെടുന്ന മുഴുവൻ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ലഭ്യമാകും. സർവകലാശാല ആസ്ഥാനത്ത് 7 അധ്യാപന ഗവേഷണ സ്‌കൂളുകൾ ആരംഭിക്കാനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നു. സംസ്ഥാനത്തെ എൻജിനീയറിംഗ് കോളേജുകളെ മികവിന്റെ കേന്ദ്രങ്ങളായി വികസിപ്പിച്ചിട്ടുണ്ട്. കാർബൺ ന്യൂട്രാലിറ്റി സെൻറർ ഓഫ് എക്‌സലൻസ് ആരംഭിച്ച കണ്ണൂർ ഗവൺമെൻറ് കോളേജ്,  ഹൈഡ്രജൻ ഹാക്കത്തോണിൽ വിജയിച്ച മുട്ടത്തറ എഞ്ചിനീയറിംഗ് കോളേജ് എന്നിവർ മാതൃകകളാണ്. 2040 ഓടെ നെറ്റ് സീറോ കാർബൺ മിഷൻ കൈവരിക്കാൻ ലക്ഷ്യമിട്ടുകൊണ്ട് സംസ്ഥാന സർക്കാർ നടത്തുന്ന പ്രവർത്തനങ്ങൾക്കെല്ലാം ഊർജ്ജം പകരുന്നതാണ് ഈ പരിശ്രമങ്ങൾ. ബിരുദാനന്തര ബിരുദം, ഗവേഷണം തുടങ്ങിയ ഉന്നത പഠനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന വിദ്യാർത്ഥികൾക്ക് അനുകൂലമായ എക്കോസിസ്റ്റം രൂപപ്പെടുത്തുക എന്നതാണ് സർക്കാർ ലക്ഷ്യം. നാലാം വ്യാവസായിക വിപ്ലവത്തിന്റെ സമകാലിക സാഹചര്യത്തിൽ നൂതന സാങ്കേതിക വിദ്യകൾക്ക് വ്യവസായങ്ങളിലും ഉൽപ്പാദനത്തിലും നിർണായക പങ്കാണ് വഹിക്കാനുള്ളത്. അടുത്ത 25 വർഷത്തിനുള്ളിൽ ലോകത്തുണ്ടാകുന്ന ആകെ തൊഴിലിൽ 75 ശതമാനവും സയൻസ്ടെക്‌നോളജി, എൻജിനീയറിങ്മാത്തമാറ്റിക്‌സ് മേഖലകളിൽനിന്ന് ഉള്ളവരായിരിക്കും എന്നാണ് കണക്കാക്കിയിരിക്കുന്നത്.  വിഭവശേഷിക്കൊപ്പം ശാസ്ത്ര സാങ്കേതിക രംഗത്തുള്ള അറിവുകളെ  നാടിന്റെ പുരോഗതിക്ക് പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ വിവിധ ഇടപെടലുകളാണ് സംസ്ഥാന സംസ്ഥാന ഗവൺമെന്റ് നടത്തുന്നത്.

ആയിരം കോടി രൂപ മുതൽമുടക്കിലാണ് സംസ്ഥാനത്താകെ നാലു സയൻസ് പാർക്കുകൾ സ്ഥാപിക്കുന്നത്. രാജ്യത്തെ തന്നെ ആദ്യഡിജിറ്റൽ സയൻസ് പാർക്ക് നിർമ്മാണം ഇതിനോടകം ആരംഭിച്ചിട്ടുണ്ട് . ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റൽ യൂണിവേഴ്‌സിറ്റി കേരളത്തിലാണ്.  ലൈഫ് സയൻസ് പാർക്ക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി എന്നീ സ്ഥാപനങ്ങൾ ഇതിനകം തന്നെ പ്രവർത്തനമാരംഭിച്ചു. ബഹിരാകാശ ഗവേഷണം പ്രോൽസാഹിപ്പിക്കുന്നതിനായി കേരള സ്‌പേസ് പാർക്ക്  അഥവാ കെ സ്‌പേസ് യഥാർത്ഥ്യമാകുകയാണ് ഇവയെല്ലാം കേരളത്തെ ഉന്നത വിദ്യാഭ്യാസത്തെയും  ഉന്നത നിലവാരത്തിലേക്കുയർത്തുന്നതിനാണ് ശ്രമിക്കുന്നത്. ഇലക്ട്രിക് വാഹന നിർമാണംഐ ടി തുടങ്ങിയ കേരളത്തിനനുയോജ്യമായ വ്യവസായങ്ങൾക്കും സംസ്ഥാനം പ്രോൽസാഹനം നൽകും.നൂതന സാങ്കേതിക വിദ്യയിൽ അധിഷ്ഠിതമായ സംവിധാനങ്ങളെ നാടിൻറെ നന്മക്കായി ഉപയോഗിക്കുന്ന സംസ്‌കാരം അതിനുതകുന്ന ബോധവൽക്കരണം കൂടി നടത്താൻ നമുക്ക് കഴിയണമെന്ന ലക്ഷ്യത്തോടെയാണ് സാങ്കേതിക സർവകലാശാല ആസ്ഥാനത്തിന്റെ നിർമാണത്തിന് തുടക്കം കുറിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഉന്നത വിദ്യാഭ്യാസ-സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു  അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ ഭക്ഷ്യസിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി അഡ്വ. ജി ആർ അനിൽ,  പൊതു വിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി  എന്നിവർ മുഖ്യാതിഥികളായി. അഡ്വ. ഐ ബി സതീഷ് എം.എൽ എ .സ്വാഗതമാശംസിച്ചു. സാങ്കേതിക സർവകലാശാല വൈസ് ചാൻസലർ ഡോ. സജി ഗോപിനാഥ്  ക്യാമ്പസ് പദ്ധതി റിപ്പോർട്ട്  അവതരിപ്പിച്ചു. അഡ്വ. വി ജോയി എം എൽ എജില്ലാ പഞ്ചായത്ത്പ്രസിഡന്റ് ഡി സുരേഷ്‌കുമാർസിൻഡിക്കേറ്റ് അംഗം ഡോ. പി കെ ബിജുജില്ലാ പഞ്ചായത്ത്  ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വിളപ്പിൽ രാധാകൃഷ്ണൻനേമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്അഡ്വ. എസ് കെ പ്രീജവിളപ്പിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ ലില്ലി മോഹൻവിളപ്പിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്, ഡി ഷാജി,ഡോ. രാജശ്രീ എം എസ്സിൻഡിക്കേറ്റംഗങ്ങളായ അഡ്വ. ഐ സാജു എന്നിവർ സംബന്ധിച്ചു.

പി.എൻ.എക്‌സ്1004/2024

date