Skip to main content
കൾവർട്ടിന്റെയും ഡബിൾ സ്ലൂയിസിന്റെയും നിർമാണത്തിന് തുടക്കമായി

കൾവർട്ടിന്റെയും ഡബിൾ സ്ലൂയിസിന്റെയും നിർമാണത്തിന് തുടക്കമായി

അടാട്ട് ഗ്രാമപഞ്ചായത്തിലെ കോൾ മേഖലയുടെ വികസനത്തിനായി നിർമിക്കുന്ന ബോക്സ്  കൾവർട്ടിന്റെയും പഴയ പുഴയ്ക്കൽ തോടിന്റെ ഡബിൾ സ്ലൂയിസിന്റെയും നിർമാണ ഉദ്ഘാടനം സേവ്യർ ചിറ്റിലപ്പിള്ളി എം എൽ എ നിർവഹിച്ചു. കാർഷിക വികസന കാർഷിക ക്ഷേമ വകുപ്പും കേരള ലാൻഡ് ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡും ചേർന്ന് നടപ്പാക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം അടാട്ട് ഗ്രാമപഞ്ചായത്തിലെ 17 ആം വാർഡ് 51 തറയിൽ നടന്നു.

അടാട്ട് 51 തറയിലെ അപകടാവസ്ഥയിലായ പാലം ഡബിൾ സ്പാനോടുകൂടി ബോക്സ് കൾവർട്ടാക്കി പുതുക്കിപ്പണിയുകയാണ്. നിലവിൽ രണ്ട് മീറ്റർ വീതിയുള്ള പാലം 1.21 കോടി രൂപ ചെലവഴിച്ച് 4.25 മീറ്റർ വീതിയിൽ കൈവരികൾ ഉൾപ്പെടെ നിർമിച്ച് നവീകരിക്കുകയാണ്.  കോൾപ്പാടങ്ങളിൽ കാർഷിക യന്ത്രങ്ങൾ ഇറക്കുന്നതിനും അനുബന്ധ ഗതാഗത സൗകര്യങ്ങൾക്കും ഗുണകരമാകും. പുഴയ്ക്കൽ മുല്ലശ്ശേരി ഭാഗങ്ങൾ തമ്മിൽ ബന്ധിപ്പിക്കുന്ന ബണ്ട് റോഡ് പരിസരവാസികളുടെ ഗതാഗതത്തിനും കോൾ ടൂറിസത്തിനും സൗകര്യമാകും.

ഡബിൾ സ്ലൂയിസ് നിർമിക്കുന്നതോടെ പഴയ പുഴക്കൽ തോട് അവസാനിക്കുന്ന ഭാഗത്ത് അധികജലം കടത്തിവിടുന്നതിന് സാധിക്കും. 35.73 ലക്ഷം രൂപ വിനിയോഗിച്ചു നിർമിക്കുന്ന ഡബിൾ സ്ലൂയിസ് യാഥാർത്ഥ്യമാകുന്നതോടെ അടാട്ട് ഗ്രാമപഞ്ചായത്തിലെ അഞ്ച്, ആറ്, ഏഴ്  വാർഡുകളിലെയും  സമീപപ്രദേശത്തെയും വെള്ളക്കെട്ട് ഒഴിവാക്കാനാകും.

ആർ കെ ഐ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. പ്രദേശത്തെ കാർഷിക പ്രശ്നങ്ങളും ജനങ്ങൾ നേരിടുന്ന വെള്ളക്കെട്ടും ഗതാഗത പ്രശ്നങ്ങളും എം എൽ എയുടെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് പ്രശ്നത്തിന് ശ്വാശത പരിഹാരമാകുന്നത്. വികസന പ്രവർത്തനങ്ങൾ പൂർത്തിയാകുന്നതോടെ  പ്രദേശത്തെ ഗതാഗതത്തിനും കാർഷിക മേഖലയ്ക്കും ടൂറിസത്തിനും വലിയ പ്രാധാന്യം കൈവരുമെന്നും എം എൽ എ പറഞ്ഞു.

അടാട്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിമി അജിത്കുമാർ അധ്യക്ഷയായി. വൈസ് പ്രസിഡന്റ് ഉഷ ശ്രീനിവാസൻ, പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ വി എസ് ശിവരാമൻ, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീഷ്മ അഭിലാഷ്, ചീഫ് എൻജിനീയർ ഇൻചാർജ് പി കെ ശാലിനി, അടാട്ട് ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ് സി ആര്‍ പോൾസൺ, കൃഷി ഓഫീസർ അശ്വതി ഗോപിനാഥ്, അടാട്ട് ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്ക് മാനേജിംഗ് ഡയറക്ടർ ഐ പി മിനി, രാഷ്ട്രീയപാർട്ടി പ്രതിനിധികളായ കെ എസ് സുഭാഷ്,  കെ കെ ചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.

date