Skip to main content

വോട്ടെടുപ്പിന് ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങൾ സജ്ജം

ഇ.വി.എം-വിവിപാറ്റ് കമ്മീഷനിങ് പൂര്‍ത്തിയായി

പൊതുതിരഞ്ഞെടുപ്പിന് തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ ഉപയോഗിക്കുന്ന ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങൾ സജ്ജം. ഒല്ലൂർ തൃശൂർ, നാട്ടിക, ഗുരുവായൂർ, മണലൂർ, ഇരിഞ്ഞാലക്കുട, പുതുക്കാട് മണ്ഡലങ്ങളിലെ സ്ട്രോങ്ങ് റൂം കേന്ദ്രങ്ങളിൽ ഇ.വി.എം- വിവിപാറ്റ് യന്ത്രങ്ങളുടെ കമ്മീഷനിങ് പൂര്‍ത്തിയായി. ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കലക്ടര്‍, തിരഞ്ഞെടുപ്പ് നിരീക്ഷകര്‍, അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസര്‍മാര്‍, സ്ഥാനാര്‍ഥികള്‍, ഏജന്റുമാര്‍, എന്‍ജിനീയര്‍മാര്‍ തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു കമ്മീഷനിങ്. 

സ്ഥാനാര്‍ഥികളുടെ പേര്, ചിഹ്നം, ഫോട്ടോ എന്നിവയടങ്ങിയ ഇ.വി.എം ബാലറ്റ് ലേബലുകള്‍ ബാലറ്റ് യൂണിറ്റുകളില്‍ പതിച്ച് സീല്‍ ചെയ്ത ശേഷം കണ്‍ട്രോള്‍ യൂണിറ്റുകള്‍ ടാഗുകള്‍ ഉപയോഗിച്ച് സീല്‍ ചെയ്യുന്നതാണ് ഇ.വി.എം കമ്മീഷനിങ് പ്രക്രിയ. വിവിപാറ്റിലും സ്ഥാനാര്‍ഥികളുടെ വിവരങ്ങള്‍ ഫീഡ് ചെയ്ത ശേഷം പ്രിന്റ് ചെയ്യാനുള്ള പേപ്പര്‍ ലോഡ് ചെയ്ത് സീല്‍ ചെയ്തു. ഇന്നലെ (ഏപ്രിൽ 17) രാവിലെ എട്ട് മുതലാണ് വിവിധ കേന്ദ്രങ്ങളിൽ കമ്മീഷനിങ് ആരംഭിച്ചത്. നോട്ട അടക്കം 10 സ്ഥാനാർഥികളുടെ പേര് ഉൾക്കൊള്ളുന്ന ബാലറ്റ് ലേബലാണ് പതിപ്പിച്ചത്. തുടർന്ന് അഞ്ചു ശതമാനം വോട്ടിങ് യന്ത്രങ്ങളിൽ ആയിരം വോട്ടുകൾ വീതം ചെയ്ത് മോക്ക് പോളും നടത്തിയ ശേഷം യന്ത്രങ്ങൾ അതത് സ്ട്രോങ്ങ് റൂം കേന്ദ്രങ്ങളിലേക്ക് മാറ്റി സുരക്ഷിതമാക്കി.

തിരഞ്ഞെടുപ്പു വേളയില്‍ വോട്ടിങ് യന്ത്രങ്ങള്‍ക്ക് തകരാറുണ്ടായാല്‍ പരിഹരിക്കുന്നതിന് ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡില്‍ നിന്നുള്ള 14 എന്‍ജിനീയര്‍മാരില്‍ ഓരോ നിയമസഭാ മണ്ഡലത്തിലേക്കും രണ്ടുവീതം പേരെ നിയോഗിച്ചിട്ടുണ്ട്. തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ 1275 പോളിങ് സ്റ്റേഷനുകളാണുള്ളത്. വോട്ടിങ് യന്ത്രങ്ങള്‍ ഏപ്രില്‍ 25ന് പോളിങ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറും. ഒല്ലൂര്‍, തൃശൂര്‍, നാട്ടിക മണ്ഡലങ്ങള്‍- തൃശൂര്‍ ഗവ. എന്‍ജിനീയറിങ് കോളജ്, ഗുരുവായൂര്‍ മണ്ഡലം- ചാവക്കാട് എം.ആര്‍ രാമന്‍ മെമ്മോറിയല്‍ ഹൈസ്‌കൂള്‍, മണലൂര്‍ മണ്ഡലം- ഗുരുവായൂര്‍ ശ്രീകൃഷ്ണ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ഇരിങ്ങാലക്കുട മണ്ഡലം- ക്രൈസ്റ്റ് കോളജ്, പുതുക്കാട് മണ്ഡലം- സെന്റ് ജോസഫ് കോളജ് എന്നിവിടങ്ങളിലായാണ് കമ്മീഷനിങ് നടന്നത്.

date