Skip to main content

വയോജനമേഖലയിലെ സേവനങ്ങൾ: ഒന്നാംഘട്ട പരിശീലനം 23ന്

സംസ്ഥാന വയോജന കൗൺസിൽ, ജില്ലാതല വയോജന കമ്മിറ്റി എന്നിവയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട പുതിയ അംഗങ്ങൾക്കായി ഏകദിന പരിശീലനപരിപാടി 23ന് രാവിലെ 10ന് തിരുവനന്തപുരത്ത് ഐ എം ജിയിൽ നടക്കും. വൈകിട്ട് അഞ്ചു വരെ നടക്കുന്ന പരിശീലന പരിപാടി രാവിലെ പത്തുമണിക്ക് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു ഉദ്ഘാടനം ചെയ്യും.

വയോജനമേഖലയിൽ നടപ്പാക്കുന്ന വിവിധ പദ്ധതികളെയും സേവനങ്ങളെയും സംബന്ധിച്ചും മുതിർന്ന പൗരന്മാരുടെ ക്ഷേമവും സംരക്ഷണവും സംബന്ധിച്ച ആക്റ്റുകളെക്കുറിച്ചും അവബോധം നൽകാനാണ് ഏകദിന പരിശീലനപരിപാടിയെന്ന് മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു. മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന സംസ്ഥാന വയോജന കൗൺസിൽ യോഗതീരുമാന പ്രകാരമാണ് പരിശീലനം. രണ്ടു ബാച്ചുകളായി നിശ്ചയിച്ച പരിശീലന പരിപാടിയുടെ ഒന്നാം ബാച്ചായി തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ജില്ലകളിലെ അംഗങ്ങളാണ് 23ന് പരിശീലനത്തിനെത്തുക.

സാമൂഹ്യനീതി വകുപ്പിന് പുറമെ തദ്ദേശസ്വയംഭരണം, പോലീസ്, ആരോഗ്യ-കുടുംബക്ഷേമ വകുപ്പുകൾ എന്നിവ വഴി വയോജനങ്ങൾക്ക് നൽകിവരുന്ന സേവനങ്ങളും പദ്ധതികളും സംബന്ധിച്ച് ബന്ധപ്പെട്ട വകുപ്പുകളിൽനിന്നുള്ള വിദഗ്ധർ മാർഗ്ഗനിർദ്ദേശം നൽകും.

പി.എൻ.എക്‌സ്. 1794/2024

date