Skip to main content

ഇന്ത്യ സ്‌കിൽസ് 2023-24 കേരളത്തിന് 10  മെഡലുകൾ

       കേന്ദ്ര സ്‌കിൽ ഡെവലപ്‌മെന്റ് ആൻഡ് എൻട്രപ്രണർഷിപ്പ് മന്ത്രാലയം (MSDE) ദേശീയ തലത്തിൽ സംഘടിപ്പിച്ച ഇന്ത്യ സ്‌കിൽസ് 2023-24 മത്സരത്തിൽ കേരളത്തിന് വിജയത്തിളക്കം. ഡിജിറ്റൽ കൺസ്ട്രക്ഷൻ വിഭാഗത്തിൽ പങ്കെടുത്ത അനഘ പ്രദീപ് സ്വർണ മെഡലും, കാർ പെയിന്റിങ് വിഭാഗത്തിൽ മത്സരിച്ച അതുൽ ഐ.എസ് വെങ്കല മെഡലും സ്വന്തമാക്കി. ടീം ഇവന്റുകളായ ഓട്ടോണോമസ് മൊബൈൽ റോബോട്ടിക്‌സിൽ പങ്കെടുത്ത ഏഞ്ചെലോ ആൻഡ്, അഫ്‌നാൻ യൂസഫ്, ഷൂ മേക്കിങ്ങിൽ പങ്കെടുത്ത മിഹാൽ ഷാദുലി, ഹൃദുനന്ദ എന്നിവരും വെങ്കല മെഡൽ കരസ്ഥമാക്കി. ഇവർക്ക് പുറമെ ജിതിൻ ജെ (ഹെൽത്ത് ആൻഡ് സോഷ്യൽ കെയർ), അഭിനവ് പി (ഇലക്ട്രിക്കൽ ഇൻസ്റ്റലേഷൻസ്), അബ്ദുൾ സി.കെ (ഗ്രാഫിക് ഡിസൈൻ ടെക്‌നോളജി), ഫിലിപ്പ് എൻ.പി (ഓട്ടോ മൊബൈൽ ടെക്‌നോളജി), നിവേദ് കെ (പെയിന്റിംഗ് ആൻഡ് ഡെക്കറേറ്റിംഗ്), സിറിൽ മാത്യൂ (ഇൻഡസ്ട്രിയൽ ഡിസൈൻ ടെക്‌നോളജി) എന്നിവർ മെഡലിയൻ ഓഫ് എക്‌സലൻസും സ്വന്തമാക്കി.

        ഡൽഹി, കർണാടക, ഹരിയാന, ഉത്തർപ്രദേശ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങൾ ആതിഥേയത്വം വഹിച്ച ദേശീയതല മത്സരങ്ങൾക്ക് മെയ് 14 നായിരുന്നു തുടക്കം കുറിച്ചത്. കേന്ദ്ര സ്‌കിൽ ഡെവലപ്‌മെന്റ് ആൻഡ് എൻട്രപ്രണർഷിപ്പ് മന്ത്രാലയം ന്യൂഡൽഹിയിലെ ദ്വാരകയിലെ യശോഭൂമിയിൽ സംഘടിപ്പിച്ച ഉദ്ഘാടന ചടങ്ങിൽ 29 സംസ്ഥാനങ്ങളിൽ നിന്നുള്ള 900 ലധികം വിദ്യാർഥികളും 400 ലധികം വ്യവസായ വിദഗ്ധരും പങ്കെടുത്തു. 61 വിവിധ ട്രേഡുകളിൽ ആയിരുന്നു മത്സരങ്ങൾ സംഘടിപ്പിച്ചത്. സ്‌കിൽ ഇന്ത്യ ഡിജിറ്റൽ ഹബ് (SIDH) പോർട്ടലിൽ രജിസ്റ്റർ ചെയ്ത രണ്ടര ലക്ഷം ഉദ്യോഗാർഥികളിൽ നിന്ന് പ്രീ-സ്‌ക്രീനിങ് പ്രക്രീയയിലൂടെ 26000 പേർ ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെട്ടിരുന്നു. തുടർന്ന് ഈ ഡാറ്റ സംസ്ഥാന - ജില്ലാതല മത്സരങ്ങൾ സംഘടിപ്പിക്കുന്നതിനായി സംസ്ഥാനങ്ങളുമായി പങ്കിടുകയുണ്ടായി.

സംസ്ഥാന തൊഴിലും നൈപുണ്യവും വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സംസ്ഥാന നൈപുണ്യ വികസന മിഷനും സ്‌കിൽ സെക്രട്ടറിയേറ്റുമായ കേരള അക്കാദമി ഫോർ സ്‌കിൽസ് എക്‌സലൻസിന്റെയും (KASE), വ്യവസായ പരിശീലന വകുപ്പിന്റെയും നേതൃത്വത്തിൽ സംസ്ഥാനത്തെ എല്ലാ ജില്ലകളിലെയും വിദ്യാർഥികളുടെ പങ്കാളിത്തം ഉറപ്പുവരുത്തിക്കൊണ്ട് മൂന്ന് ഘട്ടങ്ങളിലായാണ് ഇന്ത്യ സ്‌കിൽസ് കേരള സംസ്ഥാന മത്സരങ്ങൾ സംഘടിപ്പിച്ചത്. മെയ് നാലിന് നടന്ന സ്‌ക്രീനിങ് ടെസ്റ്റായിരുന്നു പ്രാരംഭഘട്ടം. ഏകദേശം 580 മത്സാരാർഥികളാണ് 38 വിഭാഗങ്ങളിലായി മത്സരിച്ചത്. രണ്ടാം ഘട്ടമായി സോണൽ തല മത്സരങ്ങൾ മെയ് 7 ന് സംസ്ഥാനത്തുടനീളം വിവിധ സ്ഥലങ്ങളിൽ വച്ച് നടത്തുകയുണ്ടായി. സോണൽ തലത്തിൽ ജേതാക്കളായ വിദ്യാർഥികളായിരുന്നു മെയ് 9, 10 തീയതികളിൽ നടന്ന സംസ്ഥാന തല മത്സരത്തിൽ പങ്കെടുത്തത്. സംസ്ഥാന തലത്തിൽ വിവിധ ഇനങ്ങളിൽ നിന്നും വിജയികളായി തിരഞ്ഞെടുക്കപ്പെട്ട 31 ഉദ്യോഗാർഥികൾക്കാണ് ദേശീയ തലത്തിൽ കേരളത്തെ പ്രിനിധീകരിക്കാൻ അവസരം ലഭിച്ചത്.

        ഇന്ത്യ സ്‌കിൽസ് ദേശീയതല മത്സരത്തില വിജയികൾ മികച്ച വ്യവസായ പരിശീലകരുടെ സഹായത്തോടെ 2024 സെപ്റ്റംബറിൽ ഫ്രാൻസിലെ ലിയോണിൽ 70 ലധികം രാജ്യങ്ങളിൽ നിന്നുള്ള 1500 മത്സരാർഥികളെ ഉൾക്കൊള്ളിപ്പിച്ചുകൊണ്ട് സംഘടിപ്പിക്കുന്ന വേൾഡ് സ്‌കിൽ മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിക്കും.

പി.എൻ.എക്സ്. 1789/2024

date