Skip to main content

മാലിന്യമുക്ത സിവിൽ സ്റ്റേഷൻ: യോഗം ചേര്‍ന്നു

മലപ്പുറം സിവിൽ സ്റ്റേഷൻ മാലിന്യമുക്തമാക്കുന്നതിന്റെ ഭാഗമായി ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദിന്റെ അധ്യക്ഷതയിൽ വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം ചേർന്നു. സിവിൽ സ്റ്റേഷനിലെ എല്ലാ ഓഫീസുകളും ശുചിത്വം പാലിക്കുന്നതിനും മാലിന്യ സംസ്കരണ സംവിധാനങ്ങൾ ഒരുക്കുന്നതിനും അടിയന്തര നടപടി സ്വീകരിക്കണമെന്ന് കളക്ടര്‍ നിർദ്ദേശിച്ചു. അജൈവമാലിന്യങ്ങൾ ഹരിത കർമ്മ സേനയ്ക്ക് കൈമാറുന്നതിന് മുഴുവൻ ഓഫീസുകളും നടപടി സ്വീകരിക്കണം. ജൈവ മാലിന്യങ്ങൾ പരിപാലിക്കുന്നതിന് മലപ്പുറം നഗരസഭ നൽകിയ ബിന്നുകൾ എല്ലാ ഓഫീസുകളും ഉപയോഗപ്പെടുത്തണമെന്നും ശരിയായ രീതിയിൽ ജൈവമാലിന്യങ്ങൾ സംസ്കരിക്കണമെന്നും  യോഗത്തില്‍ നിർദ്ദേശിച്ചു.
മലപ്പുറം സിവിൽ സ്റ്റേഷനിലെ വിവിധ ഓഫീസുകൾക്ക് ശുചിത്വ ഗ്രേഡിങ് നടത്തിയതിന്റെ അടിസ്ഥാനത്തിൽ ലഭിച്ച മാർക്കുകൾ യോഗത്തിൽ വായിച്ചു. ഏറ്റവും മികച്ച ശുചിത്വ ഗ്രേഡിങ് നേടിയത്  തദ്ദേശ സ്വയം ഭരണ വകുപ്പിന് കീഴിലുള്ള ടൗൺ പ്ലാനിങ് ഓഫീസ് ആണ്. ഏറ്റവും കുറഞ്ഞ ഗ്രേഡിങ് ലഭിച്ച ഓഫീസുകൾ മികച്ച ഗ്രേഡിങ് ലഭിക്കുന്നതിന് ആവശ്യമായ ശുചിത്വ സൗകര്യങ്ങൾ അടിയന്തരമായി ഏർപ്പെടുത്തണമെന്നും യോഗത്തില്‍ നിർദ്ദേശിച്ചു. അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് കെ. മണികണ്ഠന്‍, തദ്ദേശ വകുപ്പ് ജോയിന്റ് ഡയറക്ടര്‍, അസി. ഡയറക്ടര്‍മാര്‍ തുടങ്ങിയര്‍ യോഗത്തില്‍ സംബന്ധിച്ചു.

date