13,000 അധ്യാപകർ AI പരിശീലനം പൂർത്തിയാക്കി
പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും കൈറ്റിന്റെയും നേതൃത്വത്തിൽ നടന്നു വരുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടിസ്ഥാനമാക്കിയുള്ള പരിശീലനം 13,000 ഹൈസ്‌കൂൾ, ഹയർസെക്കൻഡറി അധ്യാപകർ പൂർത്തിയാക്കി. അടുത്ത ബാച്ചുകൾ സംസ്ഥാനത്ത് 140 കേന്ദ്രങ്ങളിലായി മെയ് 23-നും 27-നും മൂന്നു ദിവസ പരിശീലനം ആരംഭിക്കും. അവധിക്കാലത്ത് ഇതോടെ 20,000 അധ്യാപകർക്കുള്ള പരിശീലനം പൂർത്തിയാകും. ഈ കേന്ദ്രങ്ങളിലേക്ക് വിദ്യാലയങ്ങളിൽ നിന്ന് ഹയർസെക്കൻഡറി പ്രിൻസിപ്പൽമാർക്ക് അധ്യാപകരെ ട്രെയിനിംഗ് മാനേജമെന്റ് സിസ്റ്റം വഴി നേരിട്ട് രജിസ്റ്റർ ചെയ്യാം.
ആഗസ്റ്റ് മാസത്തോടെ 80,000 വരുന്ന ഹൈസ്‌കൂൾ, ഹയർസെക്കന്ററി അധ്യാപകർക്കും പരിശീലനം പൂർത്തിയാക്കും. തുടർന്ന് പ്രൈമറി അധ്യാപകർക്കും ഈ മേഖലയിൽ പരിശീലനം നൽകും. 2025 ജനുവരിയോടെ സംസ്ഥാനത്തെ രണ്ട് ലക്ഷത്തോളം അധ്യാപകർക്ക് സമ്മറൈസേഷൻ, ഇമേജ് ജനറേഷൻ, പ്രോംപ്റ്റ് എൻജിനിയറിങ്, പ്രസന്റേഷൻ-ആനിമേഷൻ നിർമാണം, ഇവാലുവേഷൻ എന്നീ മേഖലകളിൽ എ.ഐ പരിശീലനം പൂർത്തിയാക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി പ്രഖ്യാപിച്ചിട്ടുണ്ട്. ഓരോ അധ്യാപകരും ഇന്റർനെറ്റ് സൗകര്യമുള്ള പ്രത്യേകം പ്രത്യേകം ലാപ്‌ടോപ്പുകളുടെ സഹായത്തോടെയാണ് പരിശീലനം നേടുന്നത്.
പി.എൻ.എക്‌സ്. 1800/2024
- Log in to post comments