Skip to main content

'കേരള പുരസ്‌കാരങ്ങള്‍': നാമനിര്‍ദ്ദേശം ചെയ്യാനവസരം

വിവിധ മേഖലകളില്‍ സമൂഹത്തിന് സമഗ്രസംഭാവനകള്‍ നല്‍കിയിട്ടുള്ളവര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന 'കേരള പുരസ്‌കാരങ്ങള്‍' 2024 ന് അനുയോജ്യരായ വ്യക്തികളെ നാമനിര്‍ദ്ദേശം ചെയ്യാം. നാമനിര്‍ദ്ദേശങ്ങള്‍ https://keralapuraskaram.kerala.gov.in ല്‍ ഓണ്‍ലൈനായി സമര്‍പ്പിക്കണം. നാമനിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാനുള്ള അവസാന തിയതി ജൂലൈ 31. കേരളപുരസ്‌കാരങ്ങള്‍ 'കേരള ജ്യോതി', 'കേരള പ്രഭ', 'കേരള ശ്രീ' എന്നീ മൂന്ന് വിഭാഗങ്ങളായാണ് നല്‍കുന്നത്. കേരള ജ്യോതി വര്‍ഷത്തില്‍ ഒരാള്‍ക്കും കേരള പ്രഭ രണ്ടുപേര്‍ക്കും കേരള ശ്രീ അഞ്ചുപേര്‍ക്കുമാണ് നല്‍കുന്നത്. കല, സാമൂഹ്യസേവനം, പൊതുകാര്യം, സയന്‍സ് ആന്‍ഡ് എഞ്ചിനീയറിംഗ്, വ്യവസായ-വാണിജ്യം, സാഹിത്യം, വിദ്യാഭ്യാസം, ആരോഗ്യം, സിവില്‍ സര്‍വ്വീസ്, കായികം, കൃഷി മറ്റ് മേഖലകള്‍ എന്നിങ്ങനെ വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചവരെയാണ് പരിഗണിക്കുന്നത്. കേരള പുരസ്‌കാരങ്ങള്‍ക്കായി പരിഗണിക്കുന്നവര്‍ക്ക് പ്രത്യേക അടിസ്ഥാന യോഗ്യത നിശ്ചയിച്ചിട്ടില്ല. എന്നാല്‍ അവരവരുടെ മേഖലകളില്‍ ആജീവനാന്ത സംഭാവനകള്‍ കണക്കിലെടുത്താകണം നാമനിര്‍ദ്ദേശം സമര്‍പ്പിക്കേണ്ടത്. പുരസ്‌കാരത്തിന് വ്യക്തികള്‍ക്ക് നേരിട്ട് അപേക്ഷ സമര്‍പ്പിക്കാന്‍ സാധിക്കില്ല. എന്നാല്‍ ആര്‍ക്കും മറ്റുള്ളവരെ നാമനിര്‍ദ്ദേശം ചെയ്യാം. നാമനിര്‍ദ്ദേശം ചെയ്യുന്നയാള്‍, സംഘടന കേരള പുരസ്‌കാരങ്ങളുടെ ഓരോ വിഭാഗത്തില്‍ നിന്നും ഒന്നുവീതം പരമാവധി മൂന്ന് നാമനിര്‍ദ്ദേശങ്ങള്‍ മാത്രമെ ചെയ്യുവാന്‍ പാടുള്ളൂ. കേരള പുരസ്‌കാരങ്ങള്‍ മരണാനന്തര ബഹുമതിയായി നല്‍കുന്നതല്ല. ഡോക്ടര്‍മാര്‍, ശാസ്ത്രജ്ഞര്‍ എന്നിവര്‍ ഒഴികെ പൊതുമേഖല സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അവാര്‍ഡിന് അര്‍ഹരല്ല. വിരമിച്ചശേഷം പുരസ്‌കാരങ്ങള്‍ക്കായി നാമനിര്‍ദ്ദേശം ചെയ്യാം. പത്മ പുരസ്‌കാരങ്ങള്‍ നേടിയിട്ടുള്ളവരെ കേരളപുരസ്‌കാരങ്ങള്‍ക്ക് പരിഗണിക്കുന്നതല്ല. സംസ്ഥാനത്ത് പത്ത് വർഷമെങ്കിലും താമസിച്ചു വരുന്ന, താമസിച്ചിരുന്ന ഭാരത പൗരൻമാരെയാണ് കേരള പുരസ്കാരങ്ങൾക്കായി പരിഗണിക്കുക.  നവംബര്‍ ഒന്നിന് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കും. ഫോണ്‍;  04712518531, 04712518223, 04712525444
 

date