Skip to main content

വായ്പ നല്‍കുന്നതില്‍ ബാങ്കുകള്‍ അനുഭാവപൂര്‍ണമായ സമീപനം സ്വീകരിക്കണം - ആന്റോ ആന്റണി എംപി

പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ വായ്പകള്‍ നല്‍കുന്ന കാര്യത്തില്‍ ബാങ്കുകള്‍ കൂടുതല്‍ ഉദാരമായ സമീപനം സ്വീകരിക്കണമെന്ന് ആന്റോ ആന്റണി എംപി പറഞ്ഞു. കുമ്പഴ ഹോട്ടല്‍ ഹില്‍പാര്‍ക്കില്‍ ചേര്‍ന്ന ജില്ലാ ബാങ്കിംഗ് അവലോകന സമിതിയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു എംപി. വ്യാപാരികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ജീവനോപാധികള്‍ തിരിച്ചുപിടിക്കുന്നതിന് ബാങ്കുകളുടെ സഹായം അനിവാര്യമാണെന്നും എംപി പറഞ്ഞു.
 ജില്ലയിലെ എല്ലാ ബാങ്കുകളും വായ്പ നല്‍കുന്ന കാര്യത്തില്‍ ഉദാരമായ സമീപനം സ്വീകരിക്കുമെന്ന് ലീഡ് ബാങ്ക് മാനേജര്‍ വി.വിജയകുമാരന്‍ പറഞ്ഞു. ഈ വര്‍ഷം ആദ്യപാദം വരെ നല്‍കേണ്ട മുന്‍ഗണന വായ്പ 840 കോടിയായിരുന്നു. എന്നാല്‍ 893 കോടി രൂപ വിവിധ മേഖലകളിലായി വിതരണം നടത്തി ബാങ്കുകള്‍ ലക്ഷ്യം കൈവരിച്ചു. ജില്ലയില്‍ ഏറ്റവും കൂടുതല്‍ നല്‍കുന്നത് കാര്‍ഷിക വായ്പയാണ്. ഈ ഇനത്തില്‍ 436 കോടി രൂപയോളം വിതരണം ചെയ്യുവാന്‍ ബാങ്കുകള്‍ക്ക് സാധിച്ചു. കൂടാതെ ഉന്നതവിദ്യാഭ്യാസം ചെയ്യുന്ന കുട്ടികളുടെ പുസ്തകങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ടെങ്കില്‍  ഇവ വാങ്ങുന്നതിന് പുതിയ വായ്പ അനുവദിക്കുന്നതിനുള്ള നടപടികളും അന്തിമഘട്ടത്തിലാണ്. പ്രളയക്കെടുതിയിലായ വ്യാപാരികള്‍ക്ക് 10 ലക്ഷം രൂപ വരെ വായ്പ നല്‍കും. നിലവില്‍ വായ്പ എടുത്തിട്ടുള്ളവര്‍ക്ക് ഒക്ടോബര്‍ 31വരെ അത് പുനക്രമീകരിക്കാന്‍ സാവകാശമുണ്ട്. പുതിയ വായ്പ ആവശ്യമുള്ളവര്‍ക്ക് ഡിസംബര്‍ 31 വരെ അപേക്ഷിക്കാം. നിശ്ചിത ഈടില്ലാതെ തന്നെ വായ്പ നല്‍കാനാണ് തീരുമാനം. പ്രളയബാധിത മേഖലകളിലെ വായ്പകള്‍ക്ക് പ്രഖ്യാപിച്ചിട്ടുള്ള ഒരു വര്‍ഷത്തെ മോറട്ടോറിയം വ്യാപാരികള്‍ക്കും ബാധകമാണ്. വിദ്യാഭ്യാസ വായ്പകളിലും തിരിച്ചടവിന് ഒരു വര്‍ഷത്തെ ഇളവ് പരിഗണിക്കും. കുടുംബശ്രീ വഴി നല്‍കുന്ന ഒരു ലക്ഷം രൂപ വായ്പ ഇതിനോടകം തന്നെ വിതരണം ആരംഭിച്ചിട്ടുണ്ട്. എഡിഎം പി.റ്റി.എബ്രഹാം, ഡിജിഎം ജോയ്‌സി അര്യങ്കര, ആര്‍ബിഐ എജിഎം സി.ജോസഫ്, നബാര്‍ഡ് എജിഎം രഘുനാഥന്‍പിള്ള, വിവിധ ബാങ്ക് പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.                              (പിഎന്‍പി 3061/18)

date