Skip to main content

പ്രളയബാധിതര്‍ക്ക് ആശ്വാസമേകാന്‍ കുടുംബശ്രീയും സേവ് ദ ചില്‍ഡ്രനും

ജില്ലയിലെ പ്രളയബാധിത പ്രദേശങ്ങളിലെ കുടുംബങ്ങള്‍ക്കും കുട്ടികള്‍ക്കും പുതുപ്രതീക്ഷ നല്‍കാന്‍ കുടുംബശ്രീക്കൊപ്പം അന്താരാഷ്ട്ര സന്നദ്ധസംഘടനയായ സേവ് ദ ചില്‍ഡ്രനും. കുട്ടികള്‍ക്കും കുടുംബങ്ങള്‍ക്കും മാനസികവും സാമൂഹികവുമായ പിന്തുണ ഉറപ്പാക്കി മുമ്പോട്ടുള്ള ജീവിതത്തിന് ആവശ്യമായ കൈത്താങ്ങൊരുക്കുകയാണ് സേവ് ദ ചില്‍ഡ്രന്റെ ലക്ഷ്യം. പത്തനംതിട്ടയ്ക്ക് പുറമേ ആലപ്പുഴ, വയനാട് ജില്ലകളിലും ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന സേവനങ്ങള്‍ ചെയ്യുന്നതിനുള്ള സന്നദ്ധത സേവ് ദ ചില്‍ഡ്രന്‍ രേഖാമൂലം അറിയിച്ചു. അടുത്തവര്‍ഷം സെപ്റ്റംബര്‍ വരെയാണ് സേവന പദ്ധതികളുടെ കാലാവധി. ജില്ലയില്‍ പ്രളയം ഏറെ ബാധിച്ച ആറന്മുള, റാന്നി, കോഴഞ്ചേരി, പെരിങ്ങര എന്നീ പഞ്ചായത്തുകളിലും പന്തളം നഗരസഭയിലുമായിരിക്കും സേവ് ദ ചില്‍ഡ്രന്‍ കുടുംബശ്രീയുമായി ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ നടത്തുക. പ്രളയബാധിത മേഖലകളില്‍ റിലീഫ് കിറ്റുകളുടെ വിതരണം, വരാനിരിക്കുന്ന രോഗങ്ങളെ തടയാന്‍ വിദ്യാലയങ്ങളിലും കുടുംബങ്ങളിലും ശുദ്ധീകരണത്തിനായുള്ള സഹായങ്ങള്‍ ലഭ്യമാക്കല്‍, ശുദ്ധജലം ലഭ്യമാക്കുക, കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പ് വരുത്തുക, പ്രളയം നാശം വിതച്ചവര്‍ക്ക് മുമ്പോട്ടുള്ള ഉപജീവനമാര്‍ഗം കണ്ടെത്തികൊടുക്കുക തുടങ്ങിയവയും സേവ് ദ ചില്‍ഡ്രന്റെ ലക്ഷ്യത്തിലുണ്ട്. തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാലയങ്ങളുടേയും അങ്കണവാടികളുടേയും നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുക, ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുക എന്നിവയും സംഘടന ലക്ഷ്യമിടുന്നുണ്ട്.  തെരഞ്ഞെടുത്ത വിദ്യാലയങ്ങളില്‍ പഠനോപകരണങ്ങളും വിതരണം ചെയ്യും. സേവ് ദ ചില്‍ഡ്രന്റെ ജില്ലയിലെ പ്രവര്‍ത്തനങ്ങളുടെ സഹായത്തിനായി കുടുംബശ്രീ കമ്യൂണിറ്റി കൗണ്‍സിലര്‍മാരെ നിയോഗിച്ചിട്ടുണ്ട്. ഇവര്‍ ഈ പഞ്ചായത്തുകളിലെ വീടുകള്‍ സന്ദര്‍ശിച്ച് അര്‍ഹരായവര്‍ക്ക് സേവനങ്ങളും സഹായങ്ങളും ലഭ്യമാക്കുന്നതിനായി സേവ് ദി ചില്‍ഡ്രന്‍ പ്രവര്‍ത്തകരെ സഹായിക്കും.                                          (പിഎന്‍പി 3062/18)

date