Skip to main content

ജലസുരക്ഷയുടെ പാഠങ്ങള്‍ അതീവ ഗൗവരവത്തോടെ ഉള്‍ക്കൊള്ളണം:  മന്ത്രി മാത്യു ടി തോമസ്

പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ ജലസുരക്ഷയുടെ പാഠങ്ങള്‍ അതീവ ഗൗരവത്തോടെ ഉള്‍ക്കൊള്ളണമെന്ന് മന്ത്രി മാത്യു ടി തോമസ് പറഞ്ഞു. ഹരിതകേരളം മിഷന്റെ ആഭിമുഖ്യത്തില്‍ പ്രളയത്തിന്റെ ആഘാതത്തെക്കുറിച്ച് പഠനം നടത്തുന്നതിനായി ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച ആലോചനാ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കിണറുകളിലും നദികളിലും പ്രളയാന്തരം ജലനിരപ്പ് താഴുന്നതായി ആശങ്കയുയര്‍ന്നിട്ടുണ്ട്. ശാസ്ത്രീയമായ പഠനത്തിലൂടെ ജനങ്ങളുടെ ഇത്തരം ആശങ്കകള്‍ക്ക് പരിഹാരം കാണണം. ഇത്തരം പഠനങ്ങള്‍ക്ക് ഹരിതകേരളം മുന്നിട്ടിറങ്ങിയത് ഏറെ ആശ്വാസകരമാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ ഇത്തരം സംരഭങ്ങള്‍ക്ക് ജനകീയ പിന്തുണ ഉറപ്പാക്കണം. പ്രളയം സൃഷ്ടിച്ച ആഘാതങ്ങള്‍ക്ക് പുറമേ ഇനിയും ഇത്തരം ദുരന്തരങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ എന്തെല്ലാം നടപടി സ്വീകരിക്കേണ്ടതുണ്ട്, നിലവിലെ സ്ഥിതി എന്താണ് തുടങ്ങിയ കാര്യങ്ങളും കൂടുതല്‍ വ്യക്തമാവാന്‍ ഇത്തരം പഠനങ്ങളിലൂടെ സാധിക്കും. 
പമ്പയെ മൂന്ന് മേഖലകളായി തിരിച്ചാണ് പഠനം നടത്തുന്നത്. ഉയര്‍ന്ന പ്രദേശം, താഴ്ന്ന പ്രദേശം, ഇടപ്രദേശം എന്നിങ്ങനെ തിരിച്ച് പഠനം നടത്തുമ്പോള്‍ ഈ പ്രദേങ്ങളിലെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ ജനങ്ങളുടെ സഹകരണം ഉറപ്പാക്കണം. ശബരിമലയും മാരാമണ്‍ കണ്‍വന്‍ഷനും അടക്കമുള്ള മതപരമായ പ്രാധാന്യം മാത്രമല്ല പമ്പയ്ക്കുള്ളത്. വളരെ ഏറെ പ്രദേശങ്ങളിലേക്ക് കൃഷിക്കും കുടിവെള്ളത്തിനും സഹായകരമായിട്ടുള്ളതും പമ്പയാണ്. അതുകൊണ്ട് തന്നെ പമ്പയെക്കുറിച്ചുള്ള പഠനത്തിന് ഏറെ പ്രാധന്യമുണ്ടെന്നും മന്ത്രി പറഞ്ഞു. 
പ്രളയത്തെ തുടര്‍ന്ന് നാട്ടില്‍ ജനങ്ങള്‍ നേരിടേണ്ടി വന്ന ബുദ്ധിമുട്ടുകള്‍ ചിലര്‍ വൈകാരികമായി വഴിതിരിച്ചു വിടുന്നത് നല്ല പ്രവണതയല്ലെന്നും മന്ത്രി പറഞ്ഞു. വസ്തുനിഷ്ഠമായ സമീപനമാണ് ഇവിടെ വേണ്ടതെന്നും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കരുതെന്നും മന്ത്രി പറഞ്ഞു. 
    ഹരിതകേരളം മിഷന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന പഠനം പ്രളയാനന്തരം ജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ക്ക് പരിഹാരം കാണുന്നതിനുള്ള ഒരു ചൂണ്ടുപലകയായി മാറണമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച വീണാജോര്‍ജ് എംഎല്‍എ പറഞ്ഞു. പഠനത്തിന് തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള സ്ഥലങ്ങളിലെ തദ്ദേശഭരണ സ്ഥാപനങ്ങള്‍ പഠനത്തിന്റെ ഏകോപനം കാര്യക്ഷമമായി നിര്‍വഹിക്കാന്‍ ശ്രദ്ധിക്കണമെന്നും എംഎല്‍എ പറഞ്ഞു. 
ഹരിതകേരളം സംസ്ഥാന ഉപാധ്യക്ഷ ടി എന്‍ സീമ മുഖ്യപ്രഭാഷണം നടത്തി. 1924 ലെ വെള്ളപ്പൊക്കത്തേക്കാള്‍ ഏറെ ജനങ്ങളെ ഇപ്പോഴത്തെ പ്രളയം ബാധിച്ചതിന് പ്രധാന കാരണം നദിയുടെ വൃഷ്ടി പ്രദേങ്ങളിലെ കൈയേറ്റമാണ്. ഇത്തരം കൈയേറ്റങ്ങള്‍ കണ്ടെത്താനും അത് തടയാനും ഇത്തരം പഠനങ്ങളിലൂടെ സാധിക്കുമെന്നും ഡോ.സീമ പറഞ്ഞു. 
ജില്ലാ കലക്ടര്‍ പി ബി നൂഹ്, ഹരിതകേരളം മിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ആര്‍.രാജേഷ്, ഹരിതകേരളം കണ്‍സള്‍ട്ടന്റ് എബ്രഹാം കോശി, കെ.എസ്.ആര്‍.ഇ.സി സയന്റിസ്റ്റ് സുരേഷ് കോശി, പമ്പാനദി കടന്ന് പോകുന്ന ഗ്രാമപഞ്ചായത്തുകളിലെ പ്രസിഡന്റുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.                                       (പിഎന്‍പി 3065/18)

date