Skip to main content

സര്‍ക്കാരിനെ സഹായിക്കേണ്ടത് ഞങ്ങളുടെ കടമ

കേരളത്തിന്റെ പുനര്‍നിര്‍മിതിക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് പെന്‍ഷന്‍ തുക കൈമാറാന്‍ സമ്മതപത്രം നല്‍കി ജില്ലയിലെ ഒരു കൂട്ടം പെന്‍ഷന്‍കാരും. സര്‍ക്കാര്‍ ജീവനക്കാര്‍ക്കൊപ്പം പെന്‍ഷന്‍ വാങ്ങുന്നവരും അവരുടെ തുക സംസ്ഥാനത്തിന്റെ പുനര്‍നിര്‍മാണത്തിനായി കൈമാറുന്നതിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചെത്തിയ വ്യത്യസ്തരായ അഞ്ച് പേര്‍ ഒരുമിച്ച് ചേര്‍ന്നാണ് സമ്മതപത്രം കൈമാറിയത്. ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് പ്രൊഫ.ടി.കെ.ജി. നായര്‍, അദ്ദേഹത്തോടൊപ്പം ഭാര്യയും കാട്ടൂര്‍ എന്‍എസ്എസ് സ്‌കൂളില്‍ നിന്ന് വിരമിച്ച പ്രഥമാദ്ധ്യാപികയുമായ എസ്. നിര്‍മ്മലാദേവി, അദ്ധ്യാപകരായിരുന്ന കെ.ആര്‍ ഭാര്‍ഗവന്‍, പ്രൊഫ. തോമസ് ഡാനിയേല്‍, പഞ്ചായത്ത് സെക്രട്ടറിയായിരുന്ന എം.ആര്‍ രാജം എന്നിവരും പെന്‍ഷന്‍ തുക കൈമാറുന്നതിനുള്ള സമ്മതപത്രം ജില്ലാ ട്രഷറി ഓഫീസിലെത്തി അസിസ്റ്റന്റ് ജില്ലാ ട്രഷറി ഓഫീസര്‍ സി.കെ ബാബുരാജിന് കൈമാറി. ഒരു മാസത്തെ പെന്‍ഷന്‍ തുക പത്ത് തവണകളായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് വകയിരുത്തുന്നതിനുള്ള സമ്മതമാണ് ഇവര്‍ നല്‍കിയത്. സര്‍ക്കാരിനെ സഹായിക്കേണ്ടത് എല്ലാവരുടേയും കടമയാണെന്നും അതിന് പെന്‍ഷന്‍ വാങ്ങുന്ന വ്യക്തികള്‍ എന്ന നിലയില്‍ മാതൃകയാകുന്നതിനായാണ് നേരിട്ടെത്തി സമ്മതപത്രം നല്‍കാന്‍ തയ്യാറായതെന്ന് പ്രൊഫ.ടി.കെ.ജി. നായര്‍ പറഞ്ഞു. സ്റ്റാമ്പ്് ഡിപ്പോ ഓഫീസര്‍ കെ.എസ് ബിജു, ജൂണിയര്‍ സൂപ്രണ്ടുമാരായ ശ്രീലത ആര്‍ നായര്‍, രാജേഷ് ടി.നായര്‍, ടി സുദര്‍ശനന്‍, അക്കൗണ്ടന്റുമാരായ ബിനു ജി. തമ്പി, സി.കെ പ്രദീപ്കുമാര്‍, എസ്. നിശാന്ത്, സിന്ധു എസ്, ആശ വി.പുന്നൂസ് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.                    (പിഎന്‍പി 3066/18)

date