നെറ്റ് സീറോ കാര്‍ബണ്‍; സര്‍ക്കാര്‍ ഓഫീസുകളില്‍ ഊര്‍ജ ഓഡിറ്റിങ്ങ്
ഹരിത കേരളം മിഷന്റെ നെറ്റ് സീറോ കാര്‍ബണ്‍ കേരളം ജനങ്ങളിലൂടെ കാമ്പെയിനിന്റെ ഭാഗമായി ജില്ലയിലെ 14 തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ സര്‍ക്കാര്‍ കാര്യാലയങ്ങളുടെ ഊര്‍ജ്ജ ഉപയോഗം സംബന്ധിച്ച് ഓഡിറ്റ് നടത്തും. വേള്‍ഡ് റിസോഴ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ടുമായി ചേര്‍ന്ന് നടത്തുന്ന ഊര്‍ജ ഓഡിറ്റിങ്ങിന്റെ ജില്ലാ തല പരിശീലനം പെരളശ്ശേരി ഗ്രാമ പഞ്ചായത്ത് ഹാളില്‍ നടന്നു.പഞ്ചായത്ത് പ്രസിഡണ്ട് എ വി ഷീബ പരിശീലനം ഉദ്ഘാടനം ചെയ്തു. ഹരിത കേരളം മിഷന്‍ ജില്ലാ കോ -ഓര്‍ഡിനേറ്റര്‍ ഇകെ സോമശേഖരന്‍ അധ്യക്ഷത വഹിച്ചു. എ സന്തോഷ് പരിശീലന ക്ലാസ്സ് നയിച്ചു. നെറ്റ് സീറോ കാര്‍ബണ്‍ കേരളം ജില്ലാ കോര്‍ ഗ്രൂപ്പ് അംഗം കെ കെ സുഗതന്‍, പഞ്ചായത്ത് സെക്രട്ടറി പി പി സജിത എന്നിവര്‍ സംസാരിച്ചു.
ജില്ലയിലെ ഒന്നാം ഘട്ടത്തില്‍ തിരഞ്ഞെടുക്കപ്പെട്ട ഉദയഗിരി, കുറുമാത്തൂര്‍, പായം, പെരളശ്ശേരി, ചെറുകുന്ന്, കണ്ണപുരം, മുഴക്കുന്ന്, മുഴപ്പിലങ്ങാട്, പിണറായി, ധര്‍മ്മടം, അഞ്ചരക്കണ്ടി , വേങ്ങാട്, കടമ്പൂര്‍, ചെമ്പിലോട് എന്നീ പഞ്ചായത്തുകളിലാണ് സര്‍വ്വെ.
കാര്‍ബണ്‍ ബഹിര്‍ഗമനത്തിന്റെയും കാര്‍ബണ്‍ ശേഖരണത്തിന്റെയും അളവുകള്‍ കണ്ടുപിടിച്ച് താരതമ്യം ചെയ്യുക, വിശകലനം നടത്തി കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങള്‍ ലഘൂകരിക്കുന്നതിനും കാര്‍ബണ്‍ തുല്യതാവസ്ഥ കൈവരിക്കുന്നതിനുള്ള തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് ജില്ലയിലെ വിവിധ മേഖലകളില്‍ നടക്കുന്നത്.
- Log in to post comments