Skip to main content

    എയ്ഡ്സ് ദിനാചരണം ഡിസംബര്‍ ഒന്നിന് :  ജില്ലാതല ഉദ്ഘാടനം കൊഴിഞ്ഞാമ്പാറയില്‍ 

    ലോക എയ്ഡ്സ് ദിനാചരണത്തോടനുബന്ധിച്ചുള്ള ജില്ലാതല പരിപാടികള്‍ ഡിസംബര് ഒന്നിന് കൊഴിഞ്ഞാമ്പാറയില്‍ നടക്കും. ലയണ്‍സ് ക്ലബ്ബുമായി സഹകരിച്ചാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്.രാവിലെ 9.30ന് കൊഴിഞ്ഞാമ്പാറ ആശുപത്രി പരിസരത്ത് നിന്ന് ആരംഭിക്കുന്ന റാലിയില്‍ ആശ വര്‍ക്കര്‍മാര്‍, അങ്കണവാടി പ്രവര്‍ത്തകര്‍, എന്‍.എസ്.എസ്.വൊളന്‍റിയര്‍മാര്‍, വിവിധ സ്കൂളുകളിലെ സ്കൗട്ട്സ്, ഗൈഡ്സ്,  എന്‍.സി.സി.കെഡറ്റ്സ് എന്നിവര്‍ പങ്കെടുക്കും. തുടര്‍ന്ന് കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഹാളില്‍ നടക്കുന്ന സെമിനാര്‍ കെ.കൃഷ്ണന്‍കുട്ടി എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. ജില്ലയിലെ ബസ് സ്റ്റാന്‍ഡുകളിലും റെയില്‍വെ സ്റ്റേഷനുകളിലും ബോധവത്കരണ പ്രദര്‍ശനം നടക്കും. ദിനാചരണത്തിന് മുന്നോടിയായി 30ന് വൈകീട്ട് കോട്ടമൈതാനത്ത് ബോധവത്കരണ പ്രചാരണത്തിന്‍റെ ഭാഗമായി ദീപം തെളിയിച്ച് പ്രതിജ്ഞയെടുക്കും.
    സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ എയ്ഡ്സ് രോഗികളുള്ളത് പാലക്കാടാണെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. 2056 പേര്‍ ഇതില്‍ 76 പേര്‍ കുട്ടികളാണ്. ജില്ലയുടെ അതിര്‍ത്തി പ്രദേശങ്ങളിലാണ് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. പാലക്കാടും എയ്ഡ്സ് രോഗികള്‍ കൂടുതലുള്ള തിരുവനന്തപുരം, തൃശ്ശൂര്‍ ജില്ലകളിലും ഡിസംബര്‍, ജനുവരി മാസങ്ങളില്‍ തീവ്രബോധവത്കരണ പ്രചാരണ പരിപാടികള്‍ ആരോഗ്യ വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കും. നിലവില്‍ ജില്ലയില്‍ 14 എ.ആര്‍.റ്റി. സെന്‍ററുകളില്‍ സൗജന്യ പരിശോധനയ്ക്കും കൗണ്‍സലിങ്ങിനും സംവിധാനമുണ്ട്. ഗര്‍ഭിണികളില്‍ നിന്നും കുട്ടികള്‍ക്ക് രോഗം പടരാതിരിക്കാനുള്ള മുന്‍കരുതല്‍ നടപടികളും സ്വീകരിക്കുന്നുണ്ട്. എങ്കിലും എച്ച്.ഐ.വി ബാധിതരായവരുടെ കുട്ടികള്‍ക്ക് പ്രത്യേക പരിഗണനയും പഠനസൗകര്യവും മറ്റും ലഭ്യമാക്കുന്നതിന് ലയണ്‍സ് ക്ലബ്ബ് മുന്‍കൈയുടുത്തുള്ള പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിന് ഉടന്‍ യോഗം ചേരാനും തീരുമാനിച്ചു. 
    ജില്ലാ കലക്ടര്‍ ഡോ:പി.സുരേഷ്ബാബുവിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ എ.ഡി.എം.എസ്.വിജയന്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ: കെ.പി.റീത്ത, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
 

date