Skip to main content

ആര്‍ക്കും പാടാം ഇന്ന് അരീക്കോട്ട് സമാപിക്കും

 

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പാട്ടു പാടി ധനം സമാഹരിക്കുന്ന മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിള കലാ അക്കാദമിയുടെ ആര്‍ക്കും പാടാം പരിപാടി ഇന്ന് വൈകുന്നേരം അഞ്ചിന് അരീക്കോട്ട് സമാപിക്കും. ലോക സാക്ഷരതാ ദിനമായ സെപ്തംബര്‍ എട്ടിന് ആരംഭിച്ച ആര്‍ക്കും പാടാം പാട്ടു വണ്ടി മലപ്പുറം, കോഴിക്കോട് ജില്ലകളിലെ 51 കേന്ദ്രങ്ങളില്‍ പാട്ടു പാടി 3, 10, 268 രൂപ സമാഹരിച്ചു. ഇന്നലെ  മുക്കം, കൊടുവള്ളി എന്നിവിടങ്ങളില്‍ ആര്‍ക്കും പാടാം അവതരിപ്പിച്ചു.ഇന്ന് ഉച്ചക്ക് മൂന്നിന് കീഴ്പറമ്പില്‍ പാട്ടു വണ്ടി എത്തും.
സെപ്തംബര്‍ 30 നു ഞായറാഴ്ച കൊണ്ടോട്ടി മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിള കലാ അക്കാദമിയില്‍ നടക്കുന്ന ചടങ്ങില്‍ ഉന്നത വിദ്യാഭ്യാസ, ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി ഡോ.കെ.ടി ജലീല്‍ അക്കാദമി സമാഹരിച്ച തുക ഏറ്റുവാങ്ങും. അക്കാദമിയിലെ ഫോട്ടോ ഗാലറികളുടെയും പുരാരേഖാ ഗാലറിയുടെയും ഉദ്ഘാടനവും മന്ത്രി നിര്‍വ്വഹിക്കും.
കഴിഞ്ഞ നൂറ്റാണ്ടില്‍ സംഭവിച്ച മഹാപ്രളയത്തെ ഇതിവൃത്തമാക്കി അക്കാലത്ത് രചിക്കപ്പെട്ട മാപ്പിളപ്പാട്ടുകളുടെ സമാഹാരമായി വെള്ളപ്പൊക്ക മാല ഓഡിയോ സി ഡിയുടെ പ്രകാശനവും മന്ത്രി നിര്‍വഹിക്കും. പുരാരേഖ ഗാലറി ടി.വി.ഇബ്രാഹിം എം എല്‍ എ ഉദ്ഘാടനം ചെയ്യും. അക്കാദമി ചെയര്‍മാന്‍ ടി.കെ.ഹംസ അധ്യക്ഷനാകും.

 

date