സുരക്ഷയുടെ തണലില്‍ അവര്‍ അതിജീവിക്കും
ദേശീയ എയ്ഡ്സ് നിയന്ത്രണ ഓര്ഗനൈസേഷന് കീഴില്‍ വരുന്ന സംസ്ഥാന എയ്ഡ്സ് നിയന്ത്രണ സൊസൈറ്റിയുമായി സഹകരിച്ച് മലപ്പുറം ജില്ലാ പഞ്ചായത്ത് നടപ്പിലാക്കികൊണ്ടിരിക്കുന്ന സുരക്ഷ പദ്ധതി ഈ വര്‍ഷം മുതല്‍ പുതിയ ഒരു സംരംഭം കൂടി ആരംഭിക്കുന്നു. സംസ്ഥാന ദാരിദ്ര്യലഘൂകരണ മിഷന് കീഴില്‍ വരുന്ന കുടുംബശ്രീയുമായി ചേര്‍ന്ന് സുരക്ഷ പദ്ധതി ഗുണഭോക്താക്കള്‍ക്കായി വിവിധ തൊഴില്‍ സംരംഭങ്ങള്‍ക്ക് തുടക്കം കുറിക്കുകയാണ്. ഇതിന്റെ ആദ്യപടിയായി മലപ്പുറം മുനിസിപ്പാലിറ്റിക്ക് കീഴില്‍ രജിസ്റ്റര്‍ ചെയ്ത ' സ്നേഹിത സ്പെഷല്‍ അയല്‍ക്കൂട്ടം' രൂപീകരിച്ച് മാസങ്ങള്‍ക്ക് മുമ്പ് പ്രവര്‍ത്തനം ആരംഭിച്ചു. ജില്ലയിലെ സുരക്ഷ പദ്ധതി ഗുണഭോക്താക്കള്‍ക്ക് അവരുടെ താമസസ്ഥലമോ പഞ്ചായത്തോ പരിഗണിക്കാതെ ഗുണഭോക്തൃ ഗ്രൂപ്പുകളുടെ അടിസ്ഥാനത്തില്‍ പ്രസ്തുത സ്പെഷല്‍ അയല്‍ക്കൂട്ടത്തില്‍ രജിസ്റ്റര്‍ ചെയ്യാം. അയല്‍ക്കൂട്ട-തൊഴില്ഗ്രൂപ്പുകള്ക്ക് വേണ്ടി പരിശീലനങ്ങള്‍, സാങ്കേതിക സഹായങ്ങള്‍, വായ്പാ സൗകര്യങ്ങള്‍ എന്നിവ കുടുംബശ്രീ ജില്ലാ മിഷന് നല്‍കും.
സ്നേഹിത സ്പെഷല്‍ അയല്‍ക്കൂട്ടം വ്യത്യസ്തമായ നാല് തൊഴില്‍ ഗ്രൂപ്പുകള്‍ രൂപീകരിച്ച് കഴിഞ്ഞു. ഇനി അവര്‍ സമൂഹത്തിന്റെ മുഖ്യധാരാ പ്രവര്‍ത്തനങ്ങളില്‍ സജീവമാകും. കഴിഞ്ഞ ദിവസം അംഗത്വ കാര്‍ഡ് പ്രത്യേക ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് വി.സുധാകരന് വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് സെക്രട്ടറിയും സൂരക്ഷ പ്രൊജക്ട് ഡയറക്ടറുമായ പ്രീതി മേനോന് അധ്യക്ഷത വഹിച്ചു. കുടുംബശ്രീ മിഷന് ജില്ലാ അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍ ശ്രീ.കെ.എം.വിനോദ് പരിശിലനക്ലാസ് നയിച്ചു. പ്രൊജക്ട് മാനേജര്‍ ഹമീദ് കട്ടുപ്പാറ സ്വാഗതവും കോ-ഓര്‍ഡിനേറ്റര്‍ രാജേശ്വരി നന്ദിയും പറഞ്ഞു.
ജില്ലയിലെ എയ്ഡ്സ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, സേവനങ്ങള്‍ ഏകോപിക്കല്‍, വ്യാപനം തടയല്‍, സ്ത്രീ ശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ എന്നിവയാണ് പ്രൊജക്ടിന്റെ പ്രഥമമായ ലക്ഷ്യം. ലൈംഗിക ന്യൂനപക്ഷങ്ങളും സമൂഹത്തില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുമായ സ്ത്രീകള്‍ക്ക് വേണ്ടിയാണ് പ്രൊജക്ട് പ്രവര്‍ത്തിക്കുന്നത്. ഇന്ത്യയില്‍ തന്നെ ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനം ആദ്യമായി ഏറ്റെടുത്ത് വിജയകരമായി 10വര്‍ഷം പിന്നിട്ടിരിക്കുകയാണ് സുരക്ഷ (എടണ) പദ്ധതി. സംസ്ഥാന എയ്ഡ്സ് നിയന്ത്രണ സൊസൈറ്റിയുടെ ഒരു മോഡല്‍ പ്രൊജക്ട് കൂടിയാണ് ജില്ലാ പഞ്ചായത്തിന്റെ മാതൃകാപരമായ ഈ പദ്ധതി. ഇന്ത്യയില്‍ തന്നെ ആരോഗ്യ വിദ്യാഭ്യാസ മേഖലയില്‍ നിരവധി മാതൃകാ പ്രൊജക്ടുകള്‍ക്ക് രൂപം നല്കിയ തദ്ദേശ സ്വയംഭരണ സ്ഥാപനം കൂടിയാണ് മലപ്പുറം ജില്ലാ പഞ്ചായത്ത്.
- Log in to post comments