Skip to main content

ഗാർഹികമേഖലയിലെ വൈദ്യുത അപകടങ്ങളിൽ ഭൂരിഭാഗവും ദുരുപയോഗവും അശ്രദ്ധയും മൂലം

 

 

ആലപ്പുഴ: ഗാർഹിക മേഖലയിൽ സംഭവിക്കുന്ന വൈദ്യുത അപകടത്തിന്റെ 44 ശതമാനവും വൈദ്യുതി ദുരുപയോഗവും അശ്രദ്ധമായി വൈദ്യുതി ലൈനിന് സമീപം ഇരുമ്പുതോട്ടിയും ദണ്ഡും ഉപയോഗിക്കുന്നതും മൂലം. വൈദ്യുത അപകട സുരക്ഷയുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടർ ടി.വി. അനുപമയുടെ അധ്യക്ഷതയിൽ കളക്ടറേറ്റിൽ കൂടിയ യോഗത്തിൽ ഇലക്ട്രിക്കൽ ഇൻസ്പക്ടറേറ്റ് വകുപ്പ് ഉദ്യോഗസ്ഥരാണ് ഇക്കാര്യം വ്യക്തമാക്കിയത്. 

 

29 ശതമാനം അപകടങ്ങൾ അനധികൃത നിർമാണങ്ങളും താത്കാലിക വയറിങും അജ്ഞതയും മൂലമാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. കേടായ ഉപകരണങ്ങൾ മൂലമാണ് 12 ശതമാനം അപകടം ഉണ്ടാകുന്നത്. 

 

വൈദ്യുത അപകടങ്ങൾ ഒഴിവാക്കുന്നതിനായി ജില്ലയിലെ എല്ലാ വീടുകളിലും ലഘുലേഖകളും ഇതുമായി ബന്ധപ്പെട്ട പുസ്തകങ്ങളും കുടുംബശ്രീയുടെ സഹകരണത്തോടെ ലഭ്യമാക്കുന്നതിനുള്ള സാധ്യത ആരായാൻ കെ.എസ്.ഇ.ബി.ക്കും ഇലക്ട്രിക്കൽ ഇൻസ്പക്ടറേറ്റ് വകുപ്പിനും കളക്ടർ നിർദേശം നൽകി. 

 

ഐ.എസ്.ഐ. മുദ്രയുള്ള നിലവാരമുള്ള ഉപകരണങ്ങളും സാമഗ്രികളുമേ വയറിങിന് ഉപയോഗിക്കാവൂ. ലൈസൻസും പ്രായോഗികപരിജ്ഞാനവുമുള്ളവരെ മാത്രമേ വയറിങിനും അറ്റകുറ്റപ്പണിക്കും നിയോഗിക്കാവൂ. നനഞ്ഞ കൈവിരൽ ഉപയോഗിച്ച് സ്വിച്ചുകൾ പ്രവർത്തിപ്പിക്കരുത്. വൈദ്യുതി കമ്പികൾക്കു സമീപം പട്ടം പറത്തരുത്. പഴകിയ ഉപകരണങ്ങളും വയറുകളും ഉപയോഗിക്കരുത്.  വൈദ്യുതി ലൈനുകൾക്ക് താഴെ കെട്ടിടങ്ങളും ഷെഡുകളും നിർമിക്കുന്നതിന് ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറുടെ മുൻകൂർ അനുവാദം വാങ്ങണം. നനഞ്ഞ പ്രതലത്തിൽനിന്ന് വൈദ്യുത ഉപകരണങ്ങൾ പ്രവർത്തിപ്പിക്കരുത്. ത്രീപിൻ പ്ലഗും ഡബിൾ ഇൻസുലേറ്റഡ് കേബിളുമുപയോഗിച്ചേ വൈദ്യുത ഉപകരണങ്ങൾ പ്രവർത്തിപ്പിക്കാവൂ. വെള്ളക്കെട്ടുള്ള പ്രദേശങ്ങൾ ഏറെയുള്ള ജില്ലയിൽ ശരിയായ രീതിയിൽ എർത്തിങ് ആവശ്യമാണ്. എല്ലാ വീടുകളുടെയും എർത്തിങ് പരിശോധിക്കുന്നതിനുള്ള സാധ്യത ആരായാൻ യോഗം തീരുമാനിച്ചു. വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു.

 

(പി.എൻ.എ.2859/17)

 

(പി.എൻ.എ.2860/17)

 

date