Skip to main content

വർക്കല പാപനാശത്തെ കർക്കിടക വാവു ബലി ഒരുക്കങ്ങൾ വിലയിരുത്തി

കർക്കിടക വാവുബലിയോട് അനുബന്ധിച്ചുളള ക്രമീകരണങ്ങൾ വിലയിരുത്തുന്നതിനായി വർക്കല എം.എൽ.എ. വി.ജോയിയുടെ നേതൃത്വത്തിൽ വർക്കല താലൂക്ക് തല ഉദ്യോഗസ്ഥരുടെ അവലോകന യോഗം താലൂക്ക് ആഫീസ് കോൺഫറൻസ് ഹാളിൽ നടന്നു.

പന്ത്രണ്ട് സ്ഥലങ്ങളിലായി വാഹന പാർക്കിങ്ങ് സൗകര്യങ്ങൾ ക്രമീകരിച്ചിട്ടുണ്ടെന്നും 500 ഓളം പോലീസ് ഉദ്യോഗസ്ഥരെ അന്നേ ദിവസം ക്രമീകരിക്കുന്നതാണെന്നും ക്രമസമാധാന പരിപാലനത്തിനായി പട്രോളിങ് നടത്തുമെന്നും പോലീസ് വകുപ്പ് പ്രതിനിധി അറിയിച്ചു. വാഹനങ്ങളുടെ പാർക്കിങ്ങിനായി നന്ദവനത്ത് പ്രത്യകം സ്ഥലം ക്രമീകരിച്ചിട്ടുണ്ടെന്നും ബലി തർപ്പണത്തിന് എല്ലാവിധ സജ്ജീകരണങ്ങളും ഒരുക്കുന്നതാണെന്നും തിരുവിതാംകൂർ ദേവസ്വം അറയിച്ചു. വർക്കല പാപനാശം പ്രദേശങ്ങളും അതിലേക്കുള്ള വഴികളും ശുചിയാക്കുന്നതിനും 30 ബയോ ടോയിലറ്റും 12 കുടവെള്ള ടാങ്കുകളും വർക്കല മുനിസിപ്പാലിറ്റി സജ്ജീകരിക്കും. വാവുബലി ദിവസം ഒരു സ്റ്റാന്റ് ബൈ ഫയർ എഞ്ചിനും ഒരു ആംബുലൻസും സജ്ജീകരിക്കുകയും 30 ഓളം സിവിൽ ഡിഫൻസ് വാളണ്ടിയർമാരുടെ സേവനവും ഫയർ ആൻഡ് റെസ്ക്യൂ ലഭ്യമാക്കും. വർക്കല താലൂക്ക് ആശുപത്രിയുടെ ഒരു ആംബുലൻസും 24 മണിക്കൂർ കാഷ്വാറ്റിയും ലഭ്യമാക്കും. 7 പേർ അടങ്ങുന്ന മെഡിക്കൽ ടീമിൻ്റെ സേവനം വാവുബലിയുടെ തലേ ദിവസവും അന്നേ ദിവസവും ഉണ്ടാകുമെന്ന് മണമ്പൂർ സി.എച്ച്. സി അറിയിച്ചു.

വാഹന പാർക്കിങ്ങ് സ്ഥലങ്ങളും വൺവേ ആക്കുന്ന റോഡുകൾ ഏതെല്ലാമാണെന്നും നേരത്തെ അറിയിക്കുന്നത് പൊതു ജനത്തിന് സൗകര്യപ്രദമായിരിക്കുമെന്നും സീനിയർ സിറ്റിസൺ വിഭാഗത്തിലെ വിശ്വാസികളെ അധികം നടത്താത്ത രീതിയിൽ വാഹന ഗതാഗതം ക്രമീകരിക്കണമെന്നും പോലീസിനോട് എം.എൽ എ നിർദ്ദേശിച്ചു.

വർക്കല മുനിസിപ്പൽ ചെയർമാൻ ലാൽജി, നോഡൽ ആഫീസറായ അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് പ്രേം സി, അസി. പോലീസ് കമ്മീഷണർ ദീപക്ക് ധൻകർ എന്നിവർ യോഗത്തിൽ സന്നിഹിതരായിരുന്നു.

date