Skip to main content
Saksharatha Kalolsavam

ജില്ല തുടര്‍വിദ്യാഭ്യാസ കലോത്സവത്തിന് തിരിതെളിഞ്ഞു

കാക്കനാട്: എറണാകുളം ജില്ലാ സാക്ഷരതാ മിഷന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ദ്വിദിന ജില്ലാതല തുടര്‍വിദ്യാഭ്യാസ കലോത്സവത്തിന് തിരി തെളിഞ്ഞു. ജില്ലാ പഞ്ചായത്ത് ഹാളില്‍ പ്രസിഡന്റ് ആശ സനില്‍ കലോത്സവം ഉദ്ഘാടനം ചെയ്തു. പ്രായത്തിനതീതമായി സ്വന്തം കലാമികവുകള്‍ പ്രകടിപ്പിക്കാനുള്ള അവസരം പ്രയോജനപ്പെടുത്തണമെന്ന് അവര്‍ പറഞ്ഞു. 

ജില്ലാ സാക്ഷരതാ മിഷന്‍ തയാറാക്കിയ ജലസ്രോതസ്സുകളുടെ പഠനവിവര റിപ്പോര്‍ട്ട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രകാശനം ചെയ്തു. സാക്ഷരതാ മിഷനിലെ പ്രേരക്മാര്‍, പത്താംതരം, ഹയര്‍ സെക്കന്‍ഡറി, നാല്, തുല്യതാ പഠിതാക്കള്‍ എന്നിവര്‍ക്കു വേണ്ടിയാണ് മത്സരം നടക്കുന്നത്. ജില്ലാ പഞ്ചായത്ത് ഹാള്‍, ഇഎംഎസ് ഹാള്‍, കളക്ടറേറ്റ് പ്ലാനിംഗ് ഹാള്‍, എന്നിവിടങ്ങളിലെ വേദികളിലാണ് മത്സരങ്ങള്‍ നടക്കുന്നത്.  

ജില്ലയിലെ 14 ബ്ലോക്കുകളില്‍ നിന്നും 13 നഗരസഭകളില്‍ നിന്നും കോര്‍പ്പറേഷനില്‍ നിന്നുമായി 478 കലാപ്രതിഭകള്‍ മത്സരത്തില്‍ മാറ്റുരയ്ക്കും. നവസാക്ഷരര്‍, നാല്, ഏഴ് തുല്യത പഠിതാക്കള്‍, പത്താം തരം തുല്യത, ഹയര്‍ സെക്കന്‍ഡറി തുല്യത പഠിതാക്കള്‍, പ്രേരക്മാര്‍ എന്നീ വിഭാഗങ്ങളിലാണ് മത്സരം. ലളിതഗാനം, നാടന്‍ പാട്ട്, സംഘനൃത്തം, തിരുവാതിര, മിമിക്രി, മോണോ ആക്ട്, പ്രസംഗം, കഥ പറയല്‍, വായന, കഥാരചന, ഉപന്യാസ രചന, കവിത രചന തുടങ്ങി 27 ഇനങ്ങളിലാണ് മത്സരങ്ങള്‍ നടക്കുന്നത്. 

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.ബി.എ.അബ്ദുള്‍ മുത്തലിബ് അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ പി.എസ്.ഷൈല, ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ.കെ.അബ്ദുള്‍ റഷീദ്, ജില്ലാ പഞ്ചായത്തംഗങ്ങളായ സരള മോഹന്‍, ജോളി ബേബി, വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ. മുംതാസ്, മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മേരി ബേബി, സാക്ഷരതാ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഡോ. വി.വി. മാത്യു, ജില്ലാ സാക്ഷരതാ സമിതി അംഗം പി.ഐ. നാദിര്‍ഷ, അസി.കോ-ഓര്‍ഡിനേറ്റര്‍മാരായ ജസ്റ്റിന്‍ ജോസഫ്, ടി.വി.ശ്രീജന്‍ എന്നിവര്‍ പങ്കെടുത്തു. 

date