കളമശ്ശേരി കാർഷികോത്സവം ആട്ടിൻകൂട്ടിയെ ലേലം വിളിച്ച് ബെന്യാമിൻ
ആട്ടിൻകുട്ടിയെ ലേലം വിളിച്ച് എഴുത്തുകാരൻ ബെന്യാമിൻ. കളമശ്ശേരി കാർഷികോത്സവ വേദിയിൽ ഒരുക്കിയ ലേലത്തറയിലാണ് കൗതുകക്കാഴ്ച. വ്യവസായ മന്ത്രി പി.രാജീവും വാശിയേറിയ മത്സരത്തിൽ പങ്കാളിയായി.
ആടുജീവിതം എഴുതി മനുഷ്യയാതനയെ സങ്കടാനുഭവമാക്കിയ എഴുത്തുകാരൻ ബെന്യാമിൻ ആടിൻ്റെ ലേലത്തിൽ വാശിയോടെ പങ്കെടുത്തത് നാടിൻ്റെ സങ്കടം അകറ്റാനാണ്. വയനാടിൻ്റെ കണ്ണീരൊപ്പാൻ. വ്യവസായ മന്ത്രി പി.രാജീവിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന കളമശ്ശേരി കാർഷികോത്സവ വേദിയിലെ ലേലത്തറയിലാണ് ആട്ടിൻകുട്ടിയെ ലേലം ചെയ്തത്. കാർഷികോത്സവത്തിനെത്തിയതായിരുന്നു ബെന്യാമിൻ.
വാശിയേറിയ ലേലത്തിനൊടുവിൽ 13, 800 രൂപക്ക് കളമശ്ശേരി സ്വദേശി നൗഷാദ് ആട്ടിൻകുട്ടിയെ സ്വന്തമാക്കി. ലേലത്തുക വേദിയിൽ വച്ച് തന്നെ വയനാടിന് വേണ്ടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. മന്ത്രി പി.രാജീവ് തുക ഏറ്റുവാങ്ങി.
യഥാർത്ഥ വിലയുടെ മൂന്നിരട്ടിയിലേറെ തുകക്ക് ആട്ടിൻകുട്ടിയെ ലേലം കൊണ്ടെങ്കിലും സംഘാടകർക്ക് തന്നെ നൗഷാദ് അതിനെ തിരിച്ചു നൽകി. ഈ ആടിനെ വീണ്ടും ലേലം ചെയ്യും. തുക സിഎംഡിആർഎഫിലേക്ക് കൈമാറുകയും ചെയ്യും.
- Log in to post comments