ലോക മാനസികാരോഗ്യ ദിനം ആചരിച്ചു
ജില്ലയിൽ ലോക മാനസികാരോഗ്യ ദിനം ആചരിച്ചു. കളക്ടറേറ്റിൽ എ.ഡി.എം കെ നവീൻ ബാബു ഉദ്ഘാടനം ചെയ്തു. 'തൊഴിലിടങ്ങളിലെ മാനസികാരോഗ്യം-മുൻഗണന നൽകേണ്ട സമയം ഇതാണ്' എന്നതാണ് ഈ വർഷത്തെ ലോക മാനസികാരോഗ്യ ദിനചാരണ പ്രമേയം. ഡെപ്യൂട്ടി ഡിഎംഒ ഡോ. കെ. ടി രേഖ അധ്യക്ഷത വഹിച്ച ഡിഎംഒ ഡോ. പിയൂഷ് എം മുഖ്യപ്രഭാഷണം നടത്തി. ദേശീയ ആരോഗ്യ ദൗത്യം പ്രോഗ്രാം മാനേജർ ഡോ. പി.കെ അനിൽകുമാർ ദിനചാരണ സന്ദേശം വായിച്ചു. ജില്ലാ ആശുപത്രി ആർ എം ഒ ഡോ. സുമിത് മോഹൻ, ജില്ലാ ഡെപ്യൂട്ടി എഡ്യൂക്കേഷൻ ആന്റ് മീഡിയ ഓഫീസർമാരായ എസ്.എസ് ആർദ്ര, ടി സുധീഷ് എന്നിവർ സംസാരിച്ചു. ജില്ലാ മാനസികാരോഗ്യ പദ്ധതി പ്രോഗ്രാം ഓഫീസർ ഡോ. വീണ എ ഹർഷൻ 'തൊഴിലിടങ്ങളിലെ മാനസിക സമ്മർദം' എന്ന വിഷയത്തിൽ ക്ലാസ്സ് എടുത്തു.
ലോക മാനസികാരോഗ്യ ദിനാചരണത്തിന്റെ ഭാഗമായി കൃഷ്ണമേനോൻ സ്മാരക ഗവ.വനിത കോളജ് എൻ എസ് എസ് യൂണിറ്റും ജില്ലാ ആരോഗ്യ വകുപ്പും സംയുക്തമായി കണ്ണൂർ പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് ഫ്‌ളാഷ്‌മോബ്, സ്ട്രീറ്റ് പ്ലേ എന്നിവ അവതരിപ്പിച്ചു.
തൊഴിലിടങ്ങളിൽ മാനസികരോഗ്യം നിലനിർത്താം
ഏത് തൊഴിൽ മേഖലയിലായാലും ജോലിയും സ്വകാര്യ ജീവിതവും തമ്മിലുള്ള സന്തുലനം തെറ്റാതെ നോക്കണം. ജോലിയിലെ പ്രശ്‌നങ്ങൾ വീട്ടിൽ കൊണ്ടുപോകാതെ നോക്കണം. വീട്ടിലുള്ളവർക്കും ഇവരെ ചേർത്തു പിടിക്കാനുള്ള ഉത്തരവാദിത്തമുണ്ട്. തൊഴിൽ സമ്മർദ്ദത്തിലാണ് കുടുംബാംഗം എന്ന് മനസ്സിലായാൽ ആവശ്യമായ മാനസിക പിന്തുണ കൊടുക്കാം. സഹപ്രവർത്തകരുമായി ആരോഗ്യകരമായ സൗഹൃദം നിലനിർത്താം.
കൃത്യമായി ഉറക്കം ശീലമാക്കണം. ഇതിനായി നിദ്രാ ശുചിത്വ വ്യായാമങ്ങൾ പരീക്ഷിക്കാം. നിശ്ചിത സമയത്ത് ഉറങ്ങാൻ കിടക്കുക. നിശ്ചിത സമയത്തു തന്നെ ഉണരുക. ഉച്ചയ്ക്കു ശേഷം ചായ, കാപ്പി, കോള തുടങ്ങിയ പദാർഥങ്ങൾ ഒഴിവാക്കുക. രാത്രിയിൽ കിടക്കുന്നതിന് തൊട്ടു മുൻപ് ശ്വസന വ്യായാമങ്ങൾ ശീലിക്കുക. ഉറങ്ങാൻ കിടക്കുന്നതിന് ഒരു മണിക്കൂർ മുമ്പെങ്കിലും മൊബൈൽ ഫോൺ അടക്കമുള്ള എല്ലാ ദൃശ്യ മാധ്യമങ്ങളും പൂർണമായും ഒഴിവാക്കുക. ദിവസേന അരമണിക്കൂറെങ്കിലും സൂര്യപ്രകാശം കൊണ്ട് വ്യായാമം ചെയ്യുക. മീ ടൈം കണ്ടെത്താം. പാട്ടു കേൾക്കുകയോ പാടുകയോ എഴുതുകയോ ചിത്രം വരയ്ക്കുകയോ നല്ല സിനിമകൾ കാണുകയോ ചെയ്യാൻ അൽപനേരം മാറ്റിവയ്ക്കണം. അരമണിക്കൂറെങ്കിലും കുടുംബാംഗങ്ങളോടൊപ്പം മനസ്സു തുറന്നു സംസാരിക്കാനുള്ള ക്വാളിറ്റി ടൈം കണ്ടെത്തണം. അവർക്ക് മനസ്സു തുറക്കാൻ കുടുംബാംഗങ്ങൾ തങ്ങളുടെ സമയവും മാറ്റിവെക്കണം.
- Log in to post comments