Skip to main content
0

വിലങ്ങാട്: ഉരുൾപൊട്ടൽ, പ്രളയം എന്നിവ മൂലമുണ്ടായ നാശനഷ്ടങ്ങളുടെ കണക്ക് തരംതിരിക്കണമെന്ന് ചീഫ് സെക്രട്ടറി

 

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നുള്ള സഹായധനം ഉടൻ ലഭ്യമാക്കണം 

 

ദുരിതബാധിതർക്കുള്ള സൗജന്യ റേഷൻ തുടരുന്ന കാര്യം പരിഗണിക്കണം 

 

വിലങ്ങാട്ടെ നാശനഷ്ടങ്ങളിൽ ഉരുൾപൊട്ടൽ മൂലമുണ്ടായത്, പ്രളയം മൂലമുണ്ടായത് എന്ന് കൃത്യമായി തരം തിരിക്കണമെന്ന് സംസ്ഥാന ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.  

തിങ്കളാഴ്ച രാവിലെ വിലങ്ങാട് ദുരന്ത ബാധിത പ്രദേശങ്ങൾ സന്ദർശിച്ച ശേഷം കലക്ടറേറ്റിൽ നടന്ന ഉദ്യോഗസ്ഥരുടെ അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അവർ.  

ഉരുൾപൊട്ടൽ, പ്രളയം എന്നിങ്ങനെ കൃത്യമായി തരംതിരിച്ച് നാശനഷ്ടങ്ങളുടെ കണക്ക് ലഭ്യമാക്കണം.  അതനുസരിച്ചാണ് സർക്കാർ തലത്തിൽ പിന്തുണ ലഭ്യമാകുക. കൃഷി നശിച്ചവരിൽ എത്ര പേർക്ക് കൃഷി നാശമുണ്ടായി, എത്ര പേർക്ക് കൃഷിയോഗ്യമായ ഭൂമി നശിച്ചു എന്ന കണക്കും തരംതിരിച്ച് നൽകണം.  വിലങ്ങാട് കെടുതി നേരിട്ടവർക്കുള്ള സർക്കാർ പിന്തുണയും സമാശ്വാസ പദ്ധതികളും വയനാടിലേതിന് സമാനമാണെന്ന് ചീഫ് സെക്രട്ടറി പറഞ്ഞു.  

കൃഷി നശിച്ചവരിലും കൃഷിഭൂമി നശിച്ചവരിലും എത്രപേർ ഇതുസംബന്ധിച്ച് പോർട്ടലിൽ അപേക്ഷ സമർപ്പിച്ചു എന്നതിനെക്കുറിച്ച് 
കൃത്യമായ കണക്ക് ലഭ്യമാക്കണം. കാർഷിക പുനരധിവാസ പാക്കേജിനായി പദ്ധതി ഉണ്ടാക്കണം.  കന്നുകാലികളെ നഷ്ടപ്പെട്ടവരിൽ 
കാലി വളർത്തൽ മുഖ്യതൊഴിലായി സ്വീകരിച്ചവരുടെ എണ്ണവും ചീഫ് സെക്രട്ടറി യോഗത്തിൽ ആവശ്യപ്പെട്ടു.  

വിലങ്ങാട് ദുരിതബാധിതർക്ക് സംസ്ഥാന ദുരിതാശ്വാസ ഫണ്ടിൽ നിന്നും അനുവദിച്ച പണം വിതരണം ചെയ്തുകഴിഞ്ഞു.  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിൽ നിന്നും പണം അനുവദിക്കാനുള്ള ഉത്തരവ് ഇറങ്ങികഴിഞ്ഞതായും ഇത് ഒന്ന്, രണ്ട് ദിവസങ്ങൾക്കുള്ളിൽ തന്നെ ബന്ധപ്പെട്ടവർക്ക് ലഭ്യമാക്കണമെന്നും ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ നിർദേശിച്ചു. 

വാടകയ്ക്ക് കഴിയുന്ന കുടുംബങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കി അവരുടെ നിലവിലെ സ്ഥിതി വിവരങ്ങൾ അപ്ഡേറ്റ് ചെയ്യണം.  ചില വാടക
വീടുകളുടെ ഉടമസ്ഥർ താമസക്കാരോട് ഒഴിഞ്ഞുപോകാൻ പറഞ്ഞതായുള്ള പരാതി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും വിഷയത്തിൽ ജില്ലാ ഭരണകൂടം ഇടപെടണമെന്നും അവർ പറഞ്ഞു.  

ദുരന്തം ബാധിച്ചവരിൽ അർഹരായവർക്ക് സൗജന്യ റേഷൻ വിതരണം തുടരുന്ന കാര്യം പരിശോധിക്കണമെന്നും ജില്ലാ സിവിൽ സപ്ലൈ ഓഫീസർക്ക് ചീഫ് സെക്രട്ടറി നിർദേശം നൽകി.  നാശം നേരിട്ട പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവർക്ക് വാസയോഗ്യമായ മറ്റു വീട് ഉണ്ട് എന്ന കാര്യം ചൂണ്ടിക്കാട്ടി അവർ നഷ്ടം സംഭവിച്ചവരുടെ പട്ടികയിൽനിന്ന് ഒഴിവായി പോയിട്ടുണ്ടോ എന്ന കാര്യം പരിശോധിക്കണം. ലോണുകൾക്ക് ബാങ്ക് മൊറട്ടോറിയം പ്രഖ്യാപിച്ചത് പ്രാവർത്തികമാകുന്നില്ലേ എന്ന് പരിശോധിക്കണം.  ദുരന്തത്തിൽ നശിച്ച പ്രധാന റോഡുകൾക്ക് പുറമെ ചെറു റോഡുകളുടെ പുനർനിർമാണ കാര്യവും ശ്രദ്ധിക്കണമെന്ന് ചീഫ് സെക്രട്ടറി ഓർമിപ്പിച്ചു.  

വിലങ്ങാട് ഉൾപ്പെടുന്ന വാണിമേൽ ഗ്രാമപഞ്ചായത്തിൽ നിലവിൽ പഞ്ചായത്ത് സെക്രട്ടറി ഇല്ലാത്ത വിഷയം ഗൗരവമാണെന്ന് ചീഫ് സെക്രട്ടറി യോഗത്തിൽ ചൂണ്ടിക്കാട്ടി. ഇത്തരമൊരു സന്ദർഭത്തിൽ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെ തസ്തിക ഒഴിഞ്ഞു കിടക്കാൻ പാടില്ലായിരുന്നു. 
ഇക്കാര്യം ഉടനടി പരിശോധിച്ച് വേണ്ടത് ചെയ്യാമെന്ന് ഉദ്യോഗസ്ഥർ മറുപടി നൽകി.  

ദുരന്ത ബാധിത പ്രദേശത്ത് നടന്ന ഡ്രോൺ സർവ്വേ റിപ്പോർട്ടുകൾ കോഴിക്കോട് എൻഐടിയ്ക്ക്  കൈമാറിയിട്ടുണ്ടെന്നും എൻഐടിയുടെ റിപ്പോർട്ടിന് കാക്കുകയാണെന്നും ജില്ലാ കലക്ടർ ചീഫ് സെക്രട്ടറിയെ ധരിപ്പിച്ചു.  ജില്ലാ ആസൂത്രണ സമിതിയ്ക്ക് തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി ദുരന്ത ലഘൂകരണ പദ്ധതിയിലേക്ക്  പ്രോജക്ടുകൾ വെയ്ക്കാമെന്നും ഇക്കാര്യത്തിൽ കേന്ദ്ര ഫണ്ടുകൾ ലഭ്യമാകുമോയെന്ന് അന്വേഷിക്കാമെന്നും ചീഫ് സെക്രട്ടറി അറിയിച്ചു.

യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി,  ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിംഗ്, സബ് കളക്ടർ ഹർഷിൽ ആർ മീണ, എഡിഎം സി മുഹമ്മദ്‌ റഫീഖ്, അസി. കളക്ടർ ആയുഷ് ഗോയൽ,  വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

date