Skip to main content
0

വിലങ്ങാട്ടെ ഉരുൾപൊട്ടൽ ബാധിത പ്രദേശങ്ങൾ ചീഫ് സെക്രട്ടറി സന്ദർശിച്ചു 

 

(പടം)

അനുമതിയില്ലാതെ പ്രവർത്തിക്കുന്ന ക്വാറിയെക്കുറിച്ച് അന്വേഷിക്കാൻ തഹസിൽദാർക്ക് നിർദ്ദേശം

 

ഉരുൾപ്പൊട്ടൽ നടന്ന വിലങ്ങാട് ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ സന്ദർശനം നടത്തി. തിങ്കളാഴ്ച രാവിലെ 10 മണിയോടെ വിലങ്ങാട് എത്തിയ ചീഫ് സെക്രട്ടറി ഉരുൾപ്പൊട്ടലിൽ വീടുകളും റോഡുകളും കടകളും ഉൾപ്പെടെ ഒലിച്ചുപ്പോയ മഞ്ഞച്ചീളിയിലെത്തിയാണ് ദുരന്തത്തിൻ്റെ നേർചിത്രം മനസ്സിലാക്കിയത്.  വീടുകളും ഉപജീവനോപാധികളും  നഷ്ടപ്പെട്ടവരും ഉരുളെടുത്ത സ്ഥലങ്ങൾക്ക് സമീപം 
താമസിക്കുകയും ചെയ്യുന്ന പ്രദേശവാസികളുൾപ്പടെ ചീഫ് സെക്രട്ടറിക്ക് മുന്നിൽ പരാതികളും ആശങ്കകളും പങ്കുവെച്ചു. 

സന്ദർശനത്തിന് ശേഷം  വാണിമേൽ ഗ്രാമപഞ്ചായത്ത് ഓഫീസിൽ  ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിൽ അവലോകന യോഗം ചേർന്നു. ദുരിതാശ്വാസ പ്രവർത്തങ്ങളുമായി ബന്ധപ്പെട്ട് വിലങ്ങാട് നടത്തിയ പ്രവർത്തനങ്ങളെ കുറിച്ചും അതിന്റെ പുരോഗതിയെ കുറിച്ചുമുള്ള   കാര്യങ്ങൾ  ജനപ്രതിനിധികളിൽ നിന്നും ഉദ്യോഗസ്ഥരിൽ നിന്നും അവർ ചോദിച്ചറിഞ്ഞു.

പട്ടികവർഗ മേഖലയിലെ  ഉന്നതികൾ സംബന്ധിച്ച വിവരങ്ങൾ, വാസയോഗ്യമായ സ്ഥലവും അപകട മേഖലയും സംബന്ധിച്ച വിവരങ്ങൾ, വീട് നഷ്ടപ്പെട്ടവർക്ക് തടസ്സം കൂടാതെ വാടക ലഭിക്കുന്ന കാര്യം, കാർഷിക നഷ്ടം തുടങ്ങിയ വിഷയങ്ങളെ കുറിച്ചും അതുമായി ബന്ധപ്പെട്ട  പ്രവർത്തനങ്ങളെ കുറിച്ചുമാണ് ചീഫ് സെക്രട്ടറി ചോദിച്ചത്.

രേഖകൾ വീണ്ടെടുക്കാനുള്ള അദാലത്തുമായി ബന്ധപ്പെട്ട് അപേക്ഷിച്ചവർക്ക് രേഖകൾ കിട്ടിയോയെന്ന് അന്വേഷിക്കണമെന്ന് അവർ നിർദ്ദേശിച്ചു. കൃഷിയോഗ്യമായ ഭൂമിക്ക് സാധാരണ നഷ്ടപരിഹാരവും കൃഷിയോഗ്യമാക്കാൻ പറ്റാത്ത ഭൂമിക്ക്  അതിൻ്റെ അടിസ്ഥാനത്തിലുള്ള നഷ്ടപരിഹാരവും നൽകണമെന്ന് പറഞ്ഞു. തൊഴിലുറപ്പ് തൊഴിലാളികൾക്ക് നഷ്ടമായ തൊഴിൽ  ഉറപ്പാക്കി നൽകണമെന്നും 
തൊഴിലുറപ്പ് പദ്ധതി പ്രകാരം പ്രദേശത്ത്  പ്രത്യേക പദ്ധതി നടപ്പിലാക്കണമെന്നും ചീഫ് സെക്രട്ടറി  നിർദ്ദേശിച്ചു.

പ്രദേശത്ത് അനുവാദമില്ലാതെ പ്രവർത്തിക്കുന്ന ക്വാറി സംബന്ധിച്ച് അന്വേഷിച്ച് റിപ്പോർട്ട് ചെയ്യാൻ തഹസിൽദാർക്ക് നിർദ്ദേശവും നൽകി.

യോഗത്തിൽ വാണിമേൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി സുരയ്യ ടീച്ചർ, വൈസ് പ്രസിഡന്റ് സൽമ രാജു, നരിപ്പറ്റ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബാബു കാട്ടാളി, വളയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ പി പ്രദീഷ്, ഡെപ്യൂട്ടി കലക്ടർ (ദുരന്തനിവാരണം) ഇ അനിതകുമാരി, വടകര ആർഡിഒ ഷാമിൻ സെബാസ്റ്റ്യൻ, തഹസിൽദാർ ഡി രഞ്ജിത്ത്, വിവിധ വാർഡിലെ ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

date