Skip to main content

ന്യൂനപക്ഷ യുവജനങ്ങൾക്ക് തൊഴിൽ:  ‘സമന്വയം’ പദ്ധതിക്ക് ജില്ലയിൽ ഇന്ന്  തുടക്കം

* ഉദ്ഘാടനം മന്ത്രി വി ശിവൻകുട്ടി

* തൊഴിൽ രജിസ്‌ട്രേഷൻ രാവിലെ 8 മണി മുതൽ

കേരള നോളെജ് ഇക്കോണമി മിഷനും സംസ്ഥാന ന്യൂനപക്ഷ കമ്മീഷനും ചേർന്ന് ന്യൂനപക്ഷ യുവജനങ്ങൾക്ക് തൊഴിലവസരങ്ങൾ ലഭ്യമാക്കുന്ന സമന്വയം പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം  ഇന്ന് (ഒക്ടോബർ 19, ശനി) പൊതുവിദ്യാഭ്യാസവും തൊഴിലും  വകുപ്പ് മന്ത്രി വി. ശിവൻകുട്ടി നിർവഹിക്കും. വിഴിഞ്ഞം ബി ആർ ഓഡിറ്റോറിയത്തിൽ  രാവിലെ 10 ന് ആരംഭിക്കുന്ന പരിപാടിയിൽ സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ അഡ്വ. എ എ റഷീദ് അധ്യക്ഷനാകും. അഡ്വ. എം വിൻസെന്റ്   എം എൽ എ മുഖ്യാതിഥിയാകും.

18 നും 50 വയസ്സിനുമിടയിലുള്ള ന്യൂനപക്ഷ വിഭാഗത്തിലെ അഭ്യസ്തവിദ്യരായവർക്ക് വിജ്ഞാന തൊഴിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സമന്വയം പദ്ധതി നടപ്പാക്കുന്നത്.  പദ്ധതിയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് ജില്ലയിലെ ന്യൂനപക്ഷ വിഭാഗങ്ങൾക്ക് വിപുലമായ രജിസ്ട്രേഷൻ ക്യാമ്പ് ഉണ്ടായിരിക്കും. പ്ലസ്ടു കഴിഞ്ഞ ന്യൂനപക്ഷ വിഭാഗങ്ങളിലുള്ളവർക്ക്  ക്യാമ്പിലെത്തി നോളെജ് ഇക്കോണമി മിഷന്റെ വെബ്സൈറ്റായ DWMS ൽ  രജിസ്റ്റർ ചെയ്യാം. രാവിലെ 8 മുതൽ രജിസ്ട്രേഷൻ ആരംഭിക്കും.

മുസ്ലിം, ക്രിസ്ത്യൻ, ജൈന, ബുദ്ധ, പാഴ്സി, സിഖ് എന്നീ ആറ് ന്യൂനപക്ഷ വിഭാഗങ്ങളിൽപെട്ടവർക്ക് തൊഴിൽ രജിസ്ട്രേഷൻ നടത്താം. കേരള നോളെജ് ഇക്കോണമി മിഷൻ ഡയറക്ടർ ഡോ. പി എസ് ശ്രീകല, സംഘാടക സമിതി കോ ഓർഡിനേറ്റർ എൻ നൗഷാദ്, സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ അംഗങ്ങളായ എ സൈഫുദ്ദീൻ ഹാജി, പി റോസ, വാർഡ് കൗൺസിലർമാർ ഉൾപ്പെടെയുള്ള ജനപ്രതിനിധികളും ഉദ്യോഗസ്ഥരും വിവിധ ന്യൂനപക്ഷ സംഘടനാ നേതാക്കളും ഉദ്ഘാടന പരിപാടിയിൽ പങ്കെടുക്കും. ഉദ്ഘാടനത്തോടനുബന്ധിച്ച് ഡി ഡബ്ല്യുഎംഎസ് സേവനങ്ങൾ പരിചയപ്പെടുത്തലും ജോബ് രജിസ്‌ട്രേഷൻ ആൻഡ് ആപ്ലിക്കേഷൻ ഓറിയന്റേഷനും ഉണ്ടായിരിക്കുന്നതാണ്.

പി.എൻ.എക്‌സ്. 4670/2024

date