Skip to main content

അക്കാദമിക – വ്യവസായിക സഹകരണം: സാങ്കേതിക സർവകലാശാലയും കെ-ഡിസ്കും ധാരണാപത്രം ഒപ്പിട്ടു

സാമൂഹ്യ പ്രാധാന്യമുള്ള പ്രശ്നങ്ങളുമായി ബന്ധപ്പെട്ട പ്രൊജക്ടുകൾ, അക്കാദമിക – വ്യവസായിക സഹകരണം എന്നിവയിലൂടെ വിദ്യാർഥികളെ മികച്ച ഉദ്യോഗാർഥികളാക്കുക, എൻജിനിയറിങ് വിദ്യാർഥികളുടെ തൊഴിൽ സാധ്യത വർധിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെ കേരള ഡെവലപ്മെന്റ് ആന്റ് ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗൺസിലും (കെ-ഡിസ്ക്) എപിജെ അബ്ദുൾ കലാം സാങ്കേതികശാസ്ത്ര സർവകലാശാലയും ധാരണപത്രം ഒപ്പുവെച്ചു.

വ്യവസായ അധിഷ്ഠിത കോഴ്സുകളിൽ പരിശീലനം നൽകുക, അക്കാദമിക വ്യവസായ സ്ഥാപനങ്ങൾ തമ്മിലുള്ള സഹകരണം വളർത്തിയെടുക്കുക, പ്രായോഗിക അനുഭവജ്ഞാനത്തിലൂടെ തൊഴിലവസരം വർധിപ്പിക്കുക, സാമൂഹിക പ്രസക്തിയുള്ള പ്രോജക്ടുകളിലൂടെ യഥാർത്ഥ പ്രശ്നപരിഹാര കഴിവുകൾ വികസിപ്പിക്കുക എന്നിവയാണ് ലക്ഷ്യമിടുന്നത്. വ്യാവസായിക മേഖലയുമായി ബന്ധപ്പെട്ട പഠന വിഷയങ്ങൾ കൈകാര്യം ചെയ്യാനുള്ള പ്രായോഗിക പരിശീലനം കെ-ഡിസ്ക് വഴി നൽകാനും ധാരണയായി. സർവകലാശാലയുമായി അഫിലിയേറ്റ് ചെയ്ത കോളേജുകളും വ്യവസായങ്ങളും തമ്മിലുള്ള പങ്കാളിത്തം സമന്വയിപ്പിക്കുന്നതിനൊപ്പം, പ്രോജക്ടുകൾ, ഇന്റേൺഷിപ്പുകൾ, അധ്യാപക പരിശീലന പ്രോഗ്രാമുകൾ എന്നിവ ഇതിലൂടെ സാധ്യമാകും.

സാങ്കേതിക സർവകലാശാല വൈസ് ചാൻസലർ ഡോ. സജി ഗോപിനാഥ്, കെഡിസ്ക് മെമ്പർ സെക്രട്ടറി ഡോ. പി.വി. ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു. രജിസ്ട്രാർ ഡോ. എ പ്രവീൺ, ഡീൻ അക്കാദമിക് ഡോ. വിനു തോമസ്, ഡയറക്ടർ ഡോ. എം ലിബീഷ്, കെഡിസ്ക് എക്സിക്യൂട്ടീവ് ഡയറക്ടർ സുദീപ് നായർ, കൺസൾട്ടന്റ് വിമൽ രവി, ഡോ. വൃന്ദ വി നായർ, പ്രോഗ്രാം സപ്പോർട്ട് എക്സിക്യൂട്ടീവ് സാന്ത്വന പി എസ് എന്നിവർ പങ്കെടുത്തു.

പി.എൻ.എക്‌സ്. 4752/2024

date