ഭരണഭാഷാ വാരാഘോഷം: സർക്കാർ ജീവനക്കാർക്കായി ഉപന്യാസരചനാ മത്സരം
ഇൻഫർമേഷൻ പബ്ളിക് റിലേഷൻസ് വകുപ്പിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ നവംബർ ഒന്നുമുതൽ സംഘടിപ്പിക്കുന്ന മലയാളദിനം, ഭരണഭാഷാവാരാചരണം എന്നിവയുടെ ഭാഗമായി ജില്ലയിലെ സർക്കാർ ജീവനക്കാർക്കായി ഉപന്യാസരചനാ മത്സരം നടത്തും.
നവംബർ ഒന്നിന് എല്ലാ വകുപ്പുകളെയും പങ്കെടുപ്പിച്ച് ഭരണഭാഷാ സമ്മേളനവും ഭരണഭാഷാ പ്രതിജ്ഞയും നടക്കും. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ജലവിഭവകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. തുടർന്ന് മലയാളഭാഷയിലെ ശ്രദ്ധേയമായ കവിതകളെ അനുസ്മരിക്കുന്ന പരിപാടിയും ഉണ്ടാകും. പബ്ലിക് റിലേഷൻസ് വകുപ്പ് തയ്യാറാക്കിയ ഭാഷയുടെ പ്രാധാന്യത്തെക്കുറിച്ചുള്ള ഡോക്യുമെൻ്ററി പ്രദർശനനവും ഭാഷാദിനത്തിൽ സംഘടിപ്പിക്കും.
ഇടുക്കി ജില്ലയിലെ വിവിധ വകുപ്പുകൾ, അർദ്ധ സർക്കാർ സ്ഥാപനങ്ങൾ പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ ജീവനക്കാർക്ക് ഉപന്യാസമത്സരത്തിൽ പങ്കെടുക്കാം. ' ഭരണഭാഷ തത്വവും പ്രയോഗവും' എന്നതാണ് വിഷയം. മൂന്ന് എ4 പേജിൽ കവിയാത്ത ഉപന്യാസങ്ങൾ idukkicontext@gmail.com ൽ ഇമെയിൽ ആയി നവംബർ നാലിന് മുൻപ് അയക്കണം. പി ഡി എഫ് ആയിട്ടാണ് രചനകൾ അയക്കേണ്ടത്. ജോലി ചെയ്യുന്ന വകുപ്പിലെ ഐ ഡി കാർഡിന്റെ പകർപ്പ്, ഫോൺ നമ്പർ എന്നിവ ഉള്ളടക്കം ചെയ്യണം.
ഒന്നാം സ്ഥാനത്തിന് രണ്ടായിരം, രണ്ടാം സ്ഥാനത്തിന് ആയിരം, മൂന്നാം സ്ഥാനത്തിന് അഞ്ഞൂറ് രൂപവീതം സമ്മാനവും സാക്ഷ്യപത്രവും ലഭിക്കും. നവംബർ 7 ന് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കുന്ന ഭരണഭാഷാവാരാചരണ സമാപനസമ്മേളനത്തിൽ ജില്ലാ കളക്ടർ വി വിഗ്നേശ്വരി പുരസ്‌കാരവിതരണം നടത്തും. തുടർന്ന് ഭാഷാവിദഗ്‌ധൻ നയിക്കുന്ന ഭാഷാസംവാദ പരിപാടിയും ഉണ്ടാകും. കൂടുതൽ വിവരങ്ങൾക്ക് 04862 233036
- Log in to post comments