വീട് നിർമ്മാണം പൂർത്തീകരിച്ചില്ല, കരാറുകാരന് 73,000/- രൂപ പിഴചുമത്തി ഉപഭോക്തൃ കമ്മീഷൻ
കരാർ ഏറ്റെടുത്തതിനു ശേഷം വീട് നിർമ്മാണം പൂർത്തിയാക്കാതിരുന്ന എതിർകക്ഷിയുടെ നടപടി സേവനത്തിലെ ന്യൂനതയും അധാർമികമായ വ്യാപാര രീതിയുമാണെന്ന് എറണാകുളം ജില്ല ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ.
എറണാകുളം, കൂവപ്പാടം സ്വദേശി രാജേശ്വരി സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്.
പരാതിക്കാരിയുടെ വീടിനോടു ചേർന്ന് ഒരു മുറിയും അടുക്കള ഭാഗവും വലുതാക്കാൻ ആയി എറണാകുളം സ്വദേശിയായ കെന്നി ഫർണാണ്ടസിനെ സമീപിച്ചു. 3.69 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് എതിർകക്ഷി തയ്യാറാക്കി. 1.10 ലക്ഷം രൂപ പരാതിക്കാരി നിർമ്മാണത്തിനായി എതിർകക്ഷിക്ക് നൽകി. എന്നാൽ വീടിന്റെ നിർമ്മാണം പാതിവഴിയിൽ ഉപേക്ഷിച്ച് എതിർകക്ഷി കടന്നുകളഞ്ഞു എന്നാണ് പരാതി.
പലപ്രാവശ്യം ഫോൺ ചെയ്തിട്ടും പോലീസിൽ പരാതി നൽകിയിട്ടും നിർമ്മാണം പൂർത്തിയാക്കാൻ എതിർകക്ഷി കൂട്ടാക്കിയില്ല. തുടർന്ന് വനിതാ കമ്മീഷനിൽ പരാതി സമർപ്പിച്ചപ്പോൾ 35 ,000 രൂപ എതിർകക്ഷി പലതവണകളായി തിരികെ നൽകി. ബാക്കി ലഭിക്കേണ്ട 65,000 രൂപ എതിർകക്ഷിയിൽ നിന്ന് ഈടാക്കി നൽകണം എന്ന് ആവശ്യപ്പെട്ടാണ് പരാതിക്കാരി കോടതിയെ സമീപിച്ചത്.
" അധാർമികമായ വ്യാപാര രീതിയും സേവനത്തിൽ ന്യൂനതയും എതിർ കക്ഷിയുടെ ഭാഗത്തു കണ്ടെന്ന് കമ്മീഷൻ അഭിപ്രായപ്പെട്ടു. പരാതിക്കാരി അനുഭവിച്ച മന:ക്ലേശത്തിനും ബുദ്ധിമുട്ടുകൾക്കും എതിർക്ഷി ഉത്തരവാദിയാണെന്ന് ഡി. ബി ബിനു അധ്യക്ഷനും, വി. രാമചന്ദ്രൻ, ടി എൻ ശ്രീവിദ്യ എന്നിവർ അംഗങ്ങളുമായ ബെഞ്ച് വിലയിരുത്തി.
പരാതിക്കാർക്ക് ബാക്കി നൽകാനുള്ള 65000 രൂപ 5,000 രൂപ നഷ്ടപരിഹാരം, 3000 രൂപ , കോടതി ചെലവ് എന്നിവ 45 ദിവസത്തിനകം എതിർകക്ഷി പരാതികാരിക്ക് നൽകണമെന്നു നിർദേശിച്ചു.
- Log in to post comments