മല്‍ഹാര്‍ 2024- കുടുംബശ്രീ ജില്ലാതല ബഡ്സ് കലോത്സവത്തിന് ഇന്ന് (നവംബര്‍ 27) തിരിതെളിയും
കുടുംബശ്രീയുടെ ബഡ്സ് സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികളുടെ ജില്ലാതല കലോത്സവം ഇന്നും നാളെയും (നവംബര്‍ 27,28) കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാല കാമ്പസ്സില്‍ നടക്കും. ഇന്ന് രാവിലെ 10ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടന് കലോത്സവം ഉദ്ഘാടനം ചെയ്യും.
മല്‍ഹാര്‍ 2024 എന്ന പേരില്‍ നടക്കുന്ന കലോത്സവം വിഹായസം, കൂത്തമ്പലം, മണിദീപം, ചിത്രഗേഹം എന്നീ നാലു വേദികളിലായി ക്രമീകരിച്ചിരിക്കുന്നു. വിഹായസില് ഉല്‍ഘാടന, സമാപന സമ്മേളനങ്ങളും,നാടോടി നൃത്തം, സംഘ നൃത്തം, ഒപ്പന തുടങ്ങിയ കലാരൂപങ്ങളും ഒരുക്കിയിരിക്കുന്നു.
കൂത്തമ്പലം എന്ന രണ്ടാംവേദിയില്‍ പ്രച്ഛന്നവേഷവും വാദ്യോപകരണങ്ങളുടെ അവതരണവും മൂന്നാംവേദിയായ മണിദീപത്തില്‍ ലളിതഗാനം, പദ്യപാരായണം, നാടന്‍ പാട്ട് മത്സരങ്ങളും നടക്കും. ചിത്രഗേഹം എന്ന നാലാം വേദിയില്‍ മറ്റു കലാമത്സരങ്ങളും.
ജില്ലാ കലോത്സവത്തില്‍ ഒന്നാംസ്ഥാനം നേടുന്ന കലാകാരന്മാരെ സംസ്ഥാന കലോത്സവത്തില്‍ പങ്കെടുപ്പിക്കും. ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന സ്കൂളുകളെ ഫസ്റ്റ്, സെക്കന്‍ഡ്, തേര്‍ഡ് റണ്ണറപ്പുകള്‍ ആയി പ്രഖ്യാപിക്കും.
ഈ വര്‍ഷം മുതല്‍ കലാപ്രതിഭ, കലാതിലകം വിഭാഗങ്ങളില്‍ സമ്മാനം നല്‍കും. ബുദ്ധിപരമായ വെല്ലുവിളികള്‍ നേരിടുന്ന കുട്ടികളുടെ ശാക്തീകരണവും, കലാപ്രതിഭകളുടെ ഉന്നമനവും ലക്ഷ്യമിട്ടാണു കുടുംബശ്രീയുടെ 328 ബഡ്സ് സ്ഥാപനങ്ങളില്‍ പഠിക്കുന്ന 11,027 വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടി ഈ കലോത്സവം സംഘടിപ്പിക്കുന്നത്. 40 സ്കൂളുകള്‍ കലാമത്സരങ്ങളില്‍ പങ്കാളികളാകും. നവംബര്‍ 28-ന് വൈകുന്നേരം മൂന്നിന് സമാപന സമ്മേളനം നടക്കും.
- Log in to post comments