സാമൂഹിക വിരുദ്ധശല്യം; കെഎസ്ആർടിസി ബസ്റ്റാൻഡ് പരിസരത്ത് ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ മിന്നൽ പരിശോധന
ആലപ്പുഴ കെഎസ്ആർടിസി ബസ്റ്റാൻഡ് കേന്ദ്രീകരിച്ചുള്ള സാമൂഹികവിരുദ്ധ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ജില്ലാ കളക്ടർ അലക്സ് വർഗീസും ജില്ലാ പോലീസ് മേധാവി എംപി മോഹനചന്ദ്രനും അടങ്ങുന്ന സംയുക്തസംഘം മിന്നൽ പരിശോധന നടത്തി. വെള്ളിയാഴ്ച രാത്രി 7 മണിയോടുകൂടിയാണ് ബസ്റ്റാൻറിലും പരിസരപ്രദേശങ്ങളിലും പരിശോധന നടത്തിയത്. ബസ്റ്റാൻഡിൽ രാത്രി സാമൂഹ്യ വിരുദ്ധരുടെ ശല്യം വർധിച്ചെന്ന നിരന്തര പരാതികളെ തുടർന്ന് കഴിഞ്ഞദിവസം കളക്ടറേറ്റിൽ ബന്ധപ്പെട്ടവരുടെ ഔദ്യോഗിക യോഗം ചേർന്നിരുന്നു. യോഗ തീരുമാനപ്രകാരമാണ് നഗരസഭ ചെയർപേഴ്സൺ കെ കെ ജയമ്മ, വാർഡംഗം പി സതീദേവി,ഡിവൈഎസ്പി എം ആർ മധു ബാബു, പോലീസ്, എക്സൈസ് ഉദ്യോഗസ്ഥർ, റെസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ, കെയർ ഫോർ ആലപ്പി സന്നദ്ധ പ്രവർത്തകർ തുടങ്ങിയവർ ഉൾപ്പെട്ട സംയുക്ത സംഘം പരിശോധന നടത്തിയത്. പരിശോധനയിൽ കെഎസ്ആർടിസി സ്റ്റാൻഡിന് കിഴക്കുവശത്ത് മാതാ ജെട്ടിക്ക് എതിർവശത്തായി മതിലോ വേലിയോ ഇല്ലാത്തത് സാമൂഹിക വിരുദ്ധർക്ക് സഹായകമാകുന്നതായി കണ്ടെത്തി. ഇവിടെ മറ കെട്ടുന്നതിന് ജില്ലാ കളക്ടർ നിർദ്ദേശം നൽകി. കൂടാതെ കെഎസ്ആർടിസി പമ്പ് നിന്നിരുന്ന പ്രദേശം വഴി സാമൂഹികവിരുദ്ധർ പ്രവേശിക്കാതിരിക്കാനും നടപടി സ്വീകരിക്കും. കെഎസ്ആർടിസി ബസ്റ്റാന്റിന്റെ പല ഭാഗത്തും വെളിച്ചക്കുറവുള്ളതായി പരിശോധനയിൽ കണ്ടെത്തി. ഇത് പരിഹരിക്കുന്നതിനായി നഗരസഭ അടിയന്തരമായി ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കുമെന്ന് ചെയർപേഴ്സൺ പറഞ്ഞു. കൂടാതെ പ്രദേശത്തെ വെളിച്ചക്കുറവുള്ള മറ്റു ഭാഗങ്ങളിലും ലൈറ്റുകൾ സ്ഥാപിക്കാൻ നടപടിയെടുക്കും. യാത്രക്കാരുടെയും മറ്റും സുരക്ഷിതത്വം ഉറപ്പാക്കാൻ സിസിടിവി ക്യാമറകളും സ്ഥാപിക്കും. ഇതിന് കെയർ ഫോർ ആലപ്പി സാമ്പത്തിക സഹായം നൽകും. ബസ്റ്റാൻഡിലേക്കുള്ള അനധികൃത പ്രവേശനം നിയന്ത്രിക്കാനും ജില്ലാ കളക്ടർ നിർദ്ദേശിച്ചു. ഇരുട്ട് വ്യാപിച്ച ഭാഗങ്ങളിലെ മരച്ചില്ലകൾ മുറിച്ചു നീക്കി പരിസരം കൂടുതൽ സുരക്ഷിതമാക്കും. പൊലീസ് കൃത്യമായ ഇടവേളകളിൽ തുടർന്നും പെട്രോളിങ് നടത്താനും നിർദ്ദേശിച്ചിട്ടുണ്ട്. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനുള്ള കർശന നടപടികൾ തുടർന്നും ഉണ്ടാകുമെന്നും ജില്ലാ കളക്ടർ അലക്സ് വർഗീസ് അറിയിച്ചു.
- Log in to post comments