ജീവനേകാം ജീവനാകാം അവയവദാന ബോധവത്ക്കരണ ക്യാമ്പയിന് തുടക്കമായി
മരണാനന്തര അവയവദാനം പ്രോത്സാഹിപ്പിക്കുന്നത്തിനായുള്ള മൃതസഞ്ജീവനി 'ജീവനേകാം ജീവനാകാം ' സംസ്ഥാനതല സാമൂഹിക മാധ്യമ ക്യാമ്പയിന് എറണാകുളത്ത് തുടക്കമായി. എറണാകുളം ജനറല്‍ ആശുപത്രിയില്‍ കിഡ്നി മാറ്റിവയ്ക്കല്‍ പ്രോഗ്രാം ഒരു വര്‍ഷം പൂര്‍ത്തിയാവുന്നതിന്റെ ആഘോഷ ചടങ്ങില്‍ ആരോഗ്യ-വനിത-ശിശുവികസന വകുപ്പ് മന്ത്രി വീണാജോര്‍ജ് ക്യാമ്പയിന്‍ ഉദ്ഘാടനം ചെയ്തു.
മരണാന്തര അവയവ ദാന കണക്ക് പരിശോധിച്ചാൽ നമ്മുടെ കേരളം ഏറെ പിറകിലാണ്. മരണാനന്തര അവയവദാന മേഖലയിൽ ഒരുപാട് തെറ്റുധാരണകളുണ്ടെന്നും
അവയവ ദാനം നിരുത്സാഹപ്പെടുത്താനുള്ള പ്രവർത്തനങ്ങൾ ഈ സമൂഹത്തിൽ ഉണ്ടെന്നും മന്ത്രി പറഞ്ഞു. അവയവദാന മേഖലയിൽ സർക്കാർ ശക്തമായാണ് ഇടപെടുന്നത്. അവയവ ദാന മേഖലയിലെ കേന്ദ്ര നിയമം അനുസരിച്ചിട്ടുള്ള സുതാര്യത ഉറപ്പു വരുത്തി കൃത്യമായി മുന്നോട്ട് കൊണ്ടു പോകുന്നതിനാണ് സർക്കാർ ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു. അവയവദാന രംഗത്ത് ഏതെങ്കിലും തരത്തിലുള്ള വീഴ്ച ആരുടെങ്കിലും ഭാഗത്ത് നിന്നും ഉണ്ടായാൽ കൃത്യമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
ഒരാൾ മരണപ്പെട്ടാൽ ഒരുപാട് പേർക്ക് ജീവാനേകുന്ന മരണാനന്തര അവയവദാനം പ്രോത്സാഹിപ്പിക്കുന്നതിനായുള്ള കെ-സോട്ടോയുടെ 'ജീവനേകാം ജീവനേകാം' ക്യാമ്പയിൻ സംസ്ഥാനത്തെ എല്ലാ ജനങ്ങളും ഏറ്റെടുക്കണമെന്നും അവയവദാനത്തിനായുള്ള ഈ ദൗത്യത്തിൽ പങ്കാളിയാവണമെന്നും മന്ത്രി പറഞ്ഞു.
ജീവനേകാം ജീവനാകാം' എന്ന സന്ദേശം ഉള്‍പ്പെടുത്തിയ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിപ്പിടിച്ചാണ് ക്യാമ്പയിന്‍ മന്ത്രി ഉദ്ഘാടനം ചെയ്തത് . തുടര്‍ന്ന് മന്ത്രി അവയവദാന ബോധവത്ക്കരണ സന്ദേശം നല്‍കി . അവയവദാനവുമായി ബന്ധപ്പെട്ട് കെ-സോട്ടോ തയ്യാറാക്കിയ വീഡിയോയും പ്രകാശിപ്പിച്ചു. ജനറല്‍ ആശുപത്രിയിലെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. രാജ്യത്ത് ആദ്യമായി ഒരു ജില്ലാതല ആശുപത്രിയിൽ ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്താനുള്ള അനുമതി ലഭിച്ച എറണാകുളം ജനറൽ ആശുപത്രിക്കുള്ള അനുമതിപത്രം കെ. സോട്ടോ എക്സിക്യൂട്ടീവ് ഡയറക്ടർ ആശുപത്രി സൂപ്രണ്ടിന് കൈമാറി.
ടി.ജെ വിനോദ് എം.എല്‍.എ അധ്യക്ഷനായി . എറണാകുളം ജനറല്‍ ആശുപത്രിയിലെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനം ഹൈബി ഈഡന്‍ എം.പി, കൊച്ചി മേയര്‍ അഡ്വ. എം അനില്‍കുമാര്‍ എന്നിവര്‍ നിര്‍വഹിച്ചു. പരിപാടിയിൽ ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ.ആര്‍.ഷാഹിര്‍ഷാ, കെ-സോട്ടോ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ.എസ്.എസ് നോബിള്‍ ഗ്രേഷ്യസ് എന്നിവര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു . പരിപാടിയില്‍ ഡയറക്ടറേറ്റ് ഓഫ് ഹെല്‍ത്ത് സര്‍വീസസ് ഡോ.കെ.ജെ റീന, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആശാദേവി, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
അവയവദാനത്തിന്റെ മഹത്വം സംബന്ധിച്ച സന്ദേശം എല്ലാവരിലേക്കും എത്തിക്കുക, ഈ രംഗത്ത് നിലനില്‍ക്കുന്ന അനാരോഗ്യകരമായ പ്രവണതകളെ തുറന്നു കാണിക്കുക, സംശയങ്ങള്‍ ദൂരീകരിക്കുക, വിദഗ്ധരുടെ അഭിപ്രായങ്ങളും സന്ദേശങ്ങളും എല്ലാവരിലും എത്തിക്കുക, പൊതുജനങ്ങളെ അവയവദാനത്തിന് സന്നദ്ധരാക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നത്. ഡിസംബര്‍ ഒന്ന് മുതല്‍ മെയ് 31 വരെയുള്ള ആറ് മാസം നീണ്ടുനില്‍ക്കുന്ന സോഷ്യല്‍ മീഡിയാ ക്യാമ്പയിന്റെ ഭാഗമായി സംസ്ഥാനത്തുടനീളം പരിപാടികള്‍ സംഘടിപ്പിക്കാനാണ് കെ-സോട്ടോ ഉദ്ദേശിക്കുന്നത്.
- Log in to post comments