അന്താരാഷ്ട്ര ഭിന്നശേഷിദിനാചരണം സംഘടിപ്പിച്ചു
തിരുവനന്തപുരം ജില്ലാ സാമൂഹ്യനീതി ഓഫീസിന്റെയും ജില്ലാ പഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ അന്താരാഷ്ട്ര ഭിന്നശേഷി ദിനാചരണം -ഉണർവ്വ് 2024 -സംഘടിപ്പിച്ചു. ഗവൺമെന്റ് വിമെൻസ് കോളേജിൽ നടന്ന ഉണർവ്വ് 2024 ഐ.ബി സതീഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.
വിവിധ വിഭാഗം ഭിന്നശേഷിക്കാരുടെ കലാമത്സരങ്ങൾ ദിനാചരണത്തോടനുബന്ധിച്ച് നടന്നു.
വൈകിട്ട് നടന്ന സമാപന സമ്മേളനം ഭക്ഷ്യ പൊതുവിതരണവകുപ്പ് മന്ത്രി ജി.ആർ അനിൽ ഉദ്ഘാടനം ചെയ്തു. ഭിന്നശേഷി വിഭാഗക്കാരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കാൻ ഇത്തരം പരിപാടികൾ അനിവാര്യമാണെന്ന് മന്ത്രി പറഞ്ഞു.
സാമൂഹ്യനീതി വകുപ്പിന്റെ വിജയാമൃതം, സഹചാരി പദ്ധതികളിൽ അർഹരായ ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് ക്യാഷ് അവാർഡും പ്രശസ്തി പത്രവും ചടങ്ങിൽ മന്ത്രി ജി.ആർ അനിൽ വിതരണം ചെയ്തു.
ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജുമായ ഷംനാദ്.എസ് മുഖ്യപ്രഭാഷണം നടത്തി.
തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വിളപ്പിൽ രാധാകൃഷ്ണൻ ഉദ്ഘാടന -സമാപന ചടങ്ങുകളിൽ അധ്യക്ഷനായിരുന്നു. ജില്ലാ സാമൂഹ്യനീതി ഓഫീസർ എം.ഷൈനിമോൾ, ഗവൺമെന്റ് വിമെൻസ് കോളേജ് പ്രിൻസിപ്പാൾ അനില എന്നിവരും പങ്കെടുത്തു.
- Log in to post comments