ഭവനരഹിതരും ഭൂരഹിതരും ഇല്ലാത്ത സംസ്ഥാനമാക്കി കേരളത്തെ മാറ്റുക ലക്ഷ്യം -.മന്ത്രി കെ. രാജന്‍
ഭവനരഹിതരും ഭൂരഹിതരും ഇല്ലാത്ത സംസ്ഥാനമാക്കി കേരളത്തെ മാറ്റുകയാണ് സർക്കാരിൻ്റെ ലക്ഷ്യമെന്ന് റവന്യൂ മന്ത്രി
മന്ത്രി കെ. രാജന്‍ പറഞ്ഞു. പട്ടയം സംബന്ധിച്ച പ്രശ്നങ്ങൾ ഒന്നൊന്നായി പരിഹരിച്ചു വരികയാണ്.
കടമക്കുടി സ്മാര്‍ട്ട് വില്ലേജ് ഓഫീസിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
കേരളത്തില്‍ ഉടനീളം നടന്ന റവന്യൂ അസംബ്ലികളിലൂടെ ഭൂരഹിതരില്ലാത്ത കേരളം എന്ന ആശയത്തെ പ്രഖ്യാപനത്തില്‍ ഒതുക്കാതെ പ്രാവർത്തികമാക്കുകയാണ്. സാധാരണക്കാർക്ക് അനുകൂലമാകുന്ന രീതിയിൽ നിയമങ്ങൾ മാറണം ചെകുത്താനെ കുരിശ് കാണിച്ച് പേടിപ്പിക്കുന്ന പോലെ നിയമവും ചട്ടവും കാണിച്ച് ജനങ്ങളെ ഭയപ്പെടുത്തരുത്. ജനകീയമായി പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഉദ്യോഗസ്ഥര്‍ ശ്രമിക്കണം - മന്ത്രി പറഞ്ഞു.
നെല്‍വയല്‍ തണ്ണീര്‍ത്തട നിയമത്തിലെ ഭേദഗതി സാധാരണക്കാരന് വേണ്ടിയാണ് . ഫോം നമ്പര്‍ ഒന്ന് പ്രകാരം കൃഷിഭൂമി ആണെങ്കില്‍ പോലും തരം മാറ്റാതെ അഞ്ച് സെന്റ് സ്ഥലത്ത് 1200 സ്‌ക്വയര്‍ഫീറ്റ് വലുപ്പമുള്ള വീടുകള്‍ നിര്‍മ്മിക്കുന്നതിന് അനുമതി ലഭിക്കും. ഡാറ്റ ബാങ്കില്‍ പെടാത്ത ഭൂമിയില്‍ പഞ്ചായത്ത് സെക്രട്ടറിക്ക് ലൈസന്‍സ് കൊടുത്ത് നമ്പര്‍ ഇട്ട് നല്‍കുവാന്‍ അധികാരമുണ്ട്. ഇതുപ്രകാരം ആയിരക്കണക്കിന് അപേക്ഷകളില്‍ പരാതി പരിഹരിക്കാനാകും.
ഡിജിറ്റല്‍ റീസര്‍വേ പൂര്‍ത്തീകരിക്കുന്നതോടെ ഭൂമിയുമായി ബന്ധപ്പെട്ട എല്ലാ തര്‍ക്കങ്ങളും അവസാനിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഡിജിറ്റൽവൽക്കരണം പൂർത്തിയാകുന്നതോടെ ഫയൽ തീർപ്പിലെ കാലതാമസം ഒഴിവാകും. സേവനങ്ങൾ ഓൺലൈനിൽ ലഭ്യമാകും
റവന്യൂ വകുപ്പിന്റെ ഓഫീസുകളില്‍ ഡിജിറ്റൽ സംവിധാനങ്ങള്‍ ഒരുങ്ങി കഴിഞ്ഞു. ഭൂമിയുടെ രേഖയുമായി ബന്ധപ്പെട്ട വിവരങ്ങൾ പ്രോപ്പർട്ടി കാർഡിലേക്ക് ഒതുക്കുന്ന സംവിധാനത്തിലേക്കാണ് കേരളം കുതിക്കുന്നത്.
മുനമ്പം ഭൂവിഷയത്തില്‍ ഉടമസ്ഥത സംബന്ധിച്ച് ശാശ്വത പരിഹാരം കണ്ടെത്തി, സര്‍ക്കാര്‍ സ്വീകരിക്കേണ്ട നടപടികള്‍ ശുപാര്‍ശ ചെയ്യാന്‍ കമ്മീഷന്‍ ഓഫ് എന്‍ക്വയറീസ് ആക്ട് പ്രകാരം നിയോഗിക്കപ്പെട്ട ഹൈക്കോടതി മുന്‍ ആക്ടിംഗ് ചീഫ് ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍ നായര്‍ കമ്മീഷൻ പ്രവർത്തനം തുടങ്ങിയിട്ടുണ്ട്. ഇക്കാര്യത്തിൽ കെ.എൻ ഉണ്ണികൃഷ്ണന്‍ എം എല്‍ എ മാതൃകാപരമായ ഇടപെടലുകളാണ് നടത്തിയിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു.
കടമക്കുടി പഞ്ചായത്തിലെ ഒന്നാം വാര്‍ഡിൽ അംഗണവാടിക്കായി നാല് സെന്റ് സ്ഥലം നല്‍കിയ ജോര്‍ജ് ഫ്രാന്‍സിസിനെ മന്ത്രി ആദരിച്ചു. കെ.എന്‍. ഉണ്ണികൃഷ്ണന്‍ എം.എല്‍.എ അദ്ധ്യക്ഷനായി, ജില്ലാ കളക്ടര്‍ എന്‍.എസ്.കെ. ഉമേഷ്, ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സരിത സനല്‍, കടമക്കുടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേരി വിന്‍സന്റ്, കടമക്കുടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വിപിന്‍ രാജ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. എല്‍സി ജോര്‍ജ്ജ്, ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.സംസ്ഥാന നിര്‍മിതി കേന്ദ്രം എറണാകുളം റീജിയണല്‍ എഞ്ചിനീയര്‍ ടി. ആര്‍. ശാലിനി റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
- Log in to post comments