Skip to main content

കരുതലും കൈത്താങ്ങും- അദാലത്ത്: പരാതികള്‍ ഇന്നു (6) മുതല്‍ 13 വരെ സ്വീകരിക്കും

 

 പൊതുജനങ്ങളുടെ പരാതികള്‍ പരിഹരിക്കുന്നതിനു മന്ത്രിമാരുടെ നേതൃത്വത്തില്‍  ഡിസംബർ 19 മുതൽ 27 വരെ ജില്ലയിലെ താലൂക്ക് ആസ്ഥാനങ്ങളില്‍ നടത്തുന്ന -കരുതലും കൈത്താങ്ങും - അദാലത്തിലേക്കുള്ള പരാതികള്‍ ഇന്ന് (6) മുതല്‍ ഡിസംബര്‍ 13 വരെ അക്ഷയ സെന്ററുകള്‍ മുഖേനയും താലൂക്ക് ഓഫീസുകളില്‍ നേരിട്ടും ഓണ്‍ലൈനായും (karuthal.kerala.gov.in) സ്വീകരിക്കുമെന്നു ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ്‌ അറിയിച്ചു. 

 അദാലത്തില്‍ സമര്‍പ്പിക്കുന്ന അപേക്ഷകള്‍ കൈകാര്യം ചെയ്യുന്നത് പ്രത്യേക പോര്‍ട്ടലിലൂടെയാണ്. അപേക്ഷ സ്വീകരിക്കുന്നതിന് എല്ലാ താലൂക്ക് ഓഫീസുകളിലും അക്ഷയ കേന്ദ്രങ്ങളിലും സൗകര്യമൊരുക്കിയിട്ടുണ്ട്. 
 ഓണ്‍ലൈന്‍ അപേക്ഷകളും അക്ഷയ കേന്ദ്രങ്ങള്‍ വഴിയുള്ള അപേക്ഷകളും ജില്ലാതല മോണിറ്ററിംഗ് സെല്ലിന് ലഭിക്കും. താലൂക്ക് ഓഫീസുകളില്‍ ലഭിക്കുന്ന അപേക്ഷകളും മോണിറ്ററിംഗ് സെല്ലിലെത്തും. വിവിധ സെല്ലുകള്‍ അദാലത്തില്‍ ലഭിക്കുന്ന പരാതികള്‍ പരിശോധിച്ച് തുടര്‍ നടപടി സ്വീകരിക്കും. പൊതുജനങ്ങളില്‍ നിന്ന് പരാതികള്‍ നേരിട്ട് സ്വീകരിക്കുന്നതിന് താലൂക്ക്തല സെല്ലും ലഭിക്കുന്ന പരാതികള്‍ പരിശോധിക്കാന്‍ ജില്ലാ അദാലത്ത് സെല്ലും പരാതികളിന്മേലുള്ള നടപടികള്‍ നിരീക്ഷിക്കാനും ഏകോപിപ്പിക്കാനുമായി ജില്ലാതല അദാലത്ത് മോണിറ്ററിംഗ് സെല്ലുകളുമുണ്ടാകുമെന്നും ജില്ലാ കളക്ടർ പറഞ്ഞു.

അദാലത്തിന്റെ നടത്തിപ്പ്‌, സംഘാടനം പൂര്‍ണ്ണ ചുമതല ജില്ലാ കളക്ടര്‍ക്കായിരിക്കും.  മന്ത്രിമാരായ പി. രാജീവ്, പി. പ്രസാദ് എന്നിവര്‍ നേതൃത്വം നല്‍കും.

പരിഗണിക്കുന്ന വിഷയങ്ങൾ :

പോക്കുവരവ്, അതിര്‍ത്തി നിര്‍ണ്ണയം, അനധികൃത നിര്‍മ്മാണം, ഭൂമി കയ്യേറ്റം, അതിര്‍ത്തി തര്‍ക്കങ്ങളും വഴി തടസ്സപ്പെടുത്തലും തുടങ്ങി ഭൂമി സംബന്ധമായ വിഷയങ്ങള്‍, സര്‍ട്ടിഫിക്കറ്റുകള്‍/ലൈസന്‍സുകള്‍ നല്‍കുന്നതിലെ കാലതാമസം/നിരസിക്കല്‍, കെട്ടിട നിര്‍മ്മാണ ചട്ടങ്ങളുമായി ബന്ധപ്പെട്ട കെട്ടിട നമ്പര്‍, നികുതി എന്നിവ, വയോജന സംരക്ഷണം, പട്ടികജാതി/പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കുള്ള വിവിധ ആനുകൂല്യങ്ങള്‍, മത്സ്യബന്ധന തൊഴിലാളികളുമായി ബന്ധപ്പെട്ടവ, ശാരീരിക/ബുദ്ധി/മാനസിക വെല്ലുവിളി നേരിടുന്നവരുടെ പുനരധിവാസം, ധനസഹായം, പെന്‍ഷന്‍, ബന്ധപ്പെട്ട മറ്റ് ആവശ്യങ്ങള്‍, പരിസ്ഥിതി മലിനീകരണം/മാലിന്യ സംസ്‌കരണം, പൊതുജലസ്രോതസുകളുടെ സംരക്ഷണവും, കുടിവെള്ളവും, റേഷന്‍കാര്‍ഡ് (എപിഎല്‍/ബിപിഎല്‍)-ചികിത്സാ ആവശ്യങ്ങള്‍ക്ക്, കാര്‍ഷികവിളകളുടെ സംഭരണവും വിതരണവും, വിള ഇന്‍ഷുറന്‍സ്, കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട മറ്റ് വിഷയങ്ങള്‍, വളര്‍ത്തുമൃഗങ്ങള്‍ക്കുള്ള നഷ്ടപരിഹാരം/സഹായം, മേഖലയുമായി ബന്ധപ്പെട്ട മറ്റ് വിഷയങ്ങള്‍, ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ടവ, വ്യവസായ സംരംഭങ്ങള്‍ക്കുള്ള അനുമതി, ആരോഗ്യമേഖലയിലെ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍, വന്യജീവി ആക്രമണങ്ങളില്‍ നിന്നുള്ള സംരക്ഷണം/നഷ്ടപരിഹാരം, വിവിധ സ്‌കോളര്‍ഷിപ്പുകള്‍ സംബന്ധിച്ചുള്ള പരാതികള്‍/അപേക്ഷകള്‍, തണ്ണീര്‍ത്തട സംരക്ഷണം, അപകടകരങ്ങളായ മരങ്ങള്‍ മറിച്ചുമാറ്റുന്നത്, പ്രകൃതിദുരന്തങ്ങള്‍ക്കുള്ള നഷ്ടപരിഹാരം, എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ വിഷയങ്ങള്‍.

പരിഗണിക്കില്ലാത്ത വിഷയങ്ങൾ :

നിര്‍ദേശങ്ങള്‍/അഭിപ്രായങ്ങള്‍, പ്രൊപ്പോസലുകള്‍, ലൈഫ് മിഷന്‍, ജോലി ആവശ്യം/പിഎസ്‌സി വിഷയങ്ങള്‍, വായ്പ എഴുതിത്തള്ളല്‍, പോലീസ് കേസുകള്‍, പട്ടയങ്ങള്‍, തരംമാറ്റം, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് സഹായത്തിനുള്ള അപേക്ഷകള്‍, ചികിത്സാ സഹായം ഉള്‍പ്പടെ സാമ്പത്തിക സഹായത്തിനുള്ള അപേക്ഷകള്‍, ജീവനക്കാര്യം (സര്‍ക്കാര്‍), റവന്യൂ റിക്കവറി-വായ്പ തിരിച്ചടവിനുള്ള സാവകാശവും ഇളവുകളും

date