Skip to main content

സര്‍ക്കാര്‍ സേവനങ്ങള്‍ വേഗത്തില്‍ പ്രാപ്യമാക്കും - മന്ത്രി കെ. രാജൻ

 

വിവര സാങ്കേതികവിദ്യയുടെ പിൻബലത്തിൽ സര്‍ക്കാര്‍ സേവനങ്ങള്‍ വേഗത്തിലും ആയാസരഹിതമായും പൊതുജനങ്ങളിലേക്ക് എത്തിക്കുമെന്ന് റവന്യു വകുപ്പ്  മന്ത്രി  കെ. രാജന്‍ പറഞ്ഞു. 

കുമ്പളങ്ങി സ്മാര്‍ട്ട് വില്ലേജ് ഓഫീസിന്റെയും തോപ്പുംപടി സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിട നിര്‍മ്മാണത്തിൻ്റെയും ഉദ്ഘാടനം കുമ്പളങ്ങി വില്ലേജ് ഓഫീസ് അങ്കണത്തില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
 
 എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ എല്ലാ സേവനങ്ങളും സ്മാര്‍ട്ട് എന്ന ആശയം നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് സ്മാര്‍ട്ട് വില്ലേജ് ഓഫീസ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി വില്ലേജ് ഓഫീസുകളുടെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നത്. വില്ലേജ് ഓഫീസുകളില്‍ നിന്ന് ലഭ്യമാകുന്ന 24 ൽ 23 സേവനങ്ങളും. ഓണ്‍ലൈനാക്കി.  പത്ത് രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികള്‍ക്കായി എട്ട് സേവനങ്ങള്‍ ഓണ്‍ലൈനായി ലഭ്യമാക്കാനും അപേക്ഷ നല്‍കാനും പണമടയ്ക്കാനുമുള്ള സംവിധാനവും നടപ്പാക്കി.

ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി സമ്പൂര്‍ണമായി ഡിജിറ്റല്‍ റീസർവേയ്ക്ക് വിധേയമാകുന്ന സംസ്ഥാനം കേരളമാണ്. ഡിജിറ്റല്‍ റീസര്‍വേയിലൂടെ 5,17000 ഹെക്ടര്‍ ഭൂമി അളന്നു തിട്ടപ്പെടുത്തി.  ഡിജിറ്റല്‍ റീസര്‍വേ പൂര്‍ത്തീകരിക്കുന്നതോടെ ഭൂമിയുമായി ബന്ധപ്പെട്ട എല്ലാ തര്‍ക്കങ്ങളും അവസാനിക്കുമെന്ന് മന്ത്രി പറഞ്ഞു.

രജിസ്‌ട്രേഷന്‍ വകുപ്പിന്റെ പോര്‍ട്ടലായ പേള്‍, റവന്യൂ വകുപ്പിന്റെ റെലിസ്, സര്‍വെ വകുപ്പിന്റെ ഇ മാപ്പ് എന്നീ പോര്‍ട്ടലുകള്‍ സംയോജിപ്പിച്ചാണ് എന്റെ ഭൂമി എന്ന പോര്‍ട്ടല്‍ നിലവില്‍ വന്നിരിക്കുന്നത്. ഡിജിറ്റല്‍ റീസര്‍വേ പൂർത്തീകരിക്കുന്ന വില്ലേജുകളിലെ ഭൂരേഖാ വിവരങ്ങളാണ് പോര്‍ട്ടലില്‍ ലഭ്യമാകുക. ലാന്‍ഡ് സര്‍വേ വിവരങ്ങള്‍, ലൊക്കേഷന്‍ സ്‌കെച്ച്, ഭൂനികുതിയുടെ വിശദാശങ്ങള്‍ തുടങ്ങി ഭൂമിയെ സംബന്ധിച്ച 13 വിവരങ്ങള്‍ പോര്‍ട്ടലില്‍ ലഭിക്കും.  

കെ.ജെ. മാക്സി എം.എല്‍.എ അദ്ധ്യക്ഷനായി.  സര്‍ക്കാരിന്റെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധി പ്രൊഫ. കെ.വി. തോമസ്,  കുമ്പളങ്ങി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൂസന്‍ ജോസഫ്, അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് വിനോദ് രാജ്, ഫോര്‍ട്ടുകൊച്ചി സബ് കളക്ടര്‍ കെ. മീര, ജനപ്രതിനിധികള്‍, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു. സംസ്ഥാന നിര്‍മിതി കേന്ദ്രം എറണാകുളം റീജിയണല്‍ എഞ്ചിനീയര്‍ ടി. ആര്‍. ശാലിനി റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

date