Skip to main content

അറിയിപ്പുകൾ 1

നിയമസഭാ പുസ്തകോൽസവം:ക്വിസ് മത്സര വിജയികൾ

നിയമസഭാ പുസ്തകോൽസവത്തിന്റെ മുന്നോടിയായി എറണാകുളം, തൃശുർ, പാലക്കാട് ജില്ലകൾ ഉൾപ്പെടുന്ന എറണാകുളം മേഖല പ്രാഥമികതല ക്വിസ് മത്സരം കൊച്ചി കുസാറ്റിൽ നടത്തി.

മത്സര വിജയികൾ:

സ്കൂൾ വിഭാഗത്തിൽ ഒന്നാം സ്ഥാനം - അദ്വൈത് രമേഷ്, ഷിബില ടി (കല്ലടി എച്ച് എസ് എസ്, കുമരംപുത്തൂർ, മണ്ണാർക്കാട് ), രണ്ടാം സ്ഥാനം - അഭിനവ് ജൂബിൻ, പ്രദ കെ.ആർ ( എസ് എൻ ജി എച്ച് എസ് എസ് കാരമുക്ക്, തൃശൂർ), മൂന്നാം സ്ഥാനം - നയന പ്രകാശ്, തുഷാര പി.വി (ബി.ഡി എച്ച് എസ് എസ്, ഞരളല്ലൂർ, കിഴക്കമ്പലം, എറണാകുളം).

കോളേജ് വിഭാഗം: ഒന്നാം സ്ഥാനം - മുഹമ്മദ് അമീൻ കെ എം , വൃന്ദ എസ് കെ ( കുസാറ്റ്, കൊച്ചി), രണ്ടാം സ്ഥാനം - ഗോകുൽ തേജസ് മേനോൻ, ഭാനു ലാൽ എസ് (കുസാറ്റ്, കൊച്ചി), മൂന്നാം സ്ഥാനം - നിഖിൽ സുന്ദർ എം, അലീന വി.കെ. (സേക്രട് ഹാർട്ട്, തേവര )

കെ.ജെ. മാക്സി എം എൽ എ ക്വിസ് മത്സരം ഉത്ഘാടനം ചെയ്തു.

നിയമസഭാ ഡെപ്യൂട്ടി സെക്രട്ടറി ദിനേശ് കുമാർ സ്കൂൾ തലവും അണ്ടർ സെക്രട്ടറി വിജേഷ് കോളേജ് തലവും ക്വിസ് മാസ്റ്റർമാർ ആയിരുന്നു.

അഞ്ച് മേഖലകളിലെ പ്രാഥമികതല മൽസരങ്ങൾക്കു ശേഷം ഡിസംബർ 9, 10 തീയതികളിൽ യഥാക്രമം സ്കൂൾ, കോളേജ് സെമി ഫൈനൽ, ഫൈനൽ മത്സരങ്ങൾ രാവിലെയും ഉച്ചകഴിഞ്ഞുമായി നിയമസഭയിൽ നടത്തും.

തൊഴില്‍മേള ഏഴിന്

ആലുവ ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ മോഡല്‍ കരിയര്‍ സെന്റര്‍ മുഖേന വിവിധ സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് ഡിസംബര്‍ 7-ന് പ്രയുക്തി മിനി തൊഴില്‍മേള നടത്തും. യോഗ്യത എസ്എസ്എല്‍സി, പ്ലസ്ടു, ഐടിഐ,ഡിഗ്രി, ഡിപ്ലോമ, ബി.ടെക്്, എംബിഎ തുടങ്ങിയവ. 25 മുതല്‍ 50 വരെയാണ് പ്രായപരിധി. താല്പര്യമുള്ളവര്‍ ഏഴിനു രാവിലെ 10 ന് തിരുവൈരാണിക്കുളം അകവൂര്‍ പ്രൈമറി സ്‌കൂളില്‍ നേരിട്ട് ഹാജരാകേണ്ടതാണ്.

സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷന്‍

ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഫുള്‍ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (അറബിക്) എല്‍പിഎസ് അഞ്ചാം എന്‍സിഎ-എസ്‌സി (കാറ്റഗറി നമ്പര്‍ 217/2023) ഡിസംബര്‍ 12-ന് കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ എറണാകുളം മേഖലാ ഓഫീസില്‍ നടത്തും. അഭിമുഖത്തിനു മുന്നോടിയായി നടക്കുന്ന വെരിഫിക്കേഷനായി ഉദ്യോഗാര്‍ത്ഥികള്‍ അന്നേദിവസം രാവിലെ എട്ടിന് അസല്‍ പ്രമാണങ്ങള്‍, ഒടിവി സര്‍ട്ടിഫിക്കറ്റ്, ബയോഡാറ്റ എന്നിവ സഹിതം നേരിട്ട് ഹാജരാകണം. ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള അഡ്മിഷന്‍ ടിക്കറ്റ് പ്രൊഫൈലില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്‌തെടുക്കാം. വിശദ വിവരങ്ങള്‍ ഉദ്യോഗാര്‍ത്ഥികളുടെ പ്രൊഫൈലില്‍ ലഭ്യമാണ്.

ടെന്‍ഡര്‍ ക്ഷണിച്ചു

വനിതാ ശിശു വികസന വകുപ്പിനു കീഴിലുള്ള ജില്ലയിലെ മൂവാറ്റുപുഴ ഐസിഡിഎസ് പ്രോജക്ടിലെ 35 അങ്കണവാടികള്‍ക്ക് അവശ്യ സാധനങ്ങള്‍ വിതരണം ചെയ്യുന്നതിനു താത്പര്യമുള്ള ജിഎസ്റ്റി രജിസ്‌ട്രേഷനുള്ള വ്യക്തികള്‍/സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡറുകള്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ 20.

ഇഎംഎസ് സ്മാരക പ്രസംഗമത്സരം

ദേശീയ യുവജന ദിനാഘോഷത്തോടനുബന്ധിച്ച് കേരള സംസ്ഥാന യുവജന കമ്മീഷന്‍ യുവജനങ്ങള്‍ക്കായി പ്രസംഗമത്സരം സംഘടിപ്പിക്കുന്നു. ഡിസംബര്‍ അവസാനം കോഴിക്കോടാണ് പ്രസംഗ മത്സരം സംഘടിപ്പിക്കുന്നത്. വിജയികള്‍ക്ക് ഒന്നാം സ്ഥാനത്തിന് 15,000 രൂപയും രണ്ടാം സ്ഥാനത്തിന് 10,000 രൂപയും മൂന്നാം സ്ഥാനത്തിന് 5000 രൂപയും ക്യാഷ് പ്രൈസും ഇഎംഎസ് സ്മാരക ട്രോഫിയും യുവജനദിനാഘോഷത്തോടനുബന്ധിച്ച് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങില്‍ വിതരണം ചെയ്യും. അഞ്ച് മിനിറ്റാണ് സമയം ലഭിക്കുക. വിഷയം അഞ്ച് മിനിറ്റ് മുമ്പ് നല്‍കും. മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന 18 നും 40 നും ഇടയില്‍ പ്രായമുള്ള യുവജനങ്ങള്‍ ഫോട്ടോ ഉള്‍പ്പെടെ വിശദമായ ബയോഡേറ്റ offici...@gmail.com മെയില്‍ ഐ.ഡിയിലോ വികാസ് ഭവനിലുള്ള കമ്മീഷന്‍ ഓഫീസില്‍ തപാല്‍ മുഖേനയോ (കേരള സംസ്ഥാന യുവജന കമ്മീഷന്‍, വികാസ് ഭവന്‍, പി.എം. ജി, തിരുവനന്തപുരം -33), നേരിട്ടോ നല്‍കാം. അപേക്ഷിക്കാനുള്ള അവസാന തീയതി ഡിസംബര്‍ 20. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍, 8086987262, 0471-2308630)

യുവജന ക്യാമ്പ്

എറണാകുളം നെഹ്‌റു യുവ കേന്ദ്ര യുവജനങ്ങള്‍ക്കായി ഡിസംബര്‍ 19 മുതല്‍ 23 വരെ വ്യക്തിത്വ വികസന നേതൃത്വ പരിശീലന ക്യാമ്പ് വയനാട്ടില്‍ സംഘടിപ്പിക്കുന്നു. 15 നും 29 നും മദ്ധ്യേ പ്രായമുള്ള എറണാകുളം ജില്ലയില്‍ സ്ഥിര താമസക്കാരായ യുവതി യുവാക്കള്‍ക്കു പങ്കെടുക്കാം. ഫോണ്‍ 8714508255.

ദേശീയ യുവജനോത്സവം വികസിത ഭാരത് ഡയലോഗ്

നാഷണല്‍ യൂത്ത് ഫെസ്റ്റിവല്‍ 2025 ന്റെ ഭാഗമായി ജനുവരി 11, 12 തീയതികളില്‍ ന്യൂഡല്‍ഹിയിലെ ഭാരത് മണ്ഡപത്തില്‍ നടക്കുന്ന ''വികസിത ഭാരത് യങ് ലീഡേഴ്സ് ഡയലോഗില്‍''പങ്കെടുത്തു പ്രധാനമന്ത്രിയുമായി സംവദിക്കാന്‍ 15-നും 29-നും ഇടയില്‍ പ്രായമുള്ള യുവജനങ്ങള്‍ക്ക് നെഹ്റു യുവകേന്ദ്ര അവസരമൊരുക്കുന്നു. ഡിസംബര്‍ പത്തുവരെ യുവ ഭാരത് പ്ലാറ്റ്‌ഫോമില്‍ https://mybharat.gov.in അവതരിപ്പിക്കുന്ന ഡിജിറ്റല്‍ ക്വിസില്‍ പങ്കെടുത്തു തുടര്‍ഘട്ടങ്ങളിലേക്കു യോഗ്യത നേടാം.

സൗജന്യ ലാപ്പ്‌ടോപ്പിന് അപേക്ഷ ക്ഷണിച്ചു

കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധിയില്‍ സജീവ അംഗത്വം ഉള്ള തൊഴിലാളികളുടെ 2024-25 അദ്ധ്യയന വര്‍ഷത്തില്‍ എംബിബിഎസ്, എഞ്ചിനീയറിംഗ്, എംസിഎ, എംബിഎ, ബിഎസ്‌സി നഴ്‌സിംഗ്, എംഎസ്‌സി നഴ്‌സിംഗ്, ബിഡിഎസ്, ബിഫാം, എംഫാം, ഫാംഡി, ബിഎസ്‌സി ഫോറസ്ട്രി, എംഎസ്.സി ഫോറസ്ട്രി, ബിഎസ്‌സി അഗ്രികള്‍ച്ചര്‍, എംഎസ്‌സി അഗ്രികള്‍ച്ചര്‍, എംവിഎസ്‌സി, ബിവിഎസ്‌സി, ബിഎഎംഎസ്, ബിഎച്ച്എംഎസ്, എല്‍എല്‍ബി, എല്‍എല്‍എം, ആള്‍ പോസ്റ്റ് ഡോക്ടറല്‍ ഡിഗ്രി കോഴ്‌സുകള്‍ക്ക് പ്രവേശനം ലഭിച്ച് പഠിക്കുന്ന കുട്ടികള്‍ക്ക് നിബന്ധനകള്‍ക്ക് വിധേയമായി സൗജന്യമായി ലാപ് ടോപ്പ് ലഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോറവും വിശദ വിവരങ്ങളും എറണാകുളം ജില്ലാ ആഫീസില്‍ നിന്നും കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്നും : www.kmtwwfb.org ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ എറണാകുളം (എസ്ആര്‍എം റോഡ്) ജില്ലാ ആഫീസില്‍ സ്വീകരിക്കും. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ 15. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484-2401632.

കുടുംബശ്രീയുടെ നേതൃത്വത്തില്‍ ബാലപാര്‍ലമെന്റ്

ജനാധിപത്യ വ്യവസ്ഥയുടെ ഉത്തമ മാതൃക പുതുതലമുറയ്ക്ക് പരിചയപ്പെടുത്താനായി എറണാകുളം ജില്ല കുടുംബശ്രീ മിഷന്റെ നേതൃത്വത്തില്‍ തദ്ദേശസ്ഥാപനങ്ങളില്‍ നിന്നും ബാല പഞ്ചായത്ത് ഭാരവാഹികളായി തെരഞ്ഞെടുത്ത കുട്ടികളെ ഉള്‍പ്പെടുത്തി ബാലപാര്‍ലമെന്റ് ഡിസംബര്‍ 7, 8 (ശനി, ഞായര്‍) തീയതികളില്‍ നടത്തും. ശനിയാഴ്ച രാവിലെ 9.30 മുതല്‍ 5 മണിവരെ എറണാകുളം നോര്‍ത്ത് യുപിഎഡി ഹാളില്‍ പരിശീലനം.

ഞായറാഴ്ച രാവിലെ ട്രയല്‍ നടത്തും. അന്നുതന്നെ ഉച്ചകഴിഞ്ഞു കൊച്ചി കോര്‍പറേഷന്‍ കൗണ്‍സില്‍ ഹാളില്‍ ബാലപാര്‍ലമെന്റ് മേയര്‍ എം അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും. 102 സിഡിഎസുകളില്‍ നിന്നും 200 ലേറെ കുട്ടികള്‍ പങ്കെടുക്കും.

അപേക്ഷ ക്ഷണിച്ചു

ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ പഞ്ചകര്‍മ തെറാപ്പിസ്റ്റ് (ഫീമെയില്‍) തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ താല്‍കാലികമായി ജോലി ചെയ്യാന്‍ താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിദ്യാഭ്യാസ യോഗ്യത ഡിഎഎംഇ അംഗീകരിച്ച ആയുര്‍വേദ തെറാപ്പിസ്റ്റ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്. ദിവസ വേതനം 600 രൂപ. നിയമന കാലാവധി 179 ദിവസം. അപേക്ഷകര്‍ അഞ്ച് രൂപയുടെ കോര്‍ട്ട് ഫീ സ്റ്റാമ്പ് പതിപ്പിച്ച തിരിച്ചറിയല്‍ രേഖകള്‍, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകള്‍ സഹിതം ഡിസംബര്‍ 12 ന് ഉച്ചയ്ക്ക് 12 ന് സ്ഥാപന മേധാവി മുമ്പാകെ ഹാജരാകണം.

ഹെല്ലര്‍ (പ്രിന്റിംഗ്) താല്‍കാലിക നിയമനം

സംസ്ഥാന അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഹെല്ലര്‍ (പ്രിന്റിംഗ്) തസ്തികയിലെ താല്‍കാലിക ഒഴിവുകളിലേക്ക് പരിഗണിക്കുന്നതിനായി നിര്‍ദ്ദിഷ്ട യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഡിസംബര്‍ 18 നകം യോഗ്യത, പ്രവൃത്തി പരിചയം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് സഹിതം അടുത്തുള്ള എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ നേരിട്ട് ഹാജരാകണം. യോഗ്യത- എസ്എസ്എല്‍സി, പ്രിന്റിംഗ് ടെക്നോളജിയില്‍ ത്രിവത്സര ഡിപ്ലോമ അല്ലെങ്കില്‍ എസ്എസ്എല്‍സി / കെജിടിഇ അല്ലെങ്കില്‍ എംജിടിഇയില്‍ മെഷീന്‍ വര്‍ക്കില്‍ ലോവര്‍ അല്ലെങ്കില്‍ പ്രിന്റിംഗ് ടെക്നോളജിയില്‍ വിഎച്ച്എസ്ഇ അല്ലെങ്കില്‍ തത്തുല്യ യോഗ്യത അല്ലെങ്കില്‍ മെഷീന്‍ ടെക്നോളജിയില്‍ എന്‍സിവിടി സര്‍ട്ടിഫിക്കറ്റ് . പ്രശസ്തമായ പ്രിന്റിംഗ് സ്ഥാപനത്തില്‍ നിന്നും രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയം. പ്രായം - 18-41. ശമ്പളം പ്രതിമാസം -16500 രൂപ.

ഫോണ്‍: 0484 2422458

ജോലി ഒഴിവ്

എയ്ഡഡ് സ്‌കൂളുകളിലെ ഹയര്‍ സെക്കന്‍ഡറി അധ്യാപക സ്ഥിര നിയമനത്തിന് കാഴ്ചപരിമിതര്‍/കേള്‍വി പരിമിതര്‍/ ലോക്കോമോട്ടര്‍ എന്നീ ഭിന്നശേഷി വിഭാഗങ്ങളില്‍പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജോലി ഒഴിവ്.

ഗാന്ധിയന്‍ സ്റ്റഡീസ്, ജ്യോഗ്രഫി, ബോട്ടണി, സുവോളജി വിഷയങ്ങളില്‍ യോഗ്യരായ 50 വയസിന് താഴെയുള്ളവര്‍ ബന്ധപ്പെട്ട റീജിയണല്‍ പ്രൊഫഷണല്‍ ആന്റ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ്റ് എക്സ്‌ചേഞ്ചിലോ പ്രാദേശിക എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലോ ഡിസംബര്‍ 12 ന് മുമ്പായി പേര് രജിസ്റ്റര്‍ ചെയ്യണം.

അസിസ്റ്റന്റ് പ്രൊഫസര്‍ കരാര്‍ നിയമനം

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്റ്‌ലൂം ടെക്‌നോളജി-കണ്ണൂരിന് കീഴിലുള്ള കോസ്റ്റ്യൂം ആന്റ് ഫാഷന്‍ ഡിസൈനിങ്ങ് കോളേജില്‍ ഒഴിവുള്ള അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയില്‍ കരാറടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനായി ഫാഷന്‍ ഡിസൈനിംഗ് / ഗാര്‍മെന്റ് ടെക്‌നോളജി/ ഡിസൈനിങ്ങ് മേഖലയില്‍ ബിരുദാനന്തര ബിരുദം, യൂജിസി നെറ്റ്, അധ്യാപന പരിചയം യോഗ്യതയുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

യുജിസി നെറ്റ് യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളെ ലഭിക്കാത്ത പക്ഷം, ഫാഷന്‍ ഡിസൈനിംഗ് / ഗാര്‍മെന്റ് ടെക്‌നോളജി/ ഡിസൈനിങ്ങ് മേഖലയില്‍ പി.ജി. ഡിഗ്രി യോഗ്യതയും അധ്യാപന പരിചയവുമുള്ള മറ്റ് ഉദ്യോഗാര്‍ത്ഥികളെയും പരിഗണിക്കും. യോഗ്യതയുള്ളവര്‍ വയസ്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന എല്ലാ അസല്‍ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളും, ബയോഡാറ്റയും സഹിതം ഡിസംബര്‍ 17- ന് വൈകിട്ട് അഞ്ചിനു മുമ്പായി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്റ്‌ലൂം ടെക്‌നോളജി-കണ്ണൂര്‍, പി.ഒ. കിഴുന്ന, തോട്ടട, കണ്ണൂര്‍-7 വിലാസത്തില്‍ തപാല്‍ മുഖേനയോ നേരിട്ടോ അപേക്ഷ സമര്‍പ്പിക്കണം. ഇ-മെയില്‍ മുഖേനയുള്ള അപേക്ഷ സ്വീകരിക്കുന്നതല്ല. ഫോണ്‍ 0497 2835390

.

സയന്റിസ്റ്റ് ബി (മെഡിക്കല്‍) വാക്ക്-ഇന്‍-ഇന്റര്‍വ്യൂ മാറ്റി

എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ മൈക്രോബയോളജി വിഭാഗത്തില്‍ ആരംഭിക്കുന്ന വൈറോളജി ലാബില്‍ ഒഴിവുള്ള ഒരു സയന്റിസ്റ്റ് ബി (മെഡിക്കല്‍) തസ്തികയിലേക്ക് കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് ഡിസംബര്‍ 12-ന് നടത്തേണ്ടിയിരുന്ന വാക്ക്-ഇന്‍-ഇന്റര്‍വ്യൂ ചില സാങ്കേതിക കാരണങ്ങളാല്‍ ഡിസംബര്‍ 13-ന് വെള്ളിയാഴ്ച്ച രാവിലെ 11-ലേക്ക് മാറ്റി. ഫോണ്‍ ഓഫീസ്: 0484 -2754000 പ്രിന്‍സിപ്പല്‍ : 0484 -2754443.

അപേക്ഷ ക്ഷണിച്ചു

സംസ്ഥാനത്തിനകത്തും പുറത്തുമുളള അംഗീകൃത സ്ഥാപനങ്ങളിലെ അംഗികൃത കോഴ്‌സുകള്‍ക്ക് നിയമാനുസൃതം മെറിറ്റ്/റിസര്‍വേഷന്‍ വ്യവസ്ഥയില്‍ പട്ടികജാതി/പട്ടിക വര്‍ഗ/മറ്റര്‍ഹ/തത്തുല്യ വിഭാഗ വിദ്യര്‍ഥികള്‍ക്ക് 2024-2025 വര്‍ഷത്തെ പോസ്റ്റ് മെട്രിക് സ്‌കോളര്‍ഷിപ്പിനുളള അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി 2025 ഫെബ്രുവരി 28. വിശദ വിവരങ്ങള്‍ക്ക് ജില്ലാ പട്ടികജാതി വികസന ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍ 0484-2422256.

വിവരാവകാശ കമ്മിഷൻ ക്യാമ്പ് സിറ്റിംഗ് ഡിസംബർ 9 ന്

സംസ്ഥാന വിവരാവകാശ കമ്മിഷൻ ഡിസംബർ ഒമ്പതിന് എറണാകുളത്ത് ക്യാമ്പ് സിറ്റിംഗ് നടത്തും. രാവിലെ 10.30 ന് എറണാകുളം ഗവ. ഗസ്റ്റ് ഹൗസ് ഹാളിൽ വിവരാവകാശ കമ്മിഷണർ ഡോ.എ.അബ്ദുൽ ഹക്കിമിന്റെ നേതൃത്വത്തിലുള്ള സംഘം തെളിവെടുപ്പ് നടത്തും.

നോട്ടീസ് ലഭിച്ച കേസുകളിൽ പരാതിക്കാലത്തെയും ഇപ്പോഴത്തെയും വിവരാധികാരി, ഒന്നാം അപ്പീൽ അധികാരി, ഹർജിക്കാർ, അഭിഭാഷകർ തുടങ്ങിയവർ പങ്കെടുക്കണമെന്ന് കമ്മിഷൻ അറിയിച്ചു.

10.15 ന് രജിസ്ട്രേഷൻ ആരംഭിക്കും.

മുനമ്പം ഭൂവിഷയം:കമ്മീഷന്‍ മുമ്പാകെ ബന്ധപ്പെട്ടവര്‍ക്കു ആക്ഷേപങ്ങളും

അഭിപ്രായങ്ങളും സമര്‍പ്പിക്കാം

മുനമ്പം ഭൂവിഷയത്തില്‍ ഉടമസ്ഥത സംബന്ധിച്ച് ശാശ്വത പരിഹാരം കണ്ടെത്തി, സര്‍ക്കാര്‍ സ്വീകരിക്കേണ്ട നടപടികള്‍ ശുപാര്‍ശ ചെയ്യാന്‍ കമ്മീഷന്‍ ഓഫ് എന്‍ക്വയറീസ് ആക്ട് പ്രകാരം നിയോഗിക്കപ്പെട്ട ഹൈക്കോടതി മുന്‍ ആക്ടിംഗ് ചീഫ് ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍ നായര്‍ കമ്മീഷന്റെ മുമ്പാകെ വിഷയവുമായി ബന്ധപ്പെട്ടവര്‍ക്ക് ആക്ഷേപങ്ങള്‍, പരാതികള്‍, അഭിപ്രായങ്ങള്‍, നിര്‍ദേശങ്ങള്‍ തുടങ്ങിയവ തപാല്‍മുഖേനയും സര്‍ക്കാര്‍ പ്രവൃത്തിദിനങ്ങളില്‍ കാക്കനാട് ഓഫീസില്‍ രാവിലെ പത്തുമുതല്‍ വൈകുന്നേരം അഞ്ചുവരെ നേരിട്ടും സമര്‍പ്പിക്കാം. തപാല്‍ വിലാസം - 1 ബി, ഭവാനി, കുന്നുംപുറം, കാക്കനാട്, പിന്‍-682030

date