നവീകരിച്ച ചേരാനല്ലൂർ പൊതു ശ്മശാനം നാടിനു സമർപ്പിച്ചു
ടി.ജെ. വിനോദ് എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 57 ലക്ഷം രൂപ ഉപയോഗിച്ച് നവീകരണം പൂർത്തീകരിച്ച പൊതു ശ്മശാനം എം എൽ എ നാടിനു സമർപ്പിച്ചു.
ചേരാനല്ലൂർ പഞ്ചായത്ത് പ്രസിഡൻ്റ് കെ.ജി.രാജേഷ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ് പ്രസിഡൻ്റ് ആരിഫ മുഹമ്മദ് സ്വാഗതം പറഞ്ഞു.
ഒന്നര വർഷത്തെ അറ്റകുറ്റപ്പണി കരാറോടെയാണ് പൊതുമേഖലാ സ്ഥാപനമായ കെൽ നവീകരണം പൂർത്തീകരിച്ചത്. നവീകരണ പ്രവർത്തനങ്ങളിലൂടെ ഏറ്റവും മികച്ച സൗകര്യമുള്ളതായി ചേരാനല്ലൂർ ശാന്തിവനം ശ്മശാനം മാറിയിരിക്കുകയാണ്. മികച്ച നിലവാരത്തിലുള്ള 3 സ്റ്റെയിൻലെസ്സ് സ്റ്റീൽ ചിമ്മിനികളും ഫർനസുകളുമുണ്ട്. മെച്ചപ്പെട്ട ജ്വലനത്തിനായി ഓക്സിജൻ വായു നൽകാൻ പ്രത്യേകം ബ്ലോവർ സിസ്റ്റവും പുക വലിച്ചെടുക്കാൻ എക്സ്ഹോസ്റ്റ് ബ്ലോവർ സംവിധാനവും ശ്മശാനത്തിൽ ഒരുക്കിയിട്ടുണ്ട്. ഒരേസമയം മൂന്നു മൃതശരീരങ്ങൾ സംസ്കരിക്കാമെന്നു ടി ജെ വിനോദ് എം.എൽ.എ പറഞ്ഞു.
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സ്റ്റെൻസ്ലാവോസ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ സ്മിത സ്റ്റാൻലി,രാജു അഴിക്കകത്ത്, ലിസി വാര്യത്ത്, ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ ഷൈമോൾ ജെംസൺ, ഷീജ പി.കെ, രമ്യതങ്കച്ചൻ, വിൻസിഡേറീസ്, മിനി വർഗ്ഗീസ്, മരിയ ലില്ലി, റിനി ഷോബി, കെൽ അസിസ്റ്റന്റ് എഞ്ചിനീയർ വിഷ്ണു പ്രദീപ്, പഞ്ചായത്ത് സെക്രട്ടറി ഷംന എം.കെ എന്നിവർ പങ്കെടുത്തു.
- Log in to post comments