Skip to main content

വൈപ്പിൻ ഫോക്ക്ലോർ ഫെസ്റ്റ് :  മണ്ണിനേയും ജലത്തേയും  മറന്നുള്ള പ്രവർത്തനം പാടില്ല

 

മണ്ണും ജലവും പ്രകൃതിയുമാണു നമ്മുടെ ജീവനെന്നും അത് മറക്കാൻ പാടില്ലെന്നും ദലീമ ജോൺ എംഎൽഎ. വൈപ്പിൻ ഫോക്‌ലോർ ഫെസ്റ്റിൻ്റെ ഭാഗമായി ഓച്ചന്തുരുത്ത് സർവ്വീസ് സഹകരണ ബാങ്ക് ഹാളിൽ 'വേമ്പനാട് കരയുന്നു' എന്ന വിഷയത്തിൽ ക്ലൈമറ്റ് റൗണ്ട് ടേബിൾ സെമിനാറിൽ സംസാരിക്കുകയായിരുന്നു അവർ.
ഏറ്റവും നല്ല വായുവും വെള്ളവും മണ്ണുമുള്ള മലയാളികൾ ഭാഗ്യമുള്ളവരാണ്. പക്ഷെ പ്ലാസ്റ്റിക്കിൻ്റെ ദുരുപയോഗം എല്ലാം നശിപ്പിക്കുകയാണെന്നും ദലീമ പറഞ്ഞു. കെ എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎ ദലീമയ്ക്ക് ഉപഹാരം സമ്മാനിച്ചു. തണ്ണീർത്തടങ്ങൾ ഭൂമിയുടെ വൃക്കയ്ക്ക് സമാനമാണെന്ന് കുഫോസ് മുൻ വിസി ഡോ. മധുസൂദന കുറുപ്പ് പറഞ്ഞു. ജീർണതയും മലിനീകരണവും മൂലം വേമ്പനാട് അനുദിനം നശിക്കുകയാണ്. മലിനീകരണം മൂലം ജലജന്യ പാരസൈറ്റുകൾ പെരുകുകയാണെന്നും അദ്ദേഹം പറഞ്ഞു.

മത്സ്യത്തൊഴിലാളി സമൂഹത്തിൻ്റെയും വേമ്പനാട് സംരക്ഷണ സമിതിയുടെയും പ്രതിനിധി ശിവജി വേമ്പനാടിൻ്റെ സമകാലിക ദുരന്തം വിശദീകരിച്ചു.  വേമ്പനാട് 85% ചുരുങ്ങി. കായൽ ചുരുങ്ങുന്നത് തടയാൻ നിയമനിർമ്മാണം നടത്തണമെന്നും ശിവജി പറഞ്ഞു. കുസാറ്റ് ഇൻഡസ്ട്രിയൽ ഫിഷറീസിലെ ഡോ. എം ഹരികൃഷ്ണൻ മോഡറേറ്ററായി.  വിഎഫ്എഫ് വൈസ് ചെയർമാൻ എ പി പ്രിനിൽ സ്വാഗതം പറഞ്ഞു.

ഫോക്‌ലോർ ഫെസ്റ്റ് സെമിനാർ

ഓച്ചന്തുരുത്ത് സർവ്വീസ് സഹകരണ ബാങ്ക് ഹാളിൽ ഇന്ന് (ഡിസംബർ 10)രാവിലെ 10നു വിഷയം: 'ബ്ലൂ ഇക്കോണമി - സാധ്യതകളും ആശങ്കകളും'.

ഉച്ചയ്ക്കു രണ്ടിന് 'ജൈവ വൈവിധ്യവും മാനവരാശിയുടെ നിലനിൽപ്പും'.

നാളെ (11) സെമിനാറുകൾ കർത്തേടം സർവ്വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ.  രാവിലെ 10:
'പൊക്കാളി കൃഷി നേരിടുന്ന പ്രശ്നങ്ങൾ'.
ഉച്ചയ്ക്കു രണ്ടിന് 'തീര സംരക്ഷണത്തിനും ആവാസവ്യവസ്ഥക്കും കണ്ടൽക്കാടുകളുടെ പ്രാധാന്യം'.

date