നി൪മിതബുദ്ധി അവസരങ്ങൾ വർധിപ്പിച്ചു: ഡോ. സുചിത്ര എം എസ്
നി൪മിത ബുദ്ധി (ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എഐ) അവസരങ്ങളും സാധ്യതകളും വർധിപ്പിച്ചതായി കോട്ടയം ഐഐഐടിയിലെ അസി. പ്രൊഫസർ ഡോ.സുചിത്ര എം എസ്. കരിയർ തിരഞ്ഞെടുക്കുമ്പോൾ അതിന്റെ ഭാവി കൂടി വിലയിരുത്തണം. ആ രീതിയിൽ എഐയുടെ പ്രാധാന്യം വലുതാണ്. ഉൽപാദനം കൂട്ടാനും എഐ സഹായകമാണ്.
ഫോക് ലോർ ഫെസ്റ്റിന്റെ ഭാഗമായി കൊച്ചിൻ ഷിപ്പ് യാർഡിന്റെ സിഎസ്ആർ സഹായത്തോടെ പ്ലാൻ @ എർത്ത് കർത്തേടം സർവ്വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച 'സർഗാത്മകതയും നിർമിത ബുദ്ധിയും' സെമിനാറിൽ സംസാരിക്കുകയായിരുന്നു അവർ.
ഡാറ്റ മുഖ്യ ഘടകമായി ഏതിനെങ്കിലും ഇന്റലിജൻസ് നൽകുന്നതാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അഥവ നി൪മിതബുദ്ധി. 1960 കൾ മുതൽ എഐ നമുക്കിടയിലുണ്ട്. ഓട്ടോമേഷനിലേക്ക് ചാർജ് ചെയ്യപ്പെട്ടിരിക്കുന്നു ഓരോ രംഗവും. അഗാധവും യാന്ത്രികവുമായ പഠനം ഉൾക്കൊള്ളുന്നതാണ് എഐ എന്നും അവർ വ്യക്തമാക്കി.
എഐയുടെ സബ്സെറ്റ് ആണ് ജെനറേറ്റീവ് എഐയെന്ന് ടെക്നോ വാലി, സിഒഒ ഡോ. കെ ആനന്ദ് സെമിനാറിൽ പറഞ്ഞു. തനത് കണ്ടന്റുകൾ നിർമിക്കാൻ ഉപയുക്തമാണ് ജെനറേറ്റീവ് എഐ. ആവർത്തനങ്ങളില്ല തികച്ചും സർഗാത്മകമായിരിക്കും അത്തരം കണ്ടന്റ്. സർഗാത്മകതയുടെ ജനാധിപത്യവത്കരണമാണ് ജെനറേറ്റീവ് എഐയുടെ കാതലായ പ്രാധാന്യം. മാനവിക സർഗാത്മകതയും ഐ ക്യുവും കുറയുന്നതിനെ വെല്ലുവിളിക്കുകയും ചെയ്യുന്നുവെന്നും ആനന്ദ് പറഞ്ഞു.
ഏതാനും വർഷങ്ങൾ കൊണ്ട് നെറ്റ് വർക്ക് ശേഷി ആയിരക്കണക്കിന് വർധിക്കുന്നതായി ടീം റിലെയൻസ് ജിയോയിലെ സുന്ദർ ബാബു പറഞ്ഞു. ഡാറ്റ ഉപഭോഗവും പതിൻമടങ്ങായി. '90 കളിൽ മാസത്തിൽ ഒരു ജിബി ആയിരുന്നത് നിലവിൽ 30 ജിബി ആയതായും സുന്ദർ ബാബു വ്യക്തമാക്കി.
വിശിഷ്ട വ്യക്തികൾക്ക് കെ എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎയും ഫോക് ലോർ ഫെസ്റ്റ് വൈസ് ചെയർമാൻ എ പി പ്രിനിലും ഉപഹാരം നൽകി. പ്ലാൻ @ എർത്ത് ഡയറക്ടർ അഗസ്റ്റിൻ ആമുഖ പ്രഭാഷണം നടത്തി.
ഫോക് ലോർ ഫെസ്റ്റ് സെമിനാറുകൾ ഇന്ന് (ഡിസംബർ13) സമാപിക്കും
ഫോക് ലോർ ഫെസ്റ്റിനോടനുബന്ധിച്ച ക്ലൈമറ്റ് റൗണ്ട് ടേബിൾ സെമിനാറുകൾ ഇന്ന് (ഡിസംബർ13) സമാപിക്കും. എടവനക്കാട് പുളിക്കനാട്ട് ഓഡിറ്റോറിയത്തിലാണ് ഇന്നത്തെ സെമിനാറുകൾ.
13 ന് രാവിലെ 10ന് 'സുസ്ഥിരമായ വികസനം' എന്ന വിഷയത്തിൽ കോളേജ് എജ്യുക്കേഷൻ റിട്ട. ഡെപ്യൂട്ടി ഡയറക്ടർ പ്രൊഫ. പി കെ രവീന്ദ്രൻ, പത്രപ്രവ൪ത്തക സുധ നമ്പൂതിരി എന്നിവർ പ്രഭാഷണം നടത്തും. കുസാറ്റ് ഇൻഡസ്ട്രിയൽ ഫിഷറീസ് അസോ. പ്രൊഫസർ ഹരീഷ് എൻ രാമനാഥൻ മോഡറേറ്ററാകും.
ഉച്ചക്ക് രണ്ടിന് ഭക്ഷ്യ സുരക്ഷ എന്ന വിഷയത്തിൽ ഡൽഹിയിലെ കേരള പ്രതിനിധിയും മുൻ കേന്ദ്ര ഭക്ഷ്യമന്ത്രിയുമായ പ്രൊഫ. കെ വി തോമസ്, നൈപുണ്യ കോളേജിലെ പ്രൊഫ. ജോൺ കിഴക്കൂടൻ, സെന്റ് തെരേസാസ് കോളജിലെ ഡോ. ശിൽപ ജോസ് എന്നിവർ സംസാരിക്കും.
- Log in to post comments