ക്ഷയരോഗനിർമ്മാർജനം: 100 ദിന പ്രചാരണ പരിപാടികൾക്ക് തുടക്കം* ക്ഷയരോഗ മുക്ത ഭാരതം എന്ന ലക്ഷ്യം മുൻനിർത്തി കേന്ദ്ര-സംസ്ഥാന ആരോഗ്യ
വകുപ്പുകളുടെ നേതൃത്വത്തിൽ ദേശീയ ക്ഷയരോഗ നിർമാർജന പരിപാടിയുടെ ഭാഗമായി രാജ്യത്ത് നടപ്പിലാക്കുന്ന 100 ദിന ക്ഷയരോഗ നിർമാർജന - ബോധവൽക്കരണ പരിപാടികളുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ കളക്ടർ എ൯ എസ് കെ ഉമേഷ് നി൪വഹിച്ചു. സിവിൽ സ്റ്റേഷനിൽ നടന്ന പരിപാടിയിൽ 100 ദിന പ്രചാരണ പരിപാടിയുടെ പോസ്റ്റർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടന് നൽകിയാണ് ജില്ലാ കളക്ട൪ ഉദ്ഘാടനം നിർവ്വഹിച്ചത്. ജില്ലയിലുടനീളം പ്രചാരണ പരിപാടികളും ക്ഷയരോഗ നിർണ്ണയ ക്യാമ്പുകളും നടത്തുന്നതിനായുള്ള നിക്ഷയ്-വാഹനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ ഫ്ലാഗ് ഓഫ് ചെയ്തു.
അസിസ്റ്റന്റ് കളക്ടർ അൻജീത് സിംഗ്, ജില്ലാ ടിബി ഓഫീസർ ഡോ. വി. എം. സുനിത, ജില്ലാ എഡ്യൂക്കേഷൻ മീഡിയ ഓഫീസർ സി.എം. ശ്രീജ, കാക്കനാട് കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. ഗോപിക പ്രേം, ആരോഗ്യ വകുപ്പ് ജീവനക്കാ൪ തുടങ്ങിയവ൪ പങ്കെടുത്തു.
100 ദിന പ്രചാരണ പരിപാടിയുടെ ഭാഗമായി ജില്ലയിലുടനീളം ജനപ്രതിനിധികൾ, സർക്കാർ-അർദ്ധസർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾ, ആരോഗ്യ കേന്ദ്രങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, മറ്റു തൊഴിലിടങ്ങൾ, രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക സംഘടനകൾ, മാധ്യമ സ്ഥാപനങ്ങൾ, തുടങ്ങി വിവിധ മേഖലകളുടെ സഹകരണം ഉറപ്പാക്കി ക്ഷയരോഗ ബോധവൽക്കരണ പരിപാടികളും, ക്ഷയരോഗ നിർണ്ണയ മെഡിക്കൽ ക്യാമ്പുകളും നടക്കും.
- Log in to post comments