Skip to main content

മന്ത്രി ചിഞ്ചുറാണി മൂര്‍ക്കനാട് മില്‍മ പാല്‍പ്പൊടി നിര്‍മാണ ഫാക്ടറി സന്ദര്‍ശിച്ചു

 മൃഗസംരക്ഷണ ക്ഷീര വികസന വകുപ്പുമന്ത്രി ജെ. ചിഞ്ചുറാണി മില്‍മ മലപ്പുറം ഡയറിയും പാല്‍പ്പൊടി നിര്‍മ്മാണ ഫാക്ടറിയും സന്ദര്‍ശിച്ചു. വെള്ളിയാഴ്ച വൈകീട്ട് മൂന്ന് മണിയോടെയാണ് മന്ത്രി മൂര്‍ക്കനാട്ടുള്ള ഫാക്ടറിയില്‍ സന്ദര്‍ശനം നടത്തിയത്. മലബാര്‍ മില്‍മ മാനേജിങ് ഡയറക്ടര്‍ കെ.സി ജെയിംസ്, മില്‍ക് പൗഡര്‍ പ്ലാന്റ് മാനേജര്‍ അരുണ്‍,  മലബാര്‍ മില്‍മ മാര്‍ക്കറ്റിംഗ് ഹെഡ് സജീഷ് തുടങ്ങിയവര്‍ മന്ത്രിയെ സ്വീകരിക്കുകയും പ്ലാന്റിന്റെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുകയും ചെയ്തു.  
   ഡിസംബര്‍ 24ന് വൈകിട്ട് നാലിനാണ്  മുഖ്യമന്ത്രി പിണറായി വിജയന്‍ ഡയറി യൂനിറ്റിന്റെയും പാല്‍പ്പൊടി നിര്‍മാണ ഫാക്ടറിയുടെയും ഉദ്ഘാടനം നിര്‍വഹിക്കുക. ഉദ്ഘാടനച്ചടങ്ങിനുള്ള ഒരുക്കങ്ങളും മന്ത്രി വിലയിരുത്തി.
  131.3 കോടി രൂപ ചിലവഴിച്ചാണ് ഫാക്ടറി സ്ഥാപിച്ചിട്ടുള്ളത്. ലോകത്തെ തന്നെ മികച്ച കമ്പനിയായ ടെട്രാപാക്കാണ് നിര്‍മ്മാതാക്കള്‍. 131.3 കോടിയില്‍ 15 കോടി സംസ്ഥാന ക്ഷീര വികസന വകുപ്പിന്റെ വിഹിതവും 32.72 കോടി രൂപ നബാര്‍ഡ്  ഗ്രാമീണ അടിസ്ഥാന സൗകര്യ വികസന ഫണ്ടില്‍ നിന്നും ലഭിച്ചു. ബാക്കി തുക മില്‍മ മലബാര്‍ മേഖലാ യൂണിയന്റെ വിഹിതമാണ്. കേരളത്തിലെ ഏറ്റവും വലുതും അത്യാധുനിക സാങ്കേതിക വിദ്യയോടു കൂടി  പ്രവര്‍ത്തിക്കുന്നതുമാണ് മില്‍മ പാല്‍പ്പൊടി നിര്‍മ്മാണ ഫാക്ടറി. പത്ത് ടണ്ണാണ് ഉത്പാദന ക്ഷമത.

date