Skip to main content
.

'കരുതലും കൈത്താങ്ങും' താലൂക്കുതല പരാതി പരിഹാര അദാലത്ത് *നികുതി പകുതിയായി; ആശ്വാസത്തോടെ സോമാബായി

 

വലിയ നികുതിഭാരം പകുതിയായി കുറഞ്ഞതിൻ്റെ ആശ്വാസത്തിലാണ് മറയൂർ മാശിവയൽ ത്യാഗഭവനിലെ എഴുപത്തിമൂന്നുകാരിയായ സോമാബായി. മന്ത്രി റോഷി അഗസ്റ്റിനാണ് ഇവരുടെ ഭാരിച്ച കെട്ടിടനികുതി, നിയമ വ്യവസ്ഥക്കുള്ളിൽ നിന്ന് പകുതിയാക്കി കുറയ്ക്കാൻ പഞ്ചായത്ത് സെക്രട്ടറിക്ക് നിദേശം നൽകിയത്. പകുതിയാക്കിയ നികുതി വർഷത്തിൽ രണ്ടു തവണയായി അടയ്ക്കാൻ അവസരം നൽകണമെന്നും മന്ത്രി നിർദ്ദേശിച്ചു.

 

കരിമ്പു കർഷകയായ സോമാബായി മുൻപ്

 ശർക്കരയും ഉൽപാദിപ്പിച്ചിരുന്നു. കരിമ്പു കൃഷി നഷ്ടമായതോടെ ശർക്കര ഉൽപാദനം നിലച്ചു. എന്നാൽ ശർക്കര നിർമിക്കുന്ന ആലയ്ക്ക് മറയൂർ ഗ്രാമപഞ്ചായത്ത് വർഷം 9592 രൂപ കെട്ടിട നികുതി ചുമത്തി. വർഷങ്ങളായി ഉൽപാദനം നിലച്ചതിനാൽ വ്യാവസായികസ്ഥാപനമെന്ന നിലയിലുള്ള കെട്ടിടനികുതി ഇളവ് തരണമെന്ന് കാട്ടി ഇവർ പഞ്ചായത്തിന് അപേക്ഷ നൽകി. എന്നാൽ പഞ്ചായത്ത് നിരസിച്ചു. തുടർന്നാണ് താലൂക്കുതല അദാലത്തിൽ പരാതി നൽകിയത്. 

 

പരാതി കേട്ട മന്ത്രി സോമാബായിക്ക് സഹായകമായ നിർദ്ദേശവും നൽകി. അദാലത്തിൻ്റെ തീരുമാനം ഏറെ സഹായകമാണെന്ന് സോമാബായി പറഞ്ഞു

 

ഫോട്ടോ : മന്ത്രി റോഷി അഗസ്റ്റിനോട് നിസ്സഹായത പറയുന്ന മുൻ കരിമ്പു കർഷക സോമാബായി

 

date