സപ്ലൈകോ ക്രിസ്മസ് ഫെയറിനു തുടക്കമായി
സാമ്പത്തിക പ്രതിസന്ധിക്ക് ഇടയിലും സപ്ലൈകോ നടത്തുന്ന വിപണി ഇടപെടൽ പ്രവർത്തനങ്ങൾ സാധാരണക്കാർക്ക് ആശ്വാസമാണെന്ന് മേയർ അഡ്വക്കേറ്റ് എം അനിൽകുമാർ. ഡിസംബർ 21 മുതൽ 30 വരെ എറണാകുളത്തപ്പൻ ഗ്രൗണ്ടിൽ നടക്കുന്ന സപ്ലൈകോ ജില്ലാ ഫെയർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഓണം, ക്രിസ്മസ് തുടങ്ങി ആഘോഷവേളകളിൽ നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം തടയാനായി സർക്കാർ നടത്തുന്ന ബോധപൂർവ്വമായ ഇടപെടലിന്റെ ഭാഗമാണ് സപ്ലൈകോയുടെ പ്രവർത്തനങ്ങൾ. കോവിഡ് കാലത്തും പ്രളയ കാലത്തും മലയാളിക്ക് കൈത്താങ്ങായും, ഭക്ഷ്യക്കിറ്റ് എത്തിച്ചുകൊടുത്തും സപ്ലൈകോ നടത്തിയ പ്രവർത്തനങ്ങൾ സാമൂഹിക പ്രതിബദ്ധത തെളിയിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങിൽ ടി ജെ വിനോദ് എംഎൽഎ അധ്യക്ഷനായിരുന്നു.
പ്രായോഗികമായ പ്രയാസങ്ങൾക്കിടയിലും, 13 ഇന സബ്സിഡി സാധനങ്ങൾക്ക് പുറമേ, മറ്റു നിത്യോപയോഗ സാധനങ്ങളും വിലക്കുറവിൽ സപ്ലൈകോ ജില്ലാ ഫെയറിലൂടെ പൊതുജനങ്ങൾക്ക് നൽകുന്നത് സന്തോഷകരമാണെന്ന് അദ്ദേഹം പറഞ്ഞു.
ഏതു പ്രതിസന്ധിക്ക് ഇടയിലും സാധാരണക്കാരെ സഹായിക്കുക തന്നെ വേണം. വിലക്കയറ്റം കാര്യമായി ബാധിക്കുന്ന സാധാരണക്കാർക്ക് താങ്ങായി സപ്ലൈകോ പ്രവർത്തിക്കുന്നതിന് പ്രത്യേക അഭിനന്ദനങ്ങൾ അർഹിക്കുന്നു എന്ന് ആദ്യ വില്പന നിർവഹിച്ച ഹൈബി ഈഡൻ എം പി അഭിപ്രായപ്പെട്ടു.
നഗരസഭ കൗൺസിലർ പത്മജ എസ് മേനോൻ, എറണാകുളം ജില്ലാ സപ്ലൈ ഓഫീസർ ടി സഹീർ തുടങ്ങിയവർ സംസാരിച്ചു. സപ്ലൈകോ അഡീഷണൽ ജനറൽ മാനേജർമാരായ എം ആർ ദീപു, പി ടി സൂരജ് എന്നിവർ പങ്കെടുത്തു.
ക്രിസ്മസ് ഫ്ലാഷ് സെയിലും ബ്രാൻഡഡ് ഉൽപ്പന്നങ്ങൾക്ക് ഓഫറുകളും:--
സബ്സിഡി സാധനങ്ങൾക്ക് പുറമേ, ബ്രാൻഡഡ് നിത്യോപയോഗ സാധനങ്ങൾക്ക് അഞ്ചു മുതൽ 30 ശതമാനം വരെ വിലക്കുറവാണ് സപ്ലൈകോയിൽ നൽകുക.
സപ്ലൈകോയുടെ സ്വന്തം ബ്രാൻഡായ ശബരി ഉത്പന്നങ്ങൾക്കും പ്രത്യേക വിലക്കുറവ് നല്കും. ഒരു കിലോ ശബരി അപ്പംപൊടി , പുട്ടുപൊടി എന്നിവയ്ക്കും 100 ഗ്രാം ചിക്കൻ മസാല, മീറ്റ് മസാല എന്നിവയ്ക്കും 15 രൂപ വീതം വിലക്കുറവ് ലഭിക്കും.
വിപ്രോ, പ്രോക്ടർ& ഗാംപിൾ, കിച്ചൻ ട്രഷേഴ്സ്, ഐടിസി, കോൾഗേറ്റ്, കെപിഎം നമ്പൂതിരീസ്, റെക്കിറ്റ്, എലൈറ്റ്, ബ്രിട്ടാനിയ, ജ്യോതി ലാബ്സ്, , ടീം തായി തുടങ്ങിയ പ്രമുഖ കമ്പനികളുടെ നിത്യോപയോഗ ബ്രാൻഡഡ് ഉൽപ്പന്നങ്ങൾക്ക് പ്രത്യേക ഓഫറുകളും ക്രിസ്മസിനോട് അനുബന്ധിച്ച് നൽകുന്നു. 150ലധികം ഉൽപ്പന്നങ്ങൾക്കാണ് ഇത്തരത്തിൽ വൻ വിലക്കുറവും ഓഫറുകളും നൽകുന്നത്.
ജില്ല ഫെയറുകളിലും സൂപ്പർ മാർക്കറ്റുകളിലും 21 മുതൽ 30 വരെ ഉച്ചയ്ക്ക് രണ്ടര മുതൽ നാലുവരെ ഫ്ലാഷ് സെയിൽ നടത്തും. സബ്സിഡിയിതര ഉൽപ്പന്നങ്ങൾക്ക് നിലവിൽ നൽകുന്ന ഓഫറിനേക്കാൾ 10%വരെ അധിക വിലക്കുറവ് ഈ സമയത്ത് ലഭ്യമാകും.
രാവിലെ 10 മുതൽ വൈകിട്ട് എട്ടു വരെയാണ് ഫെയർ പ്രവർത്തിക്കുക.
- Log in to post comments