Skip to main content

മന്ത്രി രാജീവിന്റെ ഇടപെടൽ  സിന്ധുവിന് ആശ്വാസമായി, ലൈഫ് വീടിന് സർട്ടിഫിക്കറ്റ് 

 

ലൈഫ് ഭവനപദ്ധതി പ്രകാരം നിർമാണം പൂർത്തീകരിച്ച കുമ്പളങ്ങി സ്വദേശി സിന്ധു റോയി എട്ടുങ്കലിൻ്റെ
വീടിനു കെട്ടിട നമ്പർ അനുവദിച്ചു ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് നൽകാൻ കുമ്പളങ്ങി പഞ്ചായത്തു സെക്രട്ടറിക്കു കരുതലും കൈത്താങ്ങും അദാലത്തിൽ മന്ത്രി പി രാജീവ്‌ നിർദ്ദേശം നൽകി. 

ലൈഫ് പദ്ധതിപ്രകാരം നിർമിച്ചതും പഞ്ചായത്ത് അനുവദിച്ചതുമായ വീടാണെന്നതു പരിഗണിച്ച് ഇളവുകൾ നൽകി നമ്പർ നൽകാനാണു  മന്ത്രിയുടെ നിർദ്ദേശം. 
 
കുമ്പളങ്ങി ഗ്രാമപഞ്ചായത്തിലെ 4-ാം വാർഡിൽ 37.5 ച.മീ വിസ്‌തൃതിയിൽ ഗൃഹനിർമ്മാണത്തിനായി 2023 ജൂലൈ ഒന്നിന് സിന്ധുവിന് അനുമതി ലഭിച്ചതാണ്. ക്യാൻസർ രോഗിയായ സിന്ധു 15 വർഷമായി വാടകവീട്ടിലാണു കഴിയുന്നത്. സ്വന്തമായി ഉള്ള ഒന്നേമുക്കാൽ സ്ഥലത്ത് ലൈഫ് പദ്ധതി പ്രകാരമാണു വീട് നിർമാണം പൂർത്തിയാക്കിയത്. 
എന്നാൽ, നിർമാണം പൂർത്തിയാക്കി 2024 നവംബറിൽ ഉടമസ്ഥാവകാശ അപേക്ഷയോടൊപ്പം സമർപ്പിച്ച പൂർത്തീകരണ പ്ലാനിൽ പെർമിറ്റ് പ്ലാനിൽ നിന്നും വ്യത്യസ്‌തമായി , മുൻ വശം കുറഞ്ഞത് 1.20 മീറ്റർ തുറസ്സായ സ്ഥലം ആവശ്യമുള്ളിടത്ത് 0.64 മീറ്റർ മാത്രമാണ് ഉള്ളതെന്ന് പഞ്ചായത്ത് കണ്ടെത്തി. മുൻവശം ശരാശരി 1.80 മീറ്റർ തുറസ്സായ സ്ഥലം ആവശ്യമാണെന്നും കൂടാതെ നിയമാനുസൃത തുറസായ സ്ഥലം ഇല്ലാതെ കോണിപ്പടി സ്ഥാപിച്ചിട്ടുള്ളതായും പഞ്ചായത്ത് സാങ്കേതിക വിഭാഗം റിപ്പോർട്ട് ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണു പഞ്ചായത്ത് സർട്ടിഫിക്കറ്റ് നിഷേധിച്ചത്. എന്നാൽ,
അപേക്ഷക കാൻസർ രോഗിയാണെന്നതുകൂടി  അനുഭാവപൂർവം പരിഗണിച്ചു വേണ്ട നടപടികൾ സ്വീകരിക്കാനാണു മന്ത്രിയുടെ നിർദ്ദേശം.

date